എറണാകുളം പെരുമ്പാവൂരിൽ എം സി റോഡിലുള്ള ക്രിസ്ത്യൻ പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം.
എം സി റോഡിലുള്ള ക്രിസ്ത്യൻ പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിനു മുകളിൽ വാട്ടർ ടാങ്കിനു സമീപമാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളി ആണെന്നാണ് നിഗമനം.
മൃതദേഹത്തിന് ചുറ്റുമായി ലഹരി വസ്തുക്കൾ അടങ്ങിയ ഡപ്പികളും, സിഗരറ്റ് ലൈറ്ററും കണ്ടെത്തി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരുമ്പാവൂർ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടുത്ത കാലത്തായി അന്യ സംസ്ഥാന തൊഴിലാളികളായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നാണ് ഇതിൽ പലരുടെയും മരണം സംഭവിച്ചത്. കഴിഞ്ഞദിവസം പാലക്കാട്ട് താഴം പാലത്തിന് അടിയിലും, ഭായി കോളനിയിലും കണ്ട യുവാക്കളുടെ മൃതദേഹത്തിന് അരികിൽ നിന്നും സിറിഞ്ചുകളും മയക്കുമരുന്ന് ഡപ്പികളും കണ്ടെത്തിയിരുന്നു.