കൊച്ചി :-ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍ പ്രദർശനം ആരംഭിച്ചു. അതിരാവിലെ തന്നെ തിയറ്ററുകളിൽ എത്തിയ ആരാധകർ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ തിയറ്റർ പരിസരം പൂരപ്പറമ്പാക്കിയുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ എത്തി.
ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്. അതേസമയം തീയേറ്ററുകളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് തിരുവനന്തപുരം നഗരത്തിലടക്കമുള്ള തിയറ്ററുകളിൽ പൊലീസ് സുരക്ഷാ ഏർപ്പെടുത്തിയിരുന്നു.
മോളിവുഡിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ സിനിമയായാണ് എമ്പുരാന്‍ വിലയിരുത്തപ്പെടുന്നത്. അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്‍റെ വരവിനായി ആരാധകർ കാത്തിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഖുറേഷി- അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഇന്റര്‍നാഷണല്‍ അപ്പീലാണ്.