മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി. പൊലീസിനുള്ളിലെ ക്രിമിനൽ പശ്ചാത്തലം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്നിവയിലാണ് പ്രതിഷേധം.പ്രവർത്തകർ ബാരിക്കേഡ് തള്ളി പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രി രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.