മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. 70 പേരെ കാണാതായതായി വിവരമുണ്ട്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു. മ്യാൻമറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിലെ കെട്ടിടങ്ങളും തകർന്നടിഞ്ഞു. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായി റിപ്പോർട്ടുകളുണ്ട്. സാഗയിംഗ് നഗരത്തിന് 16 കിലോമീറ്റർ (10 മൈൽ) വടക്കു പടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത് ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. മ്യാൻമറിലെ ഭൂചലനത്തിന് തൊട്ടുപിന്നാലെ വടക്കൻ തായ്‌ലൻഡിലും ബാങ്കോക്കിലും 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമർ ഭൂകമ്പത്തിന്റെ പ്രകമ്പനം വിയറ്റ്നാമിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും മണിപ്പൂരിലെ ഇംഫാലിലും നേരിയ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിൽ നഗരത്തിൽ നാശനഷ്ടമോ ജീവഹാനിയോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മ്യാൻമറിൽ ഭൂകമ്പങ്ങൾ താരതമ്യേന സാധാരണമാണ്. 1930 നും 1956 നും ഇടയിൽ, രാജ്യത്തിന്റെ മധ്യഭാഗത്ത് വടക്ക് നിന്ന് തെക്കോട്ട് വ്യാപിക്കുന്ന സാഗയിംഗ് ഫോൾട്ടിന് സമീപം 7.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ആറ് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായതായി യുഎസ്ജിഎസ് പറയുന്നു.
മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തി.എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാന മന്ത്രി എക്സിൽ കുറിച്ചു. മ്യാൻമറിലേയും തായ്‌ലൻഡിലെയും സർക്കാർ അധികൃതരുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദേശം നൽകിയെന്നും മോദി പറഞ്ഞു.