മ്യാൻമറിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് 12.50ഓടെ മ്യാൻമറിലുണ്ടായത്. പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. 15 ലക്ഷം ജനസംഖ്യയുള്ള ഇവിടം മ്യാൻമറിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ്. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.
തായ്ലാൻഡിലും പ്രകമ്പനമുണ്ടായി. ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. തായ്‍ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി അടിയന്തര യോഗം വിളിച്ചു. ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നു. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം നിലം പതിക്കുന്നതിന്റെയും വീടുകളും മറ്റും തകർന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബാങ്കോക്കിൽ മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന അംബരചുംബിയായ കെട്ടിടം തകർന്നുവീണ് 43 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മ്യാൻമറിലുണ്ടായ വൻ ഭൂകമ്പങ്ങളുടെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. മേഘാലയയിലെ ഈസ്റ്റ് ഗാരോ കുന്നുകളിൽ ഭൂകമ്പം ഉണ്ടായി.