കോഴിക്കോട്: അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്കാര ലബ്ധിയുടെ നിറവിൽ കുഞ്ഞു കവയിത്രി ആഗ്ന യാമി. നിരവധി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മുക്കം നടുകിൽ വാഴക്കുളങ്ങര വീട്ടിൽ ആഗ്നയാമി (7) യാണ് ഉജ്ജ്വല ബാല്യം പുരസ്കാരം കരസ്ഥമാക്കിയത്. ജില്ലയിൽ നിന്ന് 6-11 പ്രായപരിധിയിൽ പൊതുവിഭാഗ(സാഹിത്യം)ത്തിലാണ് ആഗ്നയാമിയുടെ ഈ നേട്ടം
യു.കെ.ജി ക്ലാസിൽ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ആഗ്നയാമി, ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരങ്ങൾക്ക് ഉടമയായിരുന്നു. പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച വർണ്ണപ്പട്ടം’ എന്ന പുസ്തകത്തിലെ മുപ്പത് കവിതകൾക്കും ചിത്രവർണന നടത്തിയതും പുസ്തകത്തിന്റെ കവർചിത്രത്തിന് ആധാരമായ ചിത്രം വരച്ചതും ആഗ്ന യാമി തന്നെയായിരുന്നു. പിന്നീട് ഒന്നാം ക്ലാസിൽ പഠിക്കവെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രസിദ്ധീകരണത്തിൽ ‘പെൻസിലും ജലറാണിയും’ എന്ന പേരിൽ ആഗ്നയാമിയുടെ പ്രഥമ കഥാസമാഹാരവും പുറത്തിറങ്ങി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരമായിരുന്നു ആഗ്ന യാമിയെ ആദ്യം തേടിയെത്തിയ ബഹുമതി. തൊട്ടുപിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ അംഗീകാരം ലഭിച്ചു. പിന്നീടാണ് ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും, ലണ്ടൻ ആസ്ഥാനമായുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെയും അംഗീകാരം ലഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകിവരുന്ന ഇന്ത്യ റീഡിങ് ഒളിംപ്യാഡ് അവാർഡി(ഐ ആം ബോണ്ട് അണ്ടർ 18) ന് 2014-ൽ അർഹയായത് ആഗ്ന യാമി ആയിരുന്നു.
നിലവിൽ പതിനാലോളം ഭാഷകൾ വായിക്കാൻ ആഗ്നയാമിയ്ക്ക് സാധിക്കും. കഴിഞ്ഞ വേനലവധിക്കാലത്ത് യൂട്യൂബ് നോക്കിയാണ് ഇത്രയും ഭാഷകൾ ഉച്ചാരണശുദ്ധിയോടെ വായിക്കാൻ ആഗ്നയാമി പഠിച്ചത്. സാഹിത്യത്തിൽ മാത്രമല്ല അഭിനയം, ചിത്രരചന, ലീഫ് ആർട്ട് തുടങ്ങിയ മേഖലകളിലും മികവ് പുലത്തുന്ന ആഗ്ന യാമിയെ കേന്ദ്രകഥാപാത്രമാക്കി മാതാവ് ശ്രുതി സംവിധാനം ചെയ്ത ‘ശ്രുതിതരംഗം’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു 2022-ൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന സർക്കാറിന്റെ ‘മിഴിവ്’ ഓൺലൈൻ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം. ഏതാനും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മാതൃഭൂമി താമരശ്ശേരി ലേഖകൻ ബാലുശ്ശേരി മണ്ണാംപൊയിൽ സ്വദേശി എസ്.ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി കാഷ്യൽ ന്യൂസ് എഡിറ്റർ മുക്കം നടുകിൽ സ്വദേശിനി ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ്. ഐഷാനി ലക്ഷ്മ, ആഷ്ന ഭൗമി എന്നിവർ സഹോദരിമാരാണ്.