Thursday, December 26, 2024
Homeകേരളംമുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം പാർട്ടി...

മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം പാർട്ടി നടപടി

കണ്ണൂര്‍:പി. പി ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും

ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി ദിവ്യ മാറും. നവീന്‍ ബാബുവിന്റെ മരണത്തേത്തുടര്‍ന്ന് നിലവില്‍ ജയിലില്‍ കഴിയുകയാണ് പി പി ദിവ്യ. ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ ക്കൊടുവിലാണ് കീഴടങ്ങാന്‍ ദിവ്യ തീരുമാനിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ എത്തി ദിവ്യ അപമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നവീന്‍ ബാബു ജീവിതമവസാനിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

അതേസമയം, പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. കേസിൽ ഇരുകൂട്ടരുടെയും വിശദമായ വാദം കോടതി കേട്ടിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി ആയുധമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. ദിവ്യയുടെ ആരോപണങ്ങള്‍ ശരിവക്കുന്നതാണ് ഇത്. ഇരുവരും നേരിട്ട് സംസാരിച്ചതിന് തെളിവുണ്ട്. പ്രശാന്ത് 5 ലക്ഷം രൂപയുടെ വായ്പ എടുത്തു. ഇരുവരും സംസാരിച്ചതിന്റെ ഫോൺ രേഖകളും ദിവ്യയുടെ അഭിഭാഷകൻ കൈമാറി. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന ലക്ഷ്യം ദിവ്യക്കില്ലായിരുന്നു വെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.

ജാമ്യം അനുവദിക്കരുതെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments