കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2025 മാര്‍ച്ച് 28 വെള്ളിയാഴ്ച കനേഡിയന്‍ സംവിധായകന്‍ ഡേവിഡ് ക്രോനന്‍ബെര്‍ഗിന്റെ ‘കോസ്‌മോപോളിസ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2012ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണിത്. ആ വര്‍ഷമിറങ്ങിയ ലോകത്തെ മികച്ച രണ്ടാമത്തെ ചിത്രമായി ഫ്രഞ്ച് മാസിക കയേ ദു സിനിമയും എട്ടാമത്തെ മികച്ച ചിത്രമായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും ഈ സിനിമയെ തെരഞ്ഞെടുത്തിരുന്നു.
ഡൊണാള്‍ഡ് ഡി ലില്‌ളോയുടെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.
തന്റെ പിതാവിന്റെ ബാര്‍ബറുടെ അടുത്തുപോയി മുടിവെട്ടാന്‍ ആഡംബര ലിമോസിന്‍ കാറില്‍ മന്‍ഹട്ടനിലൂടെ സഞ്ചരിക്കുന്ന 28കാരനായ യുവ കോടീശ്വരന്‍ തന്റെ ബിസിനസ് സാമ്രാജ്യം പതനത്തിന്റെ വക്കിലാണെന്നു തിരിച്ചറിയുന്നു.
ഊഹക്കച്ചവടത്തില്‍ അയാളുടെ സമ്പാദ്യത്തിന്റെ ബഹുഭൂരിപക്ഷവും നഷ്ടപ്പെടുകയാണ്. മുതലാളിത്തം, ധനം, മനുഷ്യമനസ്സിന്റെയും ശരീരത്തിന്റെയും സങ്കീര്‍ണതകള്‍ എന്നിവയെ സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങളുന്നയിക്കുന്ന ചിത്രമാണിത്. 109 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.