Saturday, January 11, 2025
Homeസ്പെഷ്യൽമഞ്ഞിൻ്റെ നെറുകയിലെ പോരാട്ട വീര്യത്തിന് സല്യൂട്ട്; കാർഗിൽ വിജയഭേരിയുടെ ഓർമ്മയ്ക്ക് കാൽനൂറ്റാണ്ട്.

മഞ്ഞിൻ്റെ നെറുകയിലെ പോരാട്ട വീര്യത്തിന് സല്യൂട്ട്; കാർഗിൽ വിജയഭേരിയുടെ ഓർമ്മയ്ക്ക് കാൽനൂറ്റാണ്ട്.

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മ ഇന്ന് കാൽനൂറ്റാണ്ട് പിന്നിടുന്നു.ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു.രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി മുഴങ്ങിയിട്ട് ഇന്ന് കാൽ നൂറ്റാണ്ടാകുന്നു.കാര്‍ഗില്‍ സമുദ്രനിരപ്പിൽ നിന്ന് 18000 അടി വരെ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന അതിര്‍ത്തി പ്രദേശമാണ്.

തണുപ്പ് മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്നത് ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണയാണ്.കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ 1999 ലെ മെയ് മാസത്തില്‍ പക്ഷേ പാകിസ്താന്‍ ആ ധാരണ തെറ്റിച്ചു.മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാർഗിൽ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം ഇരിപ്പുറപ്പിച്ചു.Operation Badr എന്ന് പേരിട്ട ജനറല്‍ പർവേസ് മുഷറഫിന്‍റെ ഗൂഢപദ്ധതിയായിരുന്നു ഈ നീക്കം.

കാണാതെ പോയ യാക്ക് മൃഗങ്ങളെ അന്വേഷിച്ചിറങ്ങിയ തഷി നംഗ്യാല്‍ എന്ന ഇടയനാണ് മലമുകളിലെ പാക് നുഴഞ്ഞുകയറ്റം ആദ്യമറിഞ്ഞത്.സൂചന പിന്തുടര്‍ന്ന് പട്രോളിങ്ങിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ്‌ കാലിയയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം തിരിച്ചുവന്നില്ല.അനേകായിരം അടി പൊക്കമുള്ള ചെങ്കുത്തായ മലനിരകള്‍ക്ക് മുകളില്‍ ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ സൈനിക പോരാട്ടത്തിന് തുടക്കമാകുന്നത് അങ്ങനെയാണ്.

ഇന്ത്യൻ സൈന്യത്തിൻ്റെ ചെറുത്ത് നിൽപ്പിൻ്റെ ആത്മവീര്യത്തിൻ്റെയും കൂടി ‘കൊടുമുടി’യായി കാർഗിൽ മാറുകയായിരുന്നു. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് യുദ്ധവിമാനങ്ങളും താഴ്വാരത്തുനിന്ന് കരസേനയുടെ ബോഫോഴ്സ് പീരങ്കികളും ആക്രമണത്തിന്‍റെ ആക്കം കൂടി.ആദ്യം ടോലോലിങ്, പിന്നാലെ തന്ത്രപ്രധാനമായ Point 4590, Point 5140 എന്നിവ ഇന്ത്യൻ സൈനികർ തിരികെ പിടിച്ചു.ജൂലൈ 5 ന് ടൈഗര്‍ ഹില്ല് കൂടി പിടിച്ചെടുത്തതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു.കരസേനയുടെ ഓപ്പറേഷന്‍ വിജയ്‌ക്കൊപ്പം വ്യോമസേനയുടെ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷന്‍ തല്‍വാറും രാജ്യത്തിൻ്റെ അതിർത്തി കീഴടക്കാനെത്തിയ നീക്കത്തെ തകർത്തെറിഞ്ഞു.
കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ പാതാക വീണ്ടും ഉയര്‍ന്നുപറന്നു. പാകിസ്താൻ രാഷ്ട്രീയ നേതൃത്വത്തെ കാർഗിൽ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നതിൻ്റെ സൂചനകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയത് രണ്ട് മാസം മുമ്പാണ്.’അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. കാർഗിൽ യുദ്ധത്തിന് വഴിതെളിച്ച ജനറൽ പർവേസ് മുഷാറഫിൻ്റെ നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു നവാസ് ഷെരീഫിൻ്റെ വെളിപ്പെടുത്തൽ.പാകിസ്താന്‍ മുസ്ലിം ലീഗിന്റെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു കാർഗില്ലിലെ ‘നീതികേട്’ നവാസ് ഷെരീഫ് തുറന്ന്പറഞ്ഞത്.’1998 മെയ് 28ന് അഞ്ച് ആണവ പരീക്ഷണങ്ങളാണ് പാകിസ്താന്‍ നടത്തിയത്. ഇതിന് പിന്നാലെ വാജ്‌പേയി സാഹിബ് വന്ന് ഞങ്ങളുമായി ഒരു കരാറുണ്ടാക്കി.പക്ഷെ ഞങ്ങള്‍ ആ കരാര്‍ ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നായിരുന്നു നവാസ് ഷെരീഫിൻ്റെ കുറ്റസമ്മതം.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു 1999 ഫെബ്രുവരി 21ന് ഒപ്പുവെച്ച ലാഹോര്‍ കരാര്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതായിരുന്നു കരാര്‍.എന്നാല്‍ കരാര്‍ ഒപ്പുവെച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പാകിസ്താന്‍ കാർഗിലിൽ നുഴഞ്ഞ് കയറുന്നതും യുദ്ധത്തിന് വഴിതെളിച്ചത്.

എല്ലാ ജൂലൈ 26നും ടോലോലിംഗ് താഴ്വരയിലെ കാർ​ഗിൽ യുദ്ധ സ്മാരകത്തിൽ രാജ്യ മനസാക്ഷി ഒത്തുകൂടും.രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓർമ്മകളെ നെഞ്ചോട് ചേർത്ത് പിടിക്കും.രാജ്യം ഒരേ സ്വരത്തിൽ പറയും രക്തസാക്ഷികളെ നിങ്ങള്‍ക്ക് മരണമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments