ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്.സ്ഥാനാരോഹണ ചടങ്ങുകൾ കേരളത്തിലെ വിശ്വാസി സമൂഹം പ്രാർഥനയോടെയാണ് വീക്ഷിച്ചത്.
എറണാകുളം കരിങ്ങാച്ചിറ സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ രണ്ടു വലിയ സ്ക്രീനുകളാണ് ലബനനിലെ ചടങ്ങുകൾ തൽസമയം കാണാനായി ഒരുക്കിയിരുന്നത്.
യാക്കോബായ സഭയുടെ പുരാതന ദേവാലയങ്ങളിൽ പ്രധാന പള്ളിയാണ് എറണാകുളം കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ കത്തീഡ്രൽ. കാതോലിക്ക ബാവയായി സ്ഥാനമേറ്റ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ഏറെ ആത്മബന്ധമുള്ള ദേവാലയം.
പ്രധാന ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ഹാളുകളിലാണ് ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾ ബിഗ് സ്ക്രീനിൽ തൽസമയം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
എട്ടു മണിയോടെ നിരവധി വിശ്വാസികൾ പള്ളിയിൽ എത്തി. മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ച ശേഷം കത്തീഡ്രൽ ഇടവക വൈദികർക്കൊപ്പം എല്ലാവരും ചടങ്ങ് വീക്ഷിച്ചു. യാക്കോബായ സഭയ്ക്കും കരിങ്ങാച്ചിറ കത്തീഡ്രൽ ഇടവകയ്ക്കും ഇത് സന്തോഷത്തിൻ്റെ സമയമാണെന്ന് വൈദികരായ റിജോയും ടിജോയും പറഞ്ഞു
ഇന്ത്യൻ സമയം 9.50 ഓടെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്ക ബാവയായി വാഴിച്ചു കൊണ്ടുള്ള പ്രഖ്യാപനം. തുടർന്ന് പള്ളി മണികൾ മുഴങ്ങി. ആഹ്ലാദം നാടിനെ അറിയിക്കാൻ കരിമരുന്നു പ്രയോഗം. മധുരം വിതരണം ചെയ്ത് വിശ്വാസികൾ സന്തോഷം പങ്കിട്ടു. ഞായറാഴ്ച വൈകിട്ട് പുത്തൻ കുരിശ് പാത്രിയർക്ക സെൻ്ററിൽ നടക്കുന്ന ചടങ്ങോടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർണമാകും.