തൊഴിൽ ബന്ധങ്ങളിലെ ദൈവീക സാന്നിദ്ധ്യം
( രൂത്ത് 2:1-4)
” അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടു കൂടെ ഇരിക്കട്ടെയെന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെയെന്ന് അവർ അവനോടും പറഞ്ഞു” (വാ. 4)
തൊഴിലാളി മുതലാളി ബന്ധങ്ങളെക്കുറിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകളാണ്,സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ വെളിപ്പെടുത്താറുള്ളത്. മുതലാളിയെ, തൊഴിലാളി ചൂഷകനായാണ് മാർക്സിസം കണക്കാക്കുക.അതുപോലെ, തൊഴിലാളിയെ, മുതലാളി വിരുദ്ധനായാണ്, മുതലാളിത്ത വ്യവസ്ഥിതിയിൽ പൊതുവേ കണക്കാക്കുക. എന്നാൽ, ധ്യാന ഭാഗം നമുക്കു നൽകുന്ന ചിത്രം തികച്ചും വ്യത്യസ്ഥമാണ്. ദൈവീകതയിൽ അടിസ്ഥാനപ്പെട്ടഒരു തൊഴിലാളി, മുതലാളിബന്ധമാണു നാമിവിടെ ദർശിക്കുന്നത്. തൊഴിലാളികളോട്, അധികാരത്തിന്റെയോ,
കാർക്കശ്യത്തിന്റെയോ ഭാഷയിലല്ല ബോവസ് സംസാരിക്കുന്നത്. പ്രത്യുത, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, കരുതലിന്റെയും ഭാഷയാണു ഉപയോഗിക്കുന്നത്. തൊലിലാളികളുടെ പ്രതികരണവും സമാനമാണ്.
സമ്പത്തും, ഭൂമിയുമെല്ലാം യഹോവയുടേതാണെന്നും, തൊഴിലാളികളും, തന്നേപ്പോലെ ദൈവത്തിന്റെ മക്കളാണെന്നും ബോവസ് തിരിച്ചറിഞ്ഞിരുന്നു. തൊഴിലാളികൾ ബോവസിനെ കണ്ടിരുന്നതും, ‘ചൂഷകൻ ‘എന്ന തലത്തിലല്ല, തങ്ങളുടെ സഹോദരനും അഭ്യൂദയകാംക്ഷിയുമെന്ന തലത്തിലായിരുന്നു. അവരുടെ അഭിവാദനത്തിന്റെയും, പ്രത്യഭിവാദനത്തിന്റെയും ഊഷ്മളത അതു വെളിപ്പെടുത്തുന്നു. ബോവസ്, ദൈവത്തെ തന്റെ സമ്പത്തിൽ നിന്നും ജീവിതായോധന മേഖലകളിൽ നിന്നും മാറ്റി നിർത്തിയിരുന്നില്ല.അവന്റെ കൃഷിയിലും, അദ്ധ്വാനങ്ങളിലും, തൊഴിൽ ബന്ധങ്ങളിലുമെല്ലാം,ദൈവം നിറഞ്ഞു നിന്നിരുന്നു. നാം ബോവസിൽ നിന്നും പഠിക്കേണ്ട മഹത്തായ ഒരു പാഠമാണത്.
ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനും,എല്ലാ മേഖലകളും ദൈവത്തിനു വിധേയപ്പെട്ടതാണെന്നു കരുതുവാനും, കഴിയുകയാണു ശരിയായ വേദപുസ്തകസമീപനം. ആത്മീയം, ലൗകികമെന്ന വേർതിരിവു കൂടാതെ ജീവിതത്തെയും അതിന്റെ വ്യാപാര മേഖലകളെയും ഒന്നായി കാണാനാകുക; ദൈവമാണു സകലത്തിന്റെയും ഉടമ, മനുഷ്യർ ദൈവത്താൽ നിയോഗിതരായിരിക്കുന്ന കാര്യവിചാരകർ മാത്രമെന്നു കരുതുക; എല്ലാം എല്ലാവർക്കും വേണ്ടിയുള്ളത്; എല്ലാവരും തങ്ങളുടെ കടമകൾ,
ദൈവാധികാരത്തിനു വിധേയപ്പെട്ടു നിർവ്വഹിക്കുന്നവർ മാത്രം; ഇപ്രകാരമുളള കാഴ്ചപ്പാടുകൾ നിലനിൽക്കുന്നിടത്തു മാത്രമേ, ധ്യാനഭാഗത്തു പ്രകടിപ്പിക്കുന്നതു പോലെ, ബന്ധങ്ങൾ ഉഷ്മളമായിരിക്കൂ; ഹൃദ്യമായിരിക്കൂ. അവിടെ ബന്ധങ്ങൾ പാരസ്പര്യത്തിൽ അധിഷ്ഠിതവും സ്നേഹത്തിൽ അടിസ്ഥാനപ്പെട്ടതുമായിരിക്കും. നമ്മെയും നമ്മുടെ ബന്ധങ്ങളേയും നയിക്കുന്നത്, ഈദൃശ്യ ചിന്തകളായിരുന്നുവെങ്കിൽ, അവിടെ ദൈവരാജ്യത്തിന്റെ അനുഭവം രൂപപ്പെടുമായിരുന്നു.
ചിന്തയ്ക്ക്: ദൈവം എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി കനിഞ്ഞു നൽകിയിരിക്കുന്ന സമ്പത്തിന്റെ കാര്യ വിചാരകർ മാത്രമാണു മനുഷ്യർ!