രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ റെയില്‍വേ പാലം രാമനവമി ദിനമായ ഏപ്രില്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
രാമേശ്വരം ദ്വീപിനെ മണ്ഡപം വഴി തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ പാലമാണിത്. ഒരു നൂറ്റാണ്ടിലേറെയായി തകര്‍ന്നു കിടക്കുകയായിരുന്നു പാമ്പന്‍ പാലം. 2022 മുതല്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചിരുന്നു.
2019ലാണ് പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഏകദേശം 550 കോടിരൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയത്. ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകളുടെ പരീക്ഷണയോട്ടവും നടത്തിയിരുന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിംഗും റെയില്‍വേയിലെ മറ്റ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ വെച്ച് ഏപ്രില്‍ ആറിന് പുതിയ പാമ്പന്‍ റെയില്‍വേ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.