അകലെത്താഴിയി,ലുയരെത്തെളിയും
അമ്പിളി പോലെ…
ദൂരത്തെങ്ങോ തെളിയുമാ ദീപം
തീരത്തേക്കു ക്ഷണിപ്പൂ, രാവിൽ
തോണിക്കാരൻ എന്നെ!
ആഴിയിലിരുളിൽ കരയണയാൻ
ആശ്രയമെന്നും നീയല്ലോ
ഇരുളിൽ തിരകൾ കീറിമുറിപ്പാൻ
ഒളിയേകുവതും നീയല്ലോ,യെൻ
രക്ഷാദീപവും നീ തന്നെ!
ആഴിത്തിരകൾ താണ്ടിത്തളരും
തോണിക്കാരൻ ഞാൻ, നിത്യം
ജീവിതമാർഗ്ഗം തേടിപ്പോകും
ധീവരനല്ലോ ഞാൻ!
ദൂരത്താഴിയിൽ വലയും നേരം
ചാരത്തെത്തും നിൻപ്രഭ രാവിൽ
തീരം കാണാതലയുന്നവരുടെ
ആശ്രയദീപം നീയൊന്നേ!
ദിക്കറിയാതുഴലുന്നോർക്കായ്
ദിക്കതു കാട്ടും തെളിവിളക്കേ…
തളരാതാഴിയിൽ തുഴയെറിയാൻ
തുണയേകുവതും നീയല്ലേ!
എന്നും പൊന്നൊളിവീശിജ്വലിച്ച്
പുഞ്ചിരിയേകും ഞങ്ങൾക്കായ്
നാളെയുമിനി നീ തെളിയുകയില്ലേ
ഉഴലും മക്കൾക്കൊളിയേകാൻ!
ധരണിയിൽ ജീവിതസരണിയിലലയും
മാനവനാശ്രയ,മേകുവതാരോ?
ഇല്ലേ,അതിനൊരു ഉത്തരമേകാൻ
ഊഴിയിലാരുമേ ഇല്ലെന്നോ?
രാജൻ രാജധാനി
മികച്ച രചന:
(സംസ്‌കൃതി & ആർഷഭാരതി)