റോം/ ലോസ് ഏഞ്ചൽസ്: ഫ്രാൻസിസ് മാർപാപ്പ “കർത്താവിൻ്റെ പ്രാർത്ഥന” ( Our Father in Heaven) എന്ന അന്തർദേശീയ ആത്മീയ ഗാനം, ഇറ്റലിയിലെ റോമിൽ വെച്ച് പ്രകാശനം ചെയ്തു. ‘സർവേശ’ എന്ന പേരിൽ സംസ്‌കൃതത്തിലുള്ള ഈ ഗാനത്തിൻ്റെ വരികൾ ‘ക്രിസ്തുഭാഗവതം’ എന്ന ക്ളാസിക് കാവ്യത്തിൻ്റെ രചയിതാവായ മഹാകവി പി സി ദേവസ്യയുടേതാണ്.
സംഗീതം ഒരുക്കിയത് ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയും ശ്രീ. മനോജ് ജോർ ജും. പാശ്ചാത്യ ക്ലാസിക്കൽ ശൈലിയിൽ കർണാടക രാഗമായ ‘നടഭൈരവി’യുടെ മനോഹരമായ മിശ്രിതമാണിത്. പാടിയത് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസും,, ഫാ. പോൾ പൂവത്തിങ്കലും ; ഒപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും, സംഗീത കോറസ് അംഗങ്ങളും.
ലോസ് ഏഞ്ചൽസ് ചേംബർ ഓർക്കസ്ട്ര ഹോളിവുഡ് യുഎസ്എ, മനോജ് ജോർജ് & രാകേഷ് ചൗരസ്യ (മുംബൈ) എന്നിവർ ഓർക്കസ്ട്ര ചെയ്തു. മാറ്റ് ബ്രൗൺലി (ഹോളിവുഡ്), ലൂക്ക് ബൗലോക്ക് (ഫ്ലോറിഡ), സജി ആർ നായർ & അഫ്താബ് ഖാൻ (മുംബൈ) എന്നീ വിദഗ്ദ്ധർ റിക്കോഡിങ്ങ് നിർവഹിച്ചു. മൂന്നു തവണ ഗ്രാമി അവാഡ് ജേതാവായ പ്രശസ്ത സംഗീത സംവിധായകൻ റിക്കി കെജ് ആണ് ” സർവേശ” ആൽബത്തിൻ്റെ സഹ നിർമാതാവ്.
ഒട്ടിസം, സെറിബ്രൽ പാൾസി, മാനസ്സിക വിഭിന്നശേഷി എന്നീ അവസ്ഥകളുള്ള കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നതിനുള്ള, ന്യൂറോളകജിക് മ്യൂസിക് തെറപ്പിയുടെ ഭാഗമായി, തൃശൂർ ചേതന ഗാനാശ്രമം നിർമ്മിച്ചതാണ് ഈ ഗാനോപഹാരം.
കടമറ്റത്തു കത്തനാരോ, പാടും പാതിരിയോ:
ഫാ. പോൾ പൂവത്തിങ്കൽ !
(പി ഡി ജോർജ് നടവയൽ)
ആരുടേതെന്ന് അറിയാതെ ആ പാട്ടൊന്നു കേട്ടാൽ,
യേശു ദാസിൻ്റേതെന്ന് തോന്നാം.
ആരാണെന്നറിയാതെ ദൂരെ നിന്നു സ്റ്റേജിൽ കണ്ടാൽ,
അതു കടമറ്റത്തു കത്തനാരോ എന്നും തോന്നാം.
നേരിട്ട് കേട്ടും കണ്ടും അറിയുമ്പോൾ,
അത് പാടും പാതിരി ഫാ. പോൾ പൂവത്തിങ്കൽ എന്ന് അത്ഭുതം കൂറാനാവും.
മാന്ത്രിക ഗാനാലാപ ശൈലികളുമായി,
ഒരു ക്രൈസ്തവ വൈദികൻ, ആസ്വാദകരെ,
ഭാരതീയ സംഗീത ഹിമാലയ സാനുക്കളിലൂടെ,
ഗംഗാ പ്രവാഹങ്ങളിലൂടെ,
ത്രിവേണീ സംഗമങ്ങളിലൂടെ,
പമ്പയാറൊഴുകുന്ന പോലെ,
മലയാറ്റൂർ മലയും കേറി,
കടലിനക്കരകളും കടന്ന്,
ഈരേഴു പതിനാലു ലോകങ്ങളെയും കാട്ടിത്തന്ന്,
അസ്വാദക വൃന്ദങ്ങളെ ആറാട്ടുകയാണ്: