ചുട്ടുപൊള്ളുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതി ഒരുക്കിയ നേര്‍മ്മയുടെ കുളിര്‍തെന്നല്‍ വീശുന്ന ആവാസ്ഥ വ്യവസ്ഥ പൂര്‍ണ്ണമായും അനുഭവിച്ചു അറിയണം എങ്കില്‍ കോന്നിയിലെ ഈ വീട്ടിലേക്ക് കടന്നു വരിക . പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം എന്ന് വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലൂടെ കാലങ്ങളായി കാണിച്ചു തന്നു മാതൃകയായ മുന്‍ സഹകരണ സംഘം ജീവനക്കാരനെ കാണുക .
ഇത് സലില്‍ വയലാത്തല . കോന്നി മങ്ങാരം .ഒരു കുടുംബം മുഴുവന്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഈ സന്ദേശം മാത്രം “പരിസ്ഥിതി സൌഹാര്‍ദ്ദമായ വികസനമാണ് നടപ്പില്‍ വരുത്തേണ്ടത് “.സൂര്യതാപം കൂടുന്ന അന്തരീക്ഷത്തില്‍ വീട്ടു പറമ്പില്‍ ആകെ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു . കരിയിലകള്‍ തൂത്ത് കളയാതെ മണ്ണില്‍ അലിയിക്കുന്നു .അതില്‍ അനേക കോടി സൂക്ഷ്മ ജീവികള്‍ കാലാവസ്ഥ നിയന്ത്രിച്ചു നിലനിര്‍ത്തുന്നു. കൊടും ചൂടില്‍ വലയുന്ന മാനവര്‍ ഇവിടെ എത്തി ഒന്ന് വിശ്രമിക്കുക . എല്ലാ ക്ഷീണവും മാറും. നിറയെ വായു സഞ്ചാരം. മരങ്ങളില്‍ ചേക്കേറിയ അനേകായിരം പറവകള്‍ , മരത്തില്‍ അനേക ചെറു സസ്യങ്ങള്‍ വള്ളികളായി പടര്‍ന്നു മണ്ണിനെ പരിപോഷിപ്പിക്കുന്നു . ഭൂമിയ്ക്ക് ഉള്ളില്‍ നിന്നും അനേകായിരം മണ്ണിരകള്‍ കൊണ്ട് വന്ന മൂലകങ്ങള്‍ അടങ്ങിയ മണ്ണ് കൊണ്ട് തീര്‍ത്ത കുരിച്ചിലുകള്‍ മണ്ണിനെ നനവാര്‍ന്ന പ്രതലമാക്കി . പ്രകൃതി ഒരുക്കിയ സ്വാഭാവിക അന്തരീക്ഷം നുകരണം എങ്കില്‍ കടന്നു വരാം
പേരറിയാത്ത അനേകായിരം കിളികളുടെ പാട്ടുകേട്ടാണ് രാവിലെ വീട്ടുകാര്‍ എല്ലാവരും ഉണരുന്നത് .ഉണര്‍ന്നാല്‍ ഉടന്‍ തന്നെ എല്ലാവരും മുറ്റത്തേക്ക് ഇറങ്ങും.കയ്യില്‍ വെള്ളവും അന്നവും കാണും .ആദ്യം ചെയ്യുന്നത് പറമ്പിലെ അനേക സ്ഥലത്ത് കിളികൾക്ക് വെള്ളവും ധാന്യവും വെയ്ക്കുക എന്നുള്ളതാണ്. അതിനായി പ്രത്യേക സ്ഥലം ഉണ്ട്. കിളികളും അണ്ണാറക്കണ്ണമാരും ഉറുമ്പില്‍ തൊട്ട് ഉള്ള ഉരഗ വര്‍ഗ്ഗങ്ങളും എല്ലാം ജീവ ജലം കുടിക്കുന്നതും വിശപ്പ് അടക്കുന്നതും എല്ലാം ഒരേ സ്ഥലത്ത് നിന്നുമാണ്. ഇവരെല്ലാം കഴിഞ്ഞ 25 വർഷമായി എല്ലാ ദിവസവും മുടങ്ങാതെ ഇത് ചെയ്തുവരുന്നു. തൈകൾ നടുക മാത്രമല്ല അവയെ പരിപാലിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്.50 വർഷത്തിലധികം പ്രായമുള്ള മരങ്ങൾ പറമ്പിലുണ്ട്. കിണർ ഒരിക്കലും വറ്റിയിട്ടില്ല എന്നത് ആണ് പ്രത്യേകത.വിവിധങ്ങളായ വേര് പടലങ്ങളിലൂടെ ഊര്‍ന്ന് ഇറങ്ങിയ ശുദ്ധ ജലം.
പ്രകൃതിയെ സംരക്ഷിച്ചു നിലനിർത്താതെ മനുഷ്യൻ ഉൾപ്പെടെ ഒരു ജീവജാലങ്ങൾക്കും ഭൂമിയില്‍ ജീവിക്കുവാൻ കഴിയുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും ആണ് നല്ല സമൂഹം വാര്‍ത്തെടുക്കുന്നത്. ഈ കാലത്തിലെ പ്രസക്തിയും അത് തന്നെ.
കോന്നി അരുവാപ്പുലം സഹകരണ സംഘത്തിലെ ജീവനക്കാരന്‍ ആയിരുന്നു സലില്‍ വയലാത്തല. നാടിന്‍റെ സ്പന്ദമായ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അമരക്കാരന്‍ ,പതിനായിരക്കണക്കിനു അറിവ് പകരുന്ന ചെറുതും വലുതുമായ ആനുകാലിക -പുസ്തക -പത്ര ശേഖരങ്ങളുടെ കലവറ കൂടിയാണ് ഈ ഭവനം.
ലാറി ബേക്കറുടെ ഭാവനയില്‍ വിടര്‍ന്ന ചെറു ഭവനം.തീര്‍ത്തും പ്രകൃതി ഇവിടെ ഓടി കളിക്കുന്നു. പ്രകൃതിയുടെ ഉല്ലാസ ഭാവങ്ങള്‍ നേരില്‍ അറിയാന്‍ ഇവിടെ വരൂ പ്രകൃതിയെ അറിയാം .