ബാംഗ്ലൂർ — ഓൺലൈനിൽ നിന്നു വാങ്ങിയ പാൽ കേടായതിനെത്തുടർന്ന് തിരികെ നൽകാനുള്ള ശ്രമത്തിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 77,000 രൂപ. ബംഗളൂരുവിലെ കസ്തൂർബ നഗർ സ്വദേശിയായ വീട്ടമ്മയ്ക്കാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. പതിവായി ഓൺലൈനിൽ നിന്നുമാണ് ഇവർ പാൽ വാങ്ങിയിരുന്നത്. ഒരു ദിവസം ലഭിച്ചത് കേടായ പാലായിരുന്നു. അത് തിരികെ നൽകാനായി ഓൺലൈനിൽ നിന്നും ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടു. ഫോൺ എടുത്ത വ്യക്തി കടയുടെ എക്‌സിക്യൂട്ടീവ് എന്നാണ് വീട്ടമ്മയ്ക്ക് അയാളെ പരിചയപ്പെടുത്തിയത്. തുടർന്ന് കേടായ പാൽ തിരികെ സ്വീകരിക്കുന്നതിനും അക്കൗണ്ടിലേക്ക് പാലിന്റെ പണം ലഭിക്കുന്നതിനുമായി താൻ പറയുന്ന കാര്യങ്ങൾ അതുപോലെ പിന്തുടരണമെന്നും ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് നമ്പറിൽ 081958 എന്ന ഒരു യുപിഐ ഐഡിയും ഒരു സന്ദേശവും ലഭിച്ചു.
തുടർന്ന് ഫോൺപേ തിരഞ്ഞെടുക്കാനും അതിൽ നിന്നും ട്രാൻസ്ഫർ മണി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനും ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് ദൃശ്യമാകുന്ന പേജിൽ യുപിഐ ഐഡി തിരഞ്ഞെടുക്കാനും,വാട്സാപ്പിൽ ലഭിച്ച നമ്പർ അവിടെ നൽകാനും ഇയാൾ ആവശ്യപ്പെട്ടു. പാലിന്റെ പണം തിരികെ ലഭിക്കാനായി മൊബൈൽ നമ്പറിന്റെ അവസാന അഞ്ച് അക്കങ്ങൾ എന്റർ ചെയ്യാനും “പേ” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനും ഇയാൾ നിർദ്ദേശിച്ചു.ഉടനടി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടുകയും ഫോൺ കോൾ കട്ടാവുകയും ചെയ്തു.
ഐടി ആക്ട് പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയ വ്യക്തിയുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരൻ എന്ന പേരിൽ ഒരാൾ ഒരു യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ അക്കൗണ്ടിൽ നിന്നും 48 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവം അടുത്തിടെ ബംഗളൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.