കോഴിക്കോട്:- എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസിൽ ഏൽപിച്ചത്. പോക്സോ കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ. ഒൻപതു മാസത്തോളം ജയിൽ വാസമനുഭവിച്ചശേഷം ജാമ്യത്തിലിറങ്ങി ഹാജരാകതെ ഒളിവിൽ നടക്കുന്നതിനിടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിനാൽ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴാണ് കഴുത്തിൽ ബ്ളെയ്ഡ് വച്ച് രാഹുൽ ആത്മഹത്യ ഭീഷണി മുഴക്കിയത്.പിന്നീട് പൊലീസ് ഇയാളെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരിക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും രാഹുൽ മുൻപും മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഇയാൾക്ക് കോഴിക്കോട്,താമരശ്ശേരി,കൂരാച്ചുണ്ട്, പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്കൂൾകാലത്തെ കൂട്ടുകെട്ട് ലഹരിക്കടിമയാക്കിയ രാഹുൽ പണം നൽകണമെന്നാവശ്യപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നതും വീട്ടുകാരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഇത് സഹിക്കാനാകാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയകതെന്ന് അമ്മ മിനി പറഞ്ഞു.ഇയാളുടെ ഭാര്യ വിവാഹ മോചനക്കേസ് ഫയൽചെയ്തിരിക്കുകയാണ്