കോട്ടയ്ക്കൽ.-ഇന്ത്യനൂർ മൈലാടിയിലെ നഗരസഭാ പ്ലാന്റിൽ മാലിന്യം സംസ്കരിക്കുന്നതിനു മുന്നോടിയായി കലക്ടറുടെ നിർദേശപ്രകാരം
ചേർന്ന വാർഡ്സഭാ യോഗം സംഘർഷത്തിൽ കലാശിച്ചു. പ്ലാന്റിൽ മാലിന്യം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ സംഘടിച്ചതോടെയാണ് യോഗം അലങ്കോലമായത്. അസി. കലക്ടർ ആര്യയുടെ സാന്നിധ്യത്തിലാണു യോഗം ചേർന്നത്.
ടൗണിലെ മാലിന്യം ഇവിടെയുള്ള പ്ലാന്റിലാണു നേരത്തേ സംസ്കരിച്ചിരുന്നത്. എന്നാൽ, സംസ്കരണം കാര്യക്ഷമമല്ലെന്ന കാരണത്താൽ നാട്ടുകാർ സമരം ചെയ്തതോടെ 11 വർഷം മുൻപ് പ്ലാന്റ് അടച്ചുപൂട്ടി.
പ്ലാന്റ് വീണ്ടും തുറക്കാൻ നഗരസഭാധികൃതർ പലതവണ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നു നടന്നില്ല.
നഗരസഭാധികൃതരുടെ ആവശ്യപ്രകാരം കലക്ടർ കഴിഞ്ഞയാഴ്ച കലക്ടറേറ്റിൽ വിളിച്ച യോഗത്തിൽ പ്ലാന്റ് വീണ്ടും തുറക്കാൻ ധാരണയായിരുന്നു. എന്നാൽ, ആദ്യപടിയായി ഇന്നലെ ചേർന്ന വാർഡ്സഭാ യോഗമാണ് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നു അലസിപ്പിരിഞ്ഞത്. സമീപത്തെ റോഡിന്റെ തകർച്ച, പ്രദേശത്തെ വീടുകൾക്കു നമ്പറിടാത്ത വിഷയം, ശുദ്ധജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്ലാന്റ് തുടങ്ങാൻ സമ്മതിക്കില്ലെന്നു നാട്ടുകാർ വ്യക്തമാക്കി.
നാട്ടുകാരുടെ തീരുമാനത്തിനൊപ്പം നിൽക്കുന്നതായി വാർഡ് കൗൺസിലർ പി. സരളയും പറഞ്ഞു. നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ, സ്ഥിരസമിതി അധ്യക്ഷരായ ആലമ്പാട്ടിൽ റസാഖ്, പി.ടി. അബ്ദു, പി.റംല, നഗരസഭ ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
– – – – – –