ഒഡിഷയിലെ കട്ടക്കില്‍ യാത്രാ ടെയ്രിനിന്‍റെ 11 ബോഗികള്‍ പാളം തെറ്റി ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റയില്‍വേ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഉച്ചയോടെ പാളം തെറ്റിയത്. കട്ടക് നെര്‍ഗുണ്ടി റയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
എന്‍ഡിആര്‍എഫും അഗ്നിശമന വിഭാഗവും അപകട സ്ഥലത്തേക്ക് കുതിച്ചെത്തി. ചികില്‍സാ സൗകര്യങ്ങളും ഭക്ഷണപൊതികളുമായി ഒരു ട്രെയിന്‍ അപകട സ്ഥലത്ത് എത്തിച്ചു. യാത്രക്കാര്‍ക്ക് പകരം ട്രെയിനും ഏര്‍പ്പെടുത്തി. റയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും അസമില്‍നിന്നുള്ളവരാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.