സിനിമാ മേഖലയിലെ തർക്കത്തിൽ നിർമ്മാതാക്കളായ ജി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും നിലപാടുകൾ വ്യക്തമാക്കിയതോടെ സംഘടനയ്ക്കുള്ളിൽ തന്നെ രണ്ടു ചേരിയായി. ആന്‍റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാലും രംഗത്തെത്തി.
ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ ഇന്ന് മാധ്യമങ്ങളെ കാണും. വിഷയത്തിൽ ലിസ്റ്റിന്‍റെ നിലപാട് നിർണായകമാണ്. സിനിമാ നിർമാതാക്കളുടെ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പിന്തുണ സുരേഷ് കുമാറിനാണ്.
സുരേഷ് കുമാറിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്‍റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും ഒരു വിഭാഗം നിർമ്മാതാക്കൾ കുറ്റപ്പെടുത്തി.
ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ മോഹൻലാലെത്തിയത് അപ്രതീക്ഷിതമായിരുന്നു. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടന്മാരായ പൃഥ്വിരാജും, അജു വര്‍ഗീസും, ഉണ്ണി മുകുന്ദനും, ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സിനിമാ സമരം പ്രഖ്യാപിക്കാൻ ജി സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന ആൻറണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് മറുപടിയായി വിശദമായ ഒരു വാർത്ത കുറിപ്പ് സംഘടന പുറത്തിറക്കിയിരുന്നു. സംഘടനാ കാര്യങ്ങൾ സുരേഷ് കുമാർ പരസ്യമായി പറഞ്ഞത് ഭരണസമിതിയെടുത്ത തീരുമാനപ്രകാരമാണ്.
പ്രസിഡൻറ് ആൻ്റോ ജോസഫ് അവധിയിലായതിനാലാണ് ചുമതല വൈസ് പ്രസിഡണ്ട് മാരായ സുരേഷ് കുമാറും സിയാദ് കോക്കറും ചേർന്ന് നിർവഹിച്ചത്. യോഗത്തിന് ആൻറണി പെരുമ്പാവൂരിനെ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കാൻ തയ്യാറായില്ല. യോഗത്തിൽ പങ്കെടുക്കാതെ പരസ്യ നിലപാട് സ്വീകരിച്ചത് അനുചിതമാണ്. സംഘടനയ്ക്കെതിരായും വ്യക്തിപരമായും ഉള്ള നീക്കങ്ങൾ പ്രതിരോധിക്കുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു