Wednesday, December 25, 2024
Homeകഥ/കവിതകിറുക്കൻ (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

കിറുക്കൻ (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

കഴിഞ്ഞ കന്നിമാസത്തിലെ ഭരണിക്ക് ശതാഭിഷേകം കഴിഞ്ഞ വെറും ഏഴാംക്ലാസും കളരിയും കുറച്ചു നാട്ടറിവുകളും മാത്രം സ്വന്തമായുള്ള ഒരു തനി ഗ്രാമീണ കർഷകനായിരുന്നു അപ്പനുണ്ണി എന്ന അപ്പുണ്ണി എന്ന അപ്പുനായർ. പുതിയ ന്യൂജെൻ വേഷങ്ങളും വാക്കുകളും പെരുമാറ്റങ്ങളും രീതികളും ഒന്നും അറിയാതെ, തൻ്റെ പാടവരമ്പത്തുകൂടെ ദിവസം മൂന്നുനേരമെങ്കിലും നടന്ന്, പുതുതലമുറ തനിക്കു ചാർത്തിത്തന്ന കൺട്രി…പഴഞ്ചൻ വിശേഷണങ്ങൾക്ക് തൻ്റെ വയലിലെ പുല്ലിൻ്റെ വിലപോലും കല്പിക്കാതെ, കണ്ടത്തിലെ തൊണ്ണൂറാനും പൊന്നാര്യനും കതിരണിയുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു പാവം പാവം കർഷകൻ….

പക്ഷേ.. ലോകം മുഴുവൻ വീശിയടിച്ച കോവിഡ് മഹാമാരി അപ്പുനായരുടെ ദിനചര്യകളെയും പാടെ മാറ്റിമറിച്ചു. പ്രായമായവർ പുറത്തിറങ്ങാൻ പാടില്ലെന്ന ഗവർമ്മെണ്ട് ഉത്തരവ് അപ്പുനായരെ ശരിക്കും വെട്ടിലാക്കി. അയാൾ വീട്ടുതടങ്കലിലായി. ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ കൂനിക്കൂനി ഇരിക്കുന്ന അച്ഛനെ കണ്ടപ്പോൾ മകൻ പവിത്രനും വലിയ മനോവിഷമത്തിലായി.

മൊബൈൽഫോൺ കാണുന്നത് അത്തവും ചതുർത്ഥിയുമായിട്ട് ചന്ദ്രനെ കാണുന്നതുപോലെ… ടി വി സീരിയലുകൾ കാണുന്നത് കയ്പക്കാ കഷായം കുടിക്കുന്നതുപോലെ.. സാധാരണ അച്ഛൻ്റെ പ്രായത്തിൽ പെട്ടവർ ടൈംപാസ്സിനു ചെയ്തിരുന്ന ഒരു കാര്യങ്ങളിലും താല്പര്യമില്ലാത്ത ആളാണ്…അച്ഛൻ. തനിക്കാണെങ്കിൽ പോലീസായതുകൊണ്ട് കോവിഡുകാലത്തും സ്റ്റേഷനിൽ പോയേ പറ്റൂ. നഴ്സായ ഭാര്യ മിനിക്കും നിർബ്ബന്ധമായും ജോലിക്കുപോകണം. നാലുവർഷംമുമ്പ് അമ്മ മരിച്ചതിന്നുശേഷം പാടവും പുരയിടവും കൃഷിയുമൊക്കെയായിട്ടുള്ള അടുപ്പവും ചങ്ങാത്തവും ആയിരുന്നു, അച്ഛൻ്റെ മനോനില താളംതെറ്റാതെ സംരക്ഷിച്ചു നിർത്തിയിരുന്നത്. ഇനിയിപ്പോൾ വീടിനുള്ളിൽ കെട്ടിയിടപ്പെട്ട അച്ഛൻ്റെ അവസ്ഥ എന്തായിരിക്കും..? എത്തും പിടിയും കിട്ടാതെ പവിത്രൻ കസേരയിൽ ചെന്നിരുന്നു.

എത്രസമയം അങ്ങിനെ ഇരുന്നുവെന്നറിയില്ല. നിർത്താതെയുള്ള ഫോൺറിംഗ് കേട്ട് പവിത്രൻ ഓടിച്ചെന്നു ഫോണെടുത്തു. ഗൾഫിൽനിന്നും മകൾ അശ്വതിയായിരുന്നു, ലൈനിൽ.
” അച്ഛാ ഒരുകാര്യം പറയാനാണ് വിളിച്ചത്. കോവിഡുകാരണം ഗൾഫിൽ സ്കൂളുകൾ അടച്ചു. എനിക്കും ശരത്തേട്ടനും പക്ഷേ ജോലിക്കു പോകണം. വീട്ടുജോലിക്കാരി ഇപ്പോൾ വരുന്നില്ല. രാഹുൽമോനെ ഒറ്റയ്ക്കു വീട്ടിൽ നിർത്താനും കഴിയില്ല.. അതുകൊണ്ടവനെ കുറച്ചുദിവസം നാട്ടിലാക്കിയാലോ…?”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്. പേരമകനെ കണ്ടിട്ട് ഒരുപാടുനാളായി. വീട്ടിൽ ബോറടിച്ചു നില്ക്കുന്ന അച്ഛനും അവനൊരു കൂട്ടാകും. അങ്ങനെ ഉർവ്വശീശാപം ഉപകാരമായി ഗൾഫിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, അഞ്ചാംക്ലാസിൽ പഠിക്കുന്ന രാഹുൽമോൻ അടുത്ത ദിവസംതന്നെ നാട്ടിലെത്തി.

പവിത്രൻ മനസ്സിൽ കണ്ടതുപോലെ പേരക്കുട്ടിയും അപ്പൂപ്പനും രണ്ടുദിവസം കൊണ്ടുതന്നെ കളിക്കൂട്ടുകാരായി. പുറത്തിറങ്ങി കളിക്കാൻ പറ്റാത്തതുകൊണ്ട് രണ്ടുപേരും ഇൻഡോർ കളികളിലേക്കുകടന്നു. സ്വാഭാവികമായും അവരുടെ ഇടയിലേക്ക് മൊബൈൽ ഫോൺ കയറിവന്നു. ടി.വി. ചാനലുകളിലെ ഗെയിമുകൾ കടന്നുവന്നു. പതുക്കെ പതുക്കെ മൊബൈൽഫോണും ടിവിയും വെറുത്തിരുന്ന അപ്പുനായരെ രാഹുൽമോൻ ഒടുവിൽ കൊണ്ടു ചെന്നെത്തിച്ചത് ശരിക്കും ആലീസിൻ്റെ ഒരത്ഭുതലോകത്തേക്കായിരുന്നു.

രാഹുൽമോൻ പകർന്നുനല്കിയ ഡിജിറ്റൽ ലോകത്തിലെ മാസ്മരിക വർണ്ണക്കാഴ്ചകളിൽ മതിമയങ്ങി അന്തംവിട്ട അപ്പുനായർ
“ഇന്നുമുതൽ ഇതാണ്… ഇതുമാത്രമാണ് തൻ്റെ ലോകം” എന്നുപോലും മനസ്സിൽ തീരുമാനമെടുത്തു. രാഹുൽമോനെ പരമാവധി സോപ്പിട്ട്, ഗുരുദക്ഷിണയായി അവനിഷ്ടപ്പെട്ട ചോക്ലേറ്റുകളും കളിസാമാനങ്ങളുംനല്കി, അതുവരെ അറിയാത്ത പലകാര്യങ്ങളിലും കഴിയുന്നത്ര സ്വയം അപ്ഡേറ്റ് ആകാൻ, ആത്മാർത്ഥമായ അശ്രാന്തമായ പരിശ്രമവും തുടർന്ന് അപ്പുനായർ നടത്തിത്തുടങ്ങി.

രാഹുൽമോൻ്റെ വരവോടെ അപ്പുനായർക്കു സംഭവിച്ച കടുത്ത മോഡേണിസംകണ്ട് നാട്ടിലെ ന്യൂജെൻ എന്നവകാശപ്പെട്ട് …നായരെ പലപ്പോഴും അറുപഴഞ്ചൻ, തനികൺട്രി ഇത്യാദി പദങ്ങൾ ഉപയോഗിച്ചുമാത്രം അഭിസംബോധനചെയ്ത് പരിഹസിച്ച്… നടന്നിരുന്ന പല അറുപതുകാരും എഴുപതുകാരും എൺപതുകാരുമൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയി. മുമ്പൊക്കെ മൊബൈൽ കണ്ടാൽ വഴിമാറി നടന്നിരുന്ന അപ്പുനായർ ഇപ്പോൾ സദാസമയവും മൊബൈലിൽ ആണ്. വാട്ട്സ്അപ്പ് ഗ്രൂപ്പുകളിൽ അപ്പുനായരാണ് താരം. എഫ്.ബി യിൽ കയറിക്കൂടിയതുകൂടാതെ ടിയാന് ഇരുന്നൂറോളം സുഹൃത്തുക്കളേയും ലഭിച്ചുകഴിഞ്ഞു. അതുംകൂടാതെ ഇൻസ്റ്റായിലും ഒരു പയറ്റു പയറ്റാൻ പഴയൊരു കളരിയാശാൻ കൂടിയായ അപ്പുനായർ കഠിന പരിശ്രമത്തിലുമാണ്. അച്ഛനു സംഭവിച്ച മാറ്റങ്ങളിൽ സംഭ്രമിച്ചെങ്കിലും അച്ഛൻ്റെ പുതിയ ഊർജ്വസ്വലതയിലും ആവേശത്തിലും പക്ഷേ പവിത്രൻ ഉള്ളാലെ സന്തോഷിക്കുകയാണ് ചെയ്തത്.

കുറച്ചുദിവസങ്ങൾ കഴിഞ്ഞു. മൊബൈലിലെയും ടിവിയിലെയും സ്ഥിരം പതിവുകൾകണ്ട് അപ്പു നായർക്ക് ബോറടിച്ചുതുടങ്ങി. ഒരു ദിവസം ബോറടി മാറ്റാൻ ടി.വി ചാനലുകൾ മൊത്തം അരിച്ചുപെറുക്കിക്കൊണ്ടിരിക്കുമ്പോഴാണ്… ഒരു ചാനലിൽനിന്നും അപ്പുനായരുടെ ദൃഷ്ടിപഥത്തിലേക്ക് ഒരു അത്ഭുതകാഴ്ച്ച കയറിവന്നത്. ഒറ്റനോട്ടത്തിൽതന്നെ നായരുടെ കണ്ണുകൾ ആ കാഴ്ചയിൽ ഉടക്കി നിന്നു. അപ്പുനായർക്ക് ആ രൂപത്തിൽനിന്നും കണ്ണെടുക്കാനേ തോന്നിയില്ല. അടുത്ത ദിവസങ്ങളിലും അപ്പുനായർ ടി.വി.ചാനലുകളിൽ വെണ്ടക്ക അക്ഷരങ്ങളിൽ കാണിക്കുകയും പറയുകയും പായുകയും ചെയ്തിരുന്ന ആ മഹാസംഭവത്തിൽ ആകൃഷ്ടനായി, അതിൻ്റെ പുറകെ ഓടുകയായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ അപ്പുനായർ മുഴുവനായും അതിൽ ആമഗ്നനായി. പിന്നീട് അതെങ്ങിനെയെങ്കിലും സ്വായത്തമാക്കിയേ തീരുവെന്ന വാശിയിലായി. രാഹുൽമോൻ അപ്പൂപ്പനെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമം നടത്തിയെങ്കിലും, ശിഷ്യൻ്റെ കടുംപിടുത്തത്തിനുമുന്നിൽ ഗുരുവിനു വഴങ്ങേണ്ടിവന്നു. ഒരുമാസത്തെ രാഹുൽമോൻ്റെ തികഞ്ഞ നിഷ്ക്കർഷതയോടെയുള്ള കഠിന ശിക്ഷണത്തിലൂടെ ആ മൂന്നക്ക പദങ്ങളമായി അപ്പുനായർ ഒരുവിധം നന്നായി തന്മയീഭാവം ഉൾക്കൊണ്ടു. ഒരുദിവസമെങ്കിലും ആ പേരുകാരനായി നാടൊട്ടുക്കും അറിയപ്പെടണമെന്നുള്ള ഉൾക്കടമായ ഒരു അഭിവാഞ്ച പിന്നീട് അപ്പുനായരിൽ കലശലായിത്തുടങ്ങി.

ഒരു അവധിദിവസം. അന്ന് കോവിഡുനിയന്ത്രണങ്ങളിൽ കാര്യമായ ഇളവുവരുത്തിയ ദിവസമായിരുന്നു. പവിത്രനും മിനിയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. വീട്ടിൽ പേരമകനും അപ്പൂപ്പനും മാത്രം. ഇതാണ് പറ്റിയ അവസരം. അപ്പുനായർ പ്രവർത്തിപഥത്തിലേക്കു കടന്നു. പവിത്രൻ എൺപതു കാലഘട്ടത്തിൽ കോളേജിൽ പോകുമ്പോൾ ധരിച്ചിരുന്ന വേഷങ്ങൾ… അവൻ ഒരു കോളേജുകുമാരനായി വിലസി നടന്നിരുന്ന കാലത്ത്, തകർത്തഭിനയിച്ചിരുന്ന ചില നാടകങ്ങളിലെ വേഷഭൂഷാദികൾ… എല്ലാം തൻ്റെ കോളേജ് സ്മരണകൾ അയവിറക്കാൻവേണ്ടി, വളരെ ഭദ്രമായി ഇപ്പോഴും ഒരു ഷെൽഫിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നകാര്യം, ഒരു പഴയ നാടൻ നാടകനടൻ കൂടിയായിരുന്ന അപ്പുനായർക്കും നല്ല നിശ്ചയമുണ്ടായിരുന്നു. രാഹുൽമോന് പിറന്നാൾ സമ്മാനമായി പവിത്രൻ കൊടുത്തിരുന്ന ഒരു കൂളിംഗ് ഗ്ലാസും അപ്പുനായർ അവനറിയാതെ അടിച്ചുമാറ്റി.

പ്രാതൽ കഴിഞ്ഞ്, എന്നും പതിവുള്ള അരമണിക്കൂർ നേരത്തെ വിശ്രമംപോലും ടെൻഷൻ കാരണം ഒഴിവാക്കി, അപ്പുനായർ ഒരുക്കങ്ങളിലേക്കുകടന്നു. വേഷഭൂഷാദികളണിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ തനിക്കുവന്ന മാറ്റം കണ്ട് അപ്പുനായർ ശരിക്കും അത്ഭുതസ്തബ്ദനായി. ഹർഷോന്മാദത്താൽ അയാൾ രോമാഞ്ചപുളകിതനായി. ശരിക്കും ടിവികളിൽ കാണുന്ന അതേരൂപം തന്നെ. എന്തായാലും ഇന്നൊരു കലക്ക് കലക്കണം. നാടൊട്ടുക്കും താനൊരു സംഭവമായി അറിയപ്പെടണം. താൻ അറിയപ്പെടുന്ന ഒരുനാടക നടനായിരുന്നുവെന്നുള്ളകാര്യം പുതുതലമുറയും അറിയട്ടെ. തന്നെ പരിഹസിച്ചു നടന്നവർക്ക് മുഖമടിച്ച് കനത്ത പ്രഹരം കൊടുക്കണം. പരിചയമുള്ളവരെയൊക്കെ പറ്റിക്കാൻ കിട്ടിയ ഒരു സുവർണ്ണാവസരം കൂടിയാണിത്. അതൊരിക്കലും കളഞ്ഞു കുളിച്ചു കൂടാ…പാഴാക്കിക്കൂടാ…ഇന്നത്തെ കോവിഡ് ഇളവ് ശരിക്കും ഒരാഘോഷമാക്കണം…എത്ര ദിവസമായി ഒന്നു പുറത്തേക്കിറങ്ങിയിട്ട്… ”

രാഹുൽമോൻ്റെ കണ്ണുവെട്ടിച്ച് അപ്പുനായർ പുറത്തേക്കിറങ്ങി. ഒരു ധൈര്യത്തിന് നടക്കാൻ പോകുമ്പോൾ താൻ സ്ഥിരം കരുതുന്ന ഊന്നുവടിയും കയ്യിലെടുത്തു. വഴിയിൽ കണ്ടവരോടൊക്കെ ദീർഘനേരം സംസാരിച്ചു. സ്ഥിരം പറ്റുള്ള പലചരക്കുകടയിലും പച്ചക്കറിക്കടയിലും കൂടാതെ മാർക്കറ്റിലും മൊത്തം കറങ്ങി. തന്നെ ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ലെന്നു കണ്ടപ്പോൾ അപ്പുനായരിൽ ആവേശം തൃശൂർപൂരത്തിൻ്റെ വെടിക്കെട്ടിലെ അമിട്ടിനെക്കാളും കത്തിക്കയറി.

കല്യാണഹാളിൽ വരൻ വധുവിൻ്റെ കഴുത്തിൽ താലി കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പവിത്രന് തുരുതുരാ ഫോൺകോളുകൾ വരുന്നത്. പക്കമേളക്കാരുടെ ബഹളത്തിൽ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. പക്ഷെ… ട്രൂ കോളറിൽ മാനസികരോഗാശുപത്രിയിൽ നിന്നുമുള്ള ഒരു നമ്പർ പലപ്രാവശ്യം കണ്ടപ്പോൾ, പവിത്രൻ ഹാളിൽനിന്നും ഓടി പുറത്തേക്കിറങ്ങി. ആശുപത്രിയിൽനിന്നും വിളിച്ചയാൾ പറഞ്ഞു.
” ഇപ്പോൾ ഇവിടെ കുറച്ചുപേർ ചേർന്ന് കീറിപ്പറഞ്ഞ ജീൻസും ടീഷർട്ടും ധരിച്ച്, മുള്ളൻ പന്നിയുടെതുപോലെ എഴുന്നുനില്ക്കുന്ന മുടിയും ഒരു പൊട്ടൻ കണ്ണടയും വെച്ച ഒരു കിറുക്കൻ കാരണവരെ കൊണ്ടുവന്നിട്ടുണ്ട്. അയാൾ മുറി ഇംഗ്ലീഷു മാത്രമെ സംസാരിക്കുന്നുള്ളൂ. വെസ്റ്റേൺ സ്റ്റൈലിൽ മൈക്കിൾ ജാക്സണെപ്പോലെ ആടുകയും പാടുകയും ചെയ്യുന്നുണ്ട്. പക്ഷെ… ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല. പേരു ചോദിക്കുമ്പോൾ അയാൾ തന്നെ പറയുന്നത്
‘അയാം എ കിറുക്കൻ… ‘അയാം എ കിറുക്കൻ’ …എന്നാണ്. എങ്ങനെയോ അയാളുടെ പോക്കറ്റിൽനിന്നും ലഭിച്ച ഒരു ഫോൺനമ്പർ വെച്ചാണ് നിങ്ങളെ വിളിക്കുന്നത്. ഒന്നു പെട്ടെന്നു വരണേ…ടിയാൻ പലപ്പോഴും ഇംഗ്ലീഷ് ഭാഷയിലെ പൂരത്തെറികളാണ് പറയുന്നത്. ഇടയ്ക്കൊക്കെ അക്രമാസക്തനുമാണ്. ആശുപത്രിയിലെ ചില സാധനങ്ങളൊക്കെ കയ്യിലെ ചൂരൽവടി വീശി അടിച്ചു പൊട്ടിക്കുന്നുമുണ്ട്. നമ്മുടെ വാച്ചർമാർക്കൊന്നും അയാളെ കാര്യമായിട്ടു തടയാൻ പറ്റുന്നില്ല. അയാളുടെ പ്രായത്തെ മാനിച്ചുകൊണ്ടു മാത്രം നമ്മൾ എല്ലാവരും തല്ക്കാലം ക്ഷമിച്ചിരിക്കുകയാണ്. നില്ക്കക്കള്ളിയില്ലെങ്കിൽ ഞങ്ങൾക്ക് ഷോക്ക് ട്രീറ്റ്…. ”

കേട്ടതുപാതി കേൾക്കാത്തപാതി മിനിയെപ്പോലും അറിയിക്കാതെ പവിത്രൻ ആശുപത്രിയിലേക്കുപാഞ്ഞു. വാച്ചർമാരുടെ കരവലയവും ഭേദിച്ച്, വടിയുംവീശി മുന്നോട്ടേക്കു കുതിക്കാൻ ശ്രമിക്കുന്ന ,വേഷപ്രച്ഛന്നനായി നില്ക്കുന്ന അച്ഛനെ തിരിച്ചറിയാൻ പവിത്രന് വലിയ പ്രയാസമുണ്ടായില്ല. മകനെ കണ്ടപ്പോൾ അപ്പുനായർ ചെറുതായൊന്നു അയഞ്ഞു. പവിത്രൻ ആശുപത്രി സൂപ്രണ്ടിനെക്കണ്ട് കാര്യങ്ങൾ സംസാരിച്ചു. അവിടുത്തെ കഷ്ടനഷ്ടങ്ങളെല്ലാം തീർത്തു കൊടുത്തു. അച്ഛനേയുംകൂട്ടി വീട്ടിലെത്തിയ പവിത്രൻ ആദ്യം ചെയ്തത്, വീട്ടിലെ ടി.വിയുടെ റിമോട്ട് മാറ്റിവെക്കലാണ്.

അപ്പോഴേക്കും പുറത്തു കളിക്കുകയായിരുന്ന രാഹുൽമോനും വീട്ടിനുള്ളിലേക്കോടിയെത്തി. അപ്പുനായരെകണ്ട് അന്തംവിട്ട അവൻ പറഞ്ഞു.
” ഓ ഗ്രൈറ്റ്… വണ്ടർഫുൾ…യു ഹാവ് ചേഞ്ച്ഡ് കംപ്ലീറ്റ്ലി. മാർവലസ്സ്. സൂപ്പർ ഡ്യൂപ്പർ അപ്പൂപ്പാ…ദിസ് ഈസ് മോർ ദാൻ ദാറ്റ് ഐ ഹാവ് എക്സ്പെക്ടഡ്. വെൽഡൺ… വെരി വെൽഡൺ… ”

ആശുപത്രിയിലെ സംഭവങ്ങളോടൊപ്പം രാഹുൽമോൻ്റെ അപ്പൂപ്പൻ പ്രശംസയുംകൂടി കേട്ടപ്പോൾ, തിളച്ചുവന്ന തൻ്റെ കോപം തണുപ്പിക്കാൻ പവിത്രൻ ആദ്യം രാഹുൽമോനെനോക്കി ഭർത്സിച്ചു. “നീയും നിൻ്റെ ഒരപ്പൂപ്പനും… രണ്ടാളും കൂടി ഇവിടെ കാട്ടിക്കൂട്ടിയ കാര്യങ്ങളെല്ലാം അപ്പൂപ്പൻതന്നെ പറഞ്ഞുകഴിഞ്ഞു. അത്തുംപിത്തും പിടിച്ച ഒരപ്പൂപ്പനും എല്ലാറ്റിനും ചൂട്ടുപിടിക്കുന്ന ഒരു പേരക്കുട്ടിയും. നാടുമൊത്തം കുട്ടിച്ചോറാക്കിയേ രണ്ടുപേരും അടങ്ങൂ… അല്ലേ… ” എന്നിട്ടും കലിയടങ്ങാതെ അയാൾ പേരക്കുട്ടിയുടെ ചന്തിക്കിട്ട് നാലഞ്ചു പെടപെടക്കലും നടത്തി.

കരഞ്ഞുകൊണ്ട് രാഹുൽമോൻ പറഞ്ഞു.
” അപ്പൂപ്പൻ വാസ് വെരി ഫോണ്ട് ഓഫ് ഫ്രീക്കൻ ഇൻ ദ ടി വി ചാനൽസ് ആൻ്റ് ഹി ബികേം എ ഫാൻ ഓഫ് ദാറ്റ് ഗൈ. ഐ ഹാഡ്‌ ടീച്ച്ഡ് ഹിം പെർഫക്ട്ലി ടു ടെൽ ഫ്രീക്കൻ സെവരൽ ടൈംസ്. ബട്ട് ഹി കുഡുനോട്ട് ഏബിൾ ടു സ്പെൽ ഇറ്റ് കറക്റ്റ്ലി ആൻ്റ് ഹി ആൾവേയ്സ് സ്പെൽ ഇറ്റ് ഏസ് കിറുക്കൻ. ഹി ഹാസ് ഗോൺ ഔട്ട്സൈഡ് വിത്തൗട്ട് മൈ നോളജ് ആൻ്റ് പെർമിഷൻ. എവരിതിങ്ങ് ഹാപ്പൻ്റ് ഡ്യൂ ടു ഹിസ് അറൊഗൻസ് ആൻ്റ് സ്റ്റബേൺനെസ്സ്. വാട്ട് ഐ ഹാവ് ടു ഡു ഫോർ ദാറ്റ് മുത്തശ്ശാ…വാട്ട് ഐ ഹാവ് ടു ഡു… സോറി മുത്തശ്ശാ… വെരി വെരി സോറി മുത്തശ്ശാ…. ഫോർ എവരിതിംഗ്. ”

താൻ ഇന്നേവരെ നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നോവിപ്പിക്കാത്ത, തൻ്റെയും ഭാര്യയുടെയും അത്രയ്ക്കും അരുമയായ, തന്നെയും കെട്ടിപ്പിടിച്ച് കരയുന്ന തൻ്റെ ഏകമകളുടെ കുട്ടിയെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണം…? ഇപ്പോഴും ഫ്രീക്കൻ കെട്ട് വിടാതെ… അയാം എ കിറുക്കൻ… അയാം എ കിറുക്കൻ എന്നും പറഞ്ഞുകൊണ്ട് ടിവിയിലെ ഫ്രീക്കനെ കാണാൻവേണ്ടി, താൻ ഒളിപ്പിച്ചുവെച്ച ടിവി റിമോട്ടും തപ്പി, വീട്ടിൻ്റെയുള്ളിൽ മൊത്തം കറങ്ങി കിറുങ്ങി നടക്കുന്ന എൺപത്തിനാലു കഴിഞ്ഞ തൻ്റെ അച്ഛനെ എങ്ങിനെ ഫ്രീക്കൻ ബാധയിൽ നിന്നും ഒഴിപ്പിച്ചെടുക്കും…? ആരെ തള്ളണം… ആരെ കൊള്ളണം…? ഇതികർത്തവ്യതാമൂഢനായി പവിത്രൻ താടിക്ക് കൈയ്യുംകൊടുത്ത്, സോഫായിൽ പോയിരുന്നു.

പക്ഷേ… അഭിനവ ന്യൂജെൻ അപ്പുനായർ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ കഠിന പരിശ്രമത്തിനൊടുവിൽ കണ്ടുപിടിച്ച, മകൻ ഒളിപ്പിച്ചുവെച്ചിരുന്ന റിമോട്ടെടുത്ത് ടി വി തുറന്ന്, വിവിധ ചാനലുകൾ അരിച്ചുപെറുക്കിയപ്പോൾ മുമ്പിൽ പ്രത്യക്ഷപ്പെട്ട, പുതിയൊരു ഫ്രീക്കനിൽ ആകൃഷ്ടനായി, അവൻ്റെ പിറകെപ്പോയി അവനെക്കൂടി എങ്ങനെയെങ്കിലും അനുകരിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അപ്പോഴും അയാൾ!……

ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments