വീണ്ടും…
ഞാൻ നിന്നിൽ
ഓർമ്മയായെന്നും
മടങ്ങിയെത്താമെന്നും
വാക്കു നൽകി
മഴ പിന്നെയും
യാത്രയായി…
ഉമ്മറപ്പടിയിൽ
കണ്ണു ചിമ്മാതെ
ഞാനിന്നും മൗനമായത്
നോക്കിനിന്നു…
അതെ…
മഴയും നീയും
ഒരുപോലെയാണ്.,
എന്നിൽ നൊമ്പരത്തിന്റെ
അവശേഷിപ്പുകൾ
ബാക്കിയാക്കി
ഒരു പുഞ്ചിരിയോടെ
പിൻനോട്ടമില്ലാതെ
യാത്രയാകും.
നിന്റെ മൗനത്തിന്റെ
പ്രഹരമേറ്റ്
ഒറ്റത്തുരുത്തിന്റെ
തീരങ്ങളിൽ
എന്നിലെ വാക്കുകൾ
ചിന്നിച്ചിതറും.
വേനലിൽ
മണ്ണിനെ ചുംബിച്ച
ഇലകളെ.,
വേരുകളിലാവാഹിച്ച്
പച്ചപ്പ് തീർത്ത്
വസന്തത്തെ കാത്തിരിക്കുന്ന
ഒറ്റമരത്തെ പോലെ.,
നീയെന്ന വസന്തത്തിന്റെ
വരവിനായ്
എന്നിലെ കവിത
വീണ്ടുമൊരു മഴയെ
കാത്തിരിക്കും.