അല്‍ഫാം, ഷവര്‍മ, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ മയോണൈസ് കൂടി ഉണ്ടായാലേ ഭക്ഷണ പ്രേമികള്‍ക്ക് ഒരു തൃപ്തി വരൂ. ഭക്ഷ്യവിഷബാധയില്‍ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്.
മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാല്‍മൊണല്ല’ വൈറസുകള്‍ക്ക് കാരണമാകും. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകള്‍ക്കും കാരണമാകും. അത് കൂടാതെ മയോണൈസില്‍ കലോറി കൂടുതലാണ്. അത് കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും.
സാധാരണ ഊഷ്മാവില്‍ അധികസമയം തുറന്നു വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങള്‍ക്കിടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിന്റെ ആയുസ്സ്. എന്നാല്‍, കടകളില്‍ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്.
ഷവര്‍മയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കള്‍ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി മൂന്നോ നാലോ മണിക്കൂര്‍ പുറത്ത് വച്ച് കേടായതിനുശേഷം ഫ്രീസറില്‍ വച്ച് വീണ്ടും ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും.