ടാമ്പാ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ ആഭിമുഖ്യത്തിൽ മാർച്ച് 22-ന് ശനിയാഴ്ച ടാമ്പായിലെ ക്നനായി തൊമ്മൻ ഹാളിൽ വച്ച് നടത്തപ്പെട്ട കാർഷിക മേള (TEAM MAT 2025), വൻപിച്ച ജനപങ്കാളിത്തം കൊണ്ട് ഒരു മഹാ മേളയായി.
അസോസിയേഷൻ്റെ എല്ലാ കമ്മിറ്റി മെമ്പേഴ്‌സിന്റേയും ആത്മാർത്ഥമായ സഹകരണവും, പരിശ്രമവും കൊണ്ടാണ് ഈ സംരംഭം ഇത്ര വലിയ വിജയമാക്കിത്തീർക്കാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ തൻ്റെ ആമുഖ പ്രസംഗത്തിൽ പരാമർശിച്ചു.
ഒൻപതു മണിയായപ്പോൾ തന്നെ ക്‌നായി തൊമ്മൻ ഹാളിൻ്റെ വിശാലമായ ഗ്രൗണ്ടിൽ, സണ്ണി മറ്റമനയുടെ നേഴ്‌സറിയിൽ നിന്നുമെത്തിച്ച ഫലവൃക്ഷത്തൈകളും, പൂച്ചെടികളും വിതരണത്തിനായി സജ്ജീകരിച്ചുകഴിഞ്ഞു.
പത്തുമണിയോടുകൂടി നാടൻ വിഭവങ്ങളടങ്ങിയ തട്ടുകടയും തയ്യാറായി. ദോശ, ഇഡ്ഡലി, സാമ്പാർ, ഓംലെറ്റ്, കപ്പ, മീൻകറി, ചപ്പാത്തി, ചിക്കൻകറി തുടങ്ങിയ വിഭവങ്ങൾ ചൂടോടെ തയ്യാറിക്കി നൽകിയത് ആസ്വാദ്യകരമായി.
വിവിധയിനം മാവിൻതൈകളും, പച്ചക്കറി വിത്തുകളും, മനോഹാരിതയാർന്ന പൂച്ചെടികളും സ്വന്തമാക്കാൻ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം മലയാളികൾ എത്തിയതോടുകൂടി കാർഷിക മേള ഒരു സൗഹൃദ സംഗമവേദിയായി.
ഫലവൃക്ഷത്തൈകൾ എത്തിച്ച സണ്ണി മറ്റമന, ബിഷിൻ ജോസഫ്, കാർഷിക മേള നടത്തുവാനുള്ള സ്ഥലം സൗജന്യമായി നൽകിയ ജോസ് കിഴക്കനടിയിൽ, വുമൺസ് ഫോറം ചെയർ ഷീരാ ഭഗവത്തുള്ള, ബാബു പോൾ, ശ്രീധ, ബാബു തുണ്ടശേരി, മാത്യു മുണ്ടിയങ്കൽ, ജിജോ, സുനിത ഫ്ളവർഹിൽ, ഷൈനി, സണ്ണി ഡോണൽ തുടങ്ങി ഈ സംരംഭത്തിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കുമുള്ള നന്ദി പ്രസിഡൻ്റ് ജോൺ കല്ലോലിക്കൽ, സെക്രട്ടറി അനഘ വാര്യർ, ട്രഷറർ ബാബു പോൾ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.