നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറി ഹമാസ്.
ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ്. ഇസ്രായേലിന്റെ ഗസ്സ ബോംബിങ്ങില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെയും അവരുടെ രണ്ട് കുട്ടികളുടെയും 83 വയസ്സുള്ള ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. 2023 ഒക്ടോബറിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണിവര്‍.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ വെച്ച് പ്രത്യേകം തയാറാക്കിയ വേദിയില്‍ വെച്ചാണ് മൃതദേഹങ്ങള്‍ ഐസിആര്‍സിക്ക് കൈമാറിയത്. അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ നാല് സൈനികര്‍ വേദിയില്‍ നിന്ന് നാല് ശവപ്പെട്ടികള്‍ ഓരോന്നായി റെഡ് ക്രോസിന്റെ വാഹനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.
വേദിയിലെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ ബാനറില്‍ മുഖത്ത് പല്ലുകളും രക്തവും ഉള്ള രാക്ഷസ രൂപത്തിലുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചിത്രവും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അടക്കം ചിത്രങ്ങളുമുണ്ടായിരുന്നു. ‘ക്രിമിനല്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ നാസി സൈന്യവും ബോംബുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ച് ഇവരെ കൊന്നത്’ .