Logo Below Image
Sunday, March 16, 2025
Logo Below Image
Homeഅമേരിക്കപഴഞ്ചൻ പ്രണയം (രാജു മൈലപ്രാ)

പഴഞ്ചൻ പ്രണയം (രാജു മൈലപ്രാ)

രാജു മൈലപ്രാ)

ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഒരോർമ്മയുമില്ല- എന്നാൽ, പത്തു കല്‌പനകൾ, ‘ജ്ഞാന സുന്ദരി’ എന്നീ സിനികൾ വീട്ടുകാരോടൊപ്പം, പത്തനംതിട്ട -വേണുഗോപാൽ ടാക്കീസിൽ പോയി കണ്ടതിന്റെ ചെറിയൊരോർമ്മ മനസ്സിലുണ്ട്.

വീട്ടുകാരോട് എന്തെങ്കിലും വിശ്വസനീയമായ കള്ളം പറഞ്ഞ് സിനിമ കാണൽ തുടങ്ങിയ കാലവും മറന്നു പോയി.

എന്നാൽ കോളേജിൽ പഠിക്കുന്ന കാലത്ത്, ലിസിയെന്ന സ്നേഹിതയോടൊപ്പം ക്ലാസുകട്ടുചെയ്തു ഒരു മാറ്റിനി ഷോയ്ക്ക് പോയതിൻറെ മധുരസ്‌മരണകൾ ഇന്നും മങ്ങാതെ, മായാതെ മനസ്സിൽ പ്രകാശം പരത്തി നിൽക്കുന്നു.

പുതിയ തലമുറക്ക് അതൊന്നും വലിയ കാര്യമൊന്നും അല്ലെങ്കിൽത്തന്നെയും, അക്കാലത്ത് അത് ആത്മഹത്യാപരമായ ഒരു സാഹസമായിരുന്നു. ഈ ലോകത്തിലെ എല്ലാ കണ്ണുകളും തങ്ങളിലേക്കു ഫോക്കസു ചെയ്ത‌ിരിക്കയാണന്നൊരു തോന്നലുണ്ടാകും.

കാശുള്ള കുടുംബത്തിലെ പെൺകുട്ടിയായിരുന്നതുകൊണ്ട് രണ്ടു ബാൽക്കണി ടിക്കറ്റിനുള്ള പത്തു രൂപാ, അവൾ വെച്ചു നീട്ടിയത് യാതൊരു ഉളുപ്പും കൂടാതെ ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

തുലാഭാരം എന്ന ഒരു കണ്ണീർപ്പടമായിരുന്നു കണ്ടത്. കാമുകീ കാമുകന്മാർ മുട്ടിയുരുമ്മി ഒരുമിച്ചൊരു സിനിമ കാണുമ്പോൾ അവിടെ കണ്ണീരിനെന്തു സ്ഥാനം?

‘തൊട്ടു തൊട്ടില്ല-തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ….’

മധുവും, ഷീലയും, ശാരദയുമെല്ലാം കോളേജ് വിദ്യാർത്ഥികളായി വെള്ളിത്തിരയിൽ നിറഞ്ഞാടുകയായിരുന്നു.

അപ്രതീക്ഷമായിരുന്നു ലിസിയുടെ ഭാഗത്തു നിന്നുമുള്ള ഒരു നീക്കം-അവൾ വലംകൈകൊണ്ട് എന്റെ ഇടതു കൈയിൽ മൃദുവായി ഒന്നു സ്‌പർശിച്ചു.

ഞാനൊരു മധുവായി, അവൾ ഷീലയും….

പ്രേമം എന്ന വികാരത്തിൻ്റെ മധിരമനോഹരമായ അനുഭൂതി അന്നാണു ഞാൻ ആദ്യമായി അനുഭവിച്ചറിഞ്ഞത്.

വെറുതെയാണോ കവി ‘ഇതിഹാസങ്ങൾ ജനിക്കും മുൻപേ ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി പ്രേമം ദിവ്യമാമൊരുനുഭൂതി’- എന്നു പാടിയത്.

ഒരിക്കലെങ്കിലും ഒന്നു പ്രേമിക്കാതെ മരിക്കുന്നത് വലിയ ഒരു നഷ്ടമാണ്- അതുകൊണ്ട് ഇതുവരെ പ്രേമിക്കാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതായിരിക്കും- പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ല-പ്രായം ഒരു പ്രശ്‌നമല്ല.

ഞങ്ങളുടെ അനുരാഗ നദി കുറേക്കാലം അങ്ങിനെ ഒഴുകിയെങ്കിലും, കോളേജ് ജീവിതം അവസാനിക്കുന്നതിനു മുമ്പു തന്നെ, ലിസിയുടെ തന്തപ്പടി, സുന്ദരനും, സൽസ്വഭാവിയും, സമ്പന്നനുമായ ഒരു യുവാവുമായി അവളെ വിവാഹം കഴിപ്പിച്ചയച്ചു. സിനിമാ ടിക്കറ്റെടുക്കുവാൻ പത്തുരൂപാ കൈയിലില്ലാത്ത ഒരു മണക്കൂസിൻ്റെ കൂടെ തൻ്റെ ജീവിതം തുലച്ചു കളയുവാൻ ആ ബുദ്ധിമതി തയ്യാറായില്ല.

അന്നു കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുക, പെട്രോൾ ഒഴിച്ചു കത്തിക്കുക തുടങ്ങിയ കലാപരിപാടികളൊന്നും തുടങ്ങിയിരുന്നില്ല-അല്ലെങ്കിൽ തന്നെ അതിനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല-
എങ്കിലും

‘മറക്കാൻ കഴിയുമോ… പ്രേമം

മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ മായ്ക്കാൻ കഴിയുമോ….’ ശ്രീകുമാരൻ തമ്പി എഴുതിയത് എത്ര ശരിയാണ്. അതൊക്കെ കഴിഞ്ഞിട്ട് എത്രയോ കാലമായിരിക്കുന്നു-ഭാര്യയായി, കുട്ടികളായി, കുട്ടികൾക്കു കുട്ടികളായി.

ഈയടുത്ത കാലത്ത് ഒരു ഗാഢനിദ്രയ്ക്കിടയിൽ, ക്ഷണിക്കാതെ കയറി വന്ന ഒരു സ്വപ്‌നത്തിനിടയിൽ, ‘എന്റെ പൊന്നു ലിസി’ എന്നു പ്രേമാർദ്രമായി വിളിച്ചു കൊണ്ട് ഞാൻ എൻ്റെ ഭാര്യ പുഷ്‌പയെ ഒന്നു കെട്ടിപ്പിടിച്ചു. കണ്ണു തുറന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. തപ്പിതടഞ്ഞ് ഞാൻ ബെഡിലേക്കു കയറുവാൻ ഒരു ശ്രമം നടത്തി.

പെട്ടെന്ന് പുഷ്‌മ ഒരു നാഗവല്ലിയായി മാറി. പരട്ട കിളവാ? കുഴിലേക്കും കാലും നീട്ടിയിരിക്കുന്ന ഇങ്ങേർക്കു നാണമില്ലെ? യാര് ലിസി-ശൊല്ല്-ഇങ്ങേരി അവക്കടെ കൂടെ രാപാർക്ക്-പൈത്യ പയലേ!’

എന്റെ പിറവംകാരി ഭാര്യക്ക് മലയാളം കൂടാതെ ഇത്തരം ഒരു ഭാഷ കൂടി അറിയാമെന്നുള്ളത് എനിക്കു പുതിയൊരറിവായി.

ഞാൻ മനസ്സിനെ ഒന്നു റീവൈൻഡ് ചെയ്‌തു. സംഭവങ്ങളുടെ ഒരു മങ്ങിയ രൂപം മനസിൽ തെളിഞ്ഞു വന്നു.

എങ്കിലും എന്റെ കർത്താവേ! മുട്ടിനു സഹിക്കാൻ വയ്യാത്ത വേദനയാണെന്നു പറഞ്ഞു നടക്കുന്ന ഇവളുടെ കാലിനു ഇത്ര ശക്തിയോ?

ഞാനൊരു വിശദീകരണത്തിനോ, ന്യായീകരണത്തിനോ മുതിർന്നില്ല. സോഫായിൽ കിടന്നുറങ്ങുന്നതും അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല!
****

ഇനി കാര്യത്തിലേക്കു കടക്കാം-റിട്ടയർമെൻ്റ് കാലമായതു കൊണ്ട് ടി.വി. കാണുവാനുള്ള സമയവും സൗകര്യവുമൊക്കെയുണ്ട്. കോമഡി ടച്ചുള്ള കഥകൾ കാണുവാനാണു താൽപര്യം. എങ്കിലും ലോകമലയാളികൾ നെഞ്ചിലേറ്റിയ, റിപ്പീറ്റ് വാല്യൂയുള്ള നമ്മുടെ സ്വന്തം ‘അക്കരകാഴ്ചകളെ’ വെല്ലാൻ തക്ക കരുത്തും കാമ്പുമുള്ള ഒരു റിയാലിറ്റി കോമഡി സീരിയൽ ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. ‘അക്കരകാഴ്‌ചകൾ’ക്കു ഇതുവരെ അർഹിക്കുന്ന ഒരു അംഗീകാരം ഇവിടെ കൊടുത്തിട്ടില്ല.

മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ!

ഇടക്ക്, ഓർക്കാപ്പുറത്ത് ചില കേട്ടിട്ടില്ലാത്ത പുതിയ സിനിമകൾ യൂട്യൂബിൽ കയറി വരാറുണ്ട്.

അങ്ങിനെയാണ് ‘പഴഞ്ചൽ പ്രണയം’ എന്ന സിനിമ ഒന്നു നോക്കിക്കളയാം എന്നു കരുതിയത്.

സത്യം പറയട്ടെ, വലിയ പ്രതീക്ഷയോടൊന്നുമല്ല സിനിമ കാണാൻ തുടങ്ങിയത്. പക്ഷേ കണ്ടു തുടങ്ങിയപ്പോൾ, തീരുന്നതു വരെ ഒറ്റയിരിപ്പിൽ കണ്ടു- പ്രശസ്തരായ വലിയ താരനിരയൊന്നുമില്ല. വളരെ കുറച്ചു കഥാപാത്രങ്ങൾ-ഡാൻസും, അടിപിടിയും, അട്ടഹാസവും, നെടുങ്കൻ ഡയലോഗുകളും ഒന്നുമില്ലാതെ, ഒതുക്കത്തിൽ പറഞ്ഞു പോകുന്ന ഒരു കഥ.

വിൻസി അലോഷ്യസ് എന്ന ഒരു നടിയാണ് മായ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓവർ ആക്ടിംഗ് ലവലേശം പോലുമേശാത്ത അവരുടെ അഭിനയം എന്നെ അത്ഭുതപ്പെടുത്തി. റോണി ഡേവിഡ്, മോഹൻ എന്ന നായകനെ മികവുറ്റതാക്കി.

ഒരു വാക്കു പോലും ഉരിയാടാതെ, അച്ഛന്റെ റോൾ അഭിനയിച്ച പവിത്രൻ എന്ന നടനും മികച്ച അഭിനയം കാഴ്‌ച വെച്ചു.

കഥയുടെ വഴിത്തിരിവാകുന്ന ഒരു സീനിൽ മാത്രം, ഒരു ചെറിയ കല്ലുകടി എനിക്കനുഭവപ്പെട്ടു.

കാലം മാറിയില്ലേ, ഇതൊന്നും അത്ര വലിയ കാര്യമൊന്നുമല്ല എന്നു കരുതിയാൽ മതി.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പടം എന്നൊന്നും ഞാൻ പറയില്ല. ചെറുപ്പക്കാർക്ക് അത്രകണ്ട് ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.

സൗകര്യപ്പെടുമെങ്കിൽ ‘പഴഞ്ചൻ പ്രണയം’ എന്ന ഈ സിനിമ കാണുക-രാത്രിയിൽ ശാന്തമായ ഒരന്തരീക്ഷത്തിൽ കാണുന്നതാണ് നല്ലത്.

ഏതായാലും, അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും, പ്രത്യേകിച്ച്, സംവിധായകൻ ബിനീഷ് കളരിക്കലിനും എന്റെ അഭിനന്ദനങ്ങൾ

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments