ഇരവിപേരൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ ആഹ്ലാദത്തിലാണ് എപ്പോഴും. കലാമേളയും യാത്രകളുമൊക്കെയായി രണ്ടാംബാല്യം ആഘോഷമാക്കുകയാണവര്‍. പഞ്ചായത്തുതന്നെയാണ് പ്രായംചെന്നവരുടെ ക്ഷേമത്തിനായി മുന്‍കൈയെടുക്കുന്നതും. ഏറ്റവും ഒടുവിലായി കാണാനായ കാഴ്ചയാണ് 60 വയസ് പിന്നിട്ട നൂറപേരടങ്ങുന്ന സംഘത്തിന്‍റെ വിനോദയാത്ര.
ആടിയും പാടിയും കാഴ്ചകള്‍കണ്ടും സെല്‍ഫിയെടുത്തും തലമുറമാറ്റത്തിന് വഴങ്ങാതെ വഴങ്ങുകയായിരുന്നു ‘സായംപ്രഭ’ വിനോദയാത്രാസംഘാംഗങ്ങള്‍.പഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാനസികഉല്ലാസംപകരാനുള്ള പദ്ധതിയാണ് സായംപ്രഭ. ആരോഗ്യ സജീവതയ്ക്കൊപ്പം മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രകള്‍ സഹായകമാകുന്നതായാണ് അനുഭവം.
സമപ്രായക്കാരായ 100 പേരാണ് വിനോദയാത്രയില്‍ പങ്കുകൊണ്ടത്. വയോജനങ്ങളുടെ ഉന്നമനത്തിനായി ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. 50000 രൂപ കലാമേളക്കും ഒരു ലക്ഷം രൂപ വിനോദ യാത്രക്കുമാണ്. നേരത്തെ സ്പോണ്‍സറെ കണ്ടെത്തി വയോധികര്‍ക്കായി വിമാനയാത്രയും സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി സംഘടിപ്പിച്ച സെക്കന്‍റ് ഷോയില്‍ വലിയതിക്കുമുണ്ടായി.
വയോജന വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായതോടെയാണ് വയോജനങ്ങളുടെ പൊതുരീതിയായ യാത്രാവിരക്തിക്ക് മാറ്റുണ്ടായത്. സമപ്രായക്കാരുമായുള്ള പുനസമാഗമം മാനസികോല്ലാസത്തിന്‍റെ അതിരുകളാണ് മറികടന്നത്. കുടുംബാംഗങ്ങളില്ലാതെ കൂട്ടായ്മയുടെ കരുത്തിലാണ് ബീച്ചിലും പാര്‍ക്കിലും അവര്‍ ആനന്ദം കണ്ടെത്തിയത്.
രാവിലെ ആറരയോടെയാണ് പഞ്ചായത്ത് അങ്കണത്തില്‍ നിന്നും യാത്ര തിരിച്ചത്. ആദ്യ സന്ദര്‍ശനം തൃപ്പൂണിത്തുറ ഹില്‍ പാലസില്‍. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, വല്ലാര്‍പാടം പള്ളി എന്നിവിടങ്ങളിലേക്കാണ് യാത്രനീണ്ടത്.
് വയോജന കലാമേള ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ ഇവിടെ നടത്തുന്നു. പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പരിപാടികള്‍. വയോജനങ്ങള്‍ക്കായി കെയര്‍ ഗീവര്‍മാരുടെ സേവനം, പോഷകാഹാരം നല്‍കല്‍, യോഗ, മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ വയോജനങ്ങള്‍ക്ക് സൗഹൃദ സംഭാഷണത്തിനായൊരിടാം എന്ന ലക്ഷ്യത്തില്‍ ‘സൊറയിടം’പഞ്ചായത്ത് അങ്കണത്തിനു സമീപത്തായി തുടങ്ങാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. തുടര്‍ന്നും വയോജനങ്ങളുടെ മാനസികാ രോഗ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്‍റ് കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.