മയാമി: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ച് രണ്ട് ഇസ്രായേലികള്‍ക്കു നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റില്‍.
ഇസ്രായേലില്‍ നിന്നു വിനോദ സഞ്ചാരികളായി എത്തിയ അച്ഛനും മകനും നേരെ മയാമി ബീച്ചില്‍ വച്ച് 17 തവണ വെടിവെച്ച മൊർദെചായ് ബ്രാഫ്മാൻ (27) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂതമത വിശ്വാസിയായ പ്രതി, ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ചാണ് ഇസ്രായേലി പൗരന്മാർക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
തന്റെ ട്രക്ക് ഓടിച്ചു വരുന്നതിനിടെ ബ്രാഫ്മാൻ മയാമി ബീച്ചിനു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന വിദേശികള്‍ക്കു നേരെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ‘രണ്ട് ഫലസ്തീനികളെ കണ്ടപ്പോള്‍ അവരെ വെടിവെച്ചു കൊന്നു’ എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍, ഒരാള്‍ക്ക് ഇടതുചുമലില്‍ വെടിയേല്‍ക്കുകയും മറ്റൊരാളുടെ ഇടതു കൈപ്പത്തിയിലൂടെ വെടിയുണ്ട തുളച്ചു കയറുകയുമാണ് ചെയ്തതെന്നും ഇവരുടെ ജീവന് അപായമില്ലെന്നും അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മയാമി ബീച്ചിനു സമീപം പ്രകോപനമില്ലാതെ നടന്ന അക്രമത്തില്‍ ബ്രാഫ്മാനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ മുൻപരിചയമില്ലെന്ന് വെടിയേറ്റവർ മൊഴി നല്‍കിയിട്ടുണ്ട്.