ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ അയോധ്യയിലെ എട്ടാമത് ദീപോത്സവ ആഘോഷത്തിനൊരുങ്ങി ക്കഴിഞ്ഞു. ഇത്തവണ പരിസ്ഥിതി സൌഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്.
ഇത്തവണ 28 ലക്ഷം ദിയകൾ (ചെറു മൺചെരാതുകൾ) സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സർക്കാരിനുണ്ട്. അതേസമയം പരിസ്ഥിതി സൌഹാർദപരമായ വിളക്കുകളാകും രാം മന്ദിറിൽ തെളിയുക. ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തിൽ വളരെയധികം പ്രാധാന്യം നൽകുമെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ അറിയിച്ചു. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിക്കും. ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാൻ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.
സന്ദർശർക്ക് ക്ഷേത്രത്തിലെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.
സരയൂ നദിയുടെ 55 കൽപ്പടവുകളിൽ 28 ലക്ഷം ദിയകൾ തെളിക്കാനായി 30,000 വോളന്റിയർമാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകൾ വിളക്കു തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദിയകൾ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയർമാരെയാണ് തയാറാക്കിയിരിക്കുന്നത്.
ഒക്ടോബർ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകൾ സരയൂ നദീ തീരത്ത് തെളിയുക. വോളന്റിയർമാർക്ക് പ്രത്യേകം ടി ഷർട്ടുകളും ഐഡി കാർഡുകളും ക്യൂആർ കോഡ് പതിപ്പിച്ച തൊപ്പികളും നൽകും. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.