തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനിക്കുന്നെന്ന് നടൻ മോഹൻലാൽ. 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ് കേരള നിക്ഷേപക സംഗമത്തിന് ആശംസയർപ്പിച്ച് പങ്കിട്ട വീഡിയോയിലാണ് മോഹൻലാൽ കേരളം കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ചത്.
നിക്ഷേപക സംഗമത്തിന് ആശംസയർപ്പിച്ച് മമ്മൂട്ടിയും വീഡിയോ പങ്കുവെച്ചിരുന്നു. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവവിഭവശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും നമ്മുടെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ചെയ്യാൻ കഴിയുന്ന കൂടുതൽ വ്യവസായങ്ങൾ ഇവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം:
ഞാൻ സ്വപ്‌നം കാണാറുള്ള ഒരു കേരളം, നിറയേ വ്യവസായങ്ങൾ, അതിൽ ജോലി ചെയ്യുന്ന നമ്മുടെ യുവതയും ഒക്കെയുള്ള ഒരു കേരളമാണ്. കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്കൊന്നിച്ച് നമ്മുടെ കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം. ഫെബ്രുവരി 21,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷപ സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.”