1. തായ്‌ലൻഡിൽനിന്ന് മടങ്ങവേ ജെജു എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ വച്ച് തകർന്നു. ദക്ഷിണ കൊറിയയിൽ റൺവേയിലൂടെ തെന്നിനീങ്ങി കോൺക്രീറ്റ് മതിലിൽ ഇടിച്ച് കത്തിയമർന്നാണ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജീവനക്കാരടക്കം 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 2 പേരെ രക്ഷിച്ചു. ഇരുവരും വിമാനക്കമ്പനി ജീവനക്കാരാണ്.
സാധ്യമായതെന്തും ചെയ്യുമെന്നും ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. പക്ഷി ചിറകിൽ ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
2. യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജനുവരി 9ന് രാജ്യവ്യാപകമായി ദുഃഖാചരണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. തുടർഭരണം തേടിയ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജെറാൾഡ് ഫോർഡിനെയാണ് കാർട്ടർ അന്നു തോൽപ്പിച്ചത്. ഈജിപ്തും ഇസ്രയേലും തമ്മിലുള്ള സമാധാന കരാറായ 1978ലെ ക്യാംപ് ഡേവിഡ് അക്കോർഡ്സിനു പിന്നിൽ പ്രവർത്തിച്ച യുഎസ് പ്രസിഡന്റാണ്. മധ്യപൂർവേഷ്യയിൽ കുറച്ചെങ്കിലും സ്ഥിരത കൊണ്ടുവരാൻ സഹായിച്ചത് ഈ കരാറാണ്. തുടർഭരണം തേടിയ കാർട്ടറെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റോണാൾഡ് റീഗൻ ആണ് പരാജയപ്പെടുത്തിയത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു. 2002ലാണ് നൊബേൽ സമ്മാനം ലഭിച്ചത്. ഇത്യോപ്യയും എറിട്രിയയും മുതൽ ബോസ്നിയയും ഹെയ്റ്റിയും വരെ ലോകത്തെ പലയിടങ്ങളിലെയും സംഘർഷങ്ങൾ ഇല്ലാതാക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും ജിമ്മി കാർട്ടർ നടത്തിയ ശ്രമങ്ങൾക്കായിരുന്നു പുരസ്കാരം.
3. മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഇങ്ങനെ വന്നവരാണെന്നും ട്രംപ് പറഞ്ഞു.
തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഈ പദ്ധതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ പരമ്പരാഗത അനുകൂലികളിൽ പലരും എച്ച്1ബി വീസ നിർത്തണമെന്ന അഭിപ്രായക്കാരുമാണ്. സമൂഹമാധ്യമങ്ങളിൽ എച്ച്1ബി വീസയെ എതിർക്കുന്ന തീവ്ര നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് മസ്ക് വാഗ്വാദത്തിലേർപ്പെട്ടിരുന്നു. യുഎസിൽ എൻജിനീയറിങ് തൊഴിലാളികളുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാനായി എച്ച്1ബിയാണു മികച്ച മാർഗമെന്നും മസ്ക് പലതവണയായി പറയുന്നുണ്ട്.
ഇതിനിടെ ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയെ പിന്തുണച്ച് എക്സിൽ പോസ്റ്റിട്ട ഇലോൺ മസ്കിന്റെ പേരിൽ പുതിയ വിവാദം. ജർമനിയിൽ സർക്കാർ വീണതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മസ്ക് എഎഫ്ഡിയുടെ നയങ്ങളെ പ്രകീർത്തിച്ചത്. ജർമനിയെ രക്ഷിക്കാൻ എഎഫ്ഡിയെക്കൊണ്ടു മാത്രമേ പറ്റൂ എന്ന പരാമർശവും മസ്കിന്റെ ലേഖനത്തിലുണ്ടായിരുന്നു. ഇത് ഒരു ജർമൻ ദിനപത്രം വിവർത്തനം ചെയ്തതോടെയാണു വിവാദം ഉടലെടുത്തത്. സംഭവം ചർച്ചയായതോടെ ദിനപത്രത്തിന്റെ എഡിറ്റർ രാജിവച്ചു.
4. വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഇസ്രയേൽ സേനയ്ക്കു നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഒഴിപ്പിക്കൽ. അതേസമയം, ആരോപണം ഹമാസ് നിഷേധിച്ചു. പുതിയ നടപടി ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ദേർ അൽ ബലായിൽ ഒരു പിഞ്ചുകുഞ്ഞു കൂടി കടുത്ത തണുപ്പു മൂലം മരിച്ചു. തീരദേശമായ ഇവിടെ ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾ അതിശൈത്യവും മഴയും മൂലം നരകയാതന അനുഭവിക്കുകയാണ്. അതിനിടെ, അൽ വാഫ ആശുപത്രിക്കു നേരെ നടന്ന ടാങ്ക് ആക്രമണത്തിൽ 7 പേരുൾപ്പെടെ 18 പേർ കൂടി കൊല്ലപ്പെട്ടു. ആശുപത്രി ഹമാസ് കമാൻഡ് കേന്ദ്രമായി ഉപയോഗിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്. വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ, ബെയ്ത് ലഹിയ എന്നിവിടങ്ങളിൽ മൂന്നു മാസമായി ഇസ്രയേൽ സൈനിക നടപടി തുടരുകയാണ്. പിടിച്ചെടുത്ത പ്രദേശങ്ങളിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചുനിരത്തിയത് ഗാസ സൈനികനടപടിക്കുശേഷവും ഇവിടം കരുതൽ മേഖലയായി സൂക്ഷിക്കാനാണോ എന്ന സംശയം ശക്തമാക്കി. ഹമാസ് 2003 നവംബർ ആക്രമണത്തിൽ ബന്ദികളാക്കിയ 241 പേരിൽ നൂറു പേരെക്കൂടി മോചിപ്പിക്കാനുണ്ടെന്ന് ഇസ്രയേൽ സേന അറിയിച്ചു.
5. ബഹിരാകാശത്ത് സുനിത വില്യംസ് പുതുവത്സരം ആഘോഷിച്ചത് പതിനാറു തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 7 പേരാണ് നിലവിലുള്ളത്. ഇവർ ഉൾപ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോൾ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾക്ക് 16 തവണ പുതുവത്സരം ലഭിക്കും. 2025 മാർച്ചിൽ സുനിത ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6. രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ദക്ഷിണ കൊറിയയുടെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാൻ സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അനുമതി നൽകി. ഈ കുറ്റത്തിന് ഇംപീച്ച് ചെയ്യപ്പെട്ട യൂൻ നൽകിയ അപ്പീലിൽ ഭരണഘടനാ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് അറസ്റ്റ് അനുമതി. നിലവിലെ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്റ് ഇതാദ്യമാണ്. പട്ടാളനിയമം അടിച്ചേൽപിക്കാൻ ശ്രമിച്ചത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും പ്രസിഡന്റിനു ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷയ്ക്ക് പുറത്തുള്ള വിഷയമാണിതെന്നും കോടതി വ്യക്തമാക്കി. ഈ മാസം 6 വരെ സാധുതയുള്ള വാറന്റിൽ അറസ്റ്റ് ചെയ്ത് 48 മണിക്കൂർ കസ്റ്റഡിയിൽ വയ്ക്കാമെന്നും തുടർന്ന് കസ്റ്റഡി ആവശ്യമുണ്ടെങ്കിൽ കോടതിയുടെ അനുമതി തേടണമെന്നും പറയുന്നു. വാറന്റ് നിയമസാധുതയില്ലെന്ന് യൂനിന്റെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ മാസം മൂന്നിനാണ് പ്രസിഡന്റ് യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. ശക്തമായ എതിർപ്പിനെത്തുടർന്ന് പിറ്റേന്നു തന്നെ അതു പിൻവലിക്കേണ്ടി വന്നു. പ്രതിപക്ഷകക്ഷികൾക്കു ഭൂരിപക്ഷമുള്ള പാർലമെന്റ് ഇംപീച്ച് ചെയ്തതിനെത്തുടർന്ന് പ്രസിഡന്റ് സസ്പെൻഷനിലായി. പ്രധാനമന്ത്രി ഹാൻ ഡക്സുവിന് പ്രസിഡന്റിന്റെ ചുമതല നൽകിയെങ്കിലും അദ്ദേഹവും ഇംപീച്ച് ചെയ്യപ്പെട്ടു. ധനമന്ത്രി ചോയ് സാങ് മോക്കിനാണ് ഇപ്പോൾ പ്രസിഡന്റിന്റെ ചുമതല.
7. പുതുവർഷത്തിൽ ഗാസയിലെ അൽ ബുറേജ് അഭയാർഥിക്യാംപിലും ജബാലിയയിലും ഖാൻ യൂനിസിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളടക്കം 22 പലസ്തീൻകാർ കൊല്ലപ്പെട്ടു.ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഗാസയിലെ 1500 ൽ ഏറെ അഭയാർഥി കൂടാരങ്ങൾ ഒലിച്ചുപോയെന്നും നൂറുകണക്കിനു കൂടാരങ്ങൾ ഉപയോഗശൂന്യമായെന്നും യുഎൻ ഏജൻസികൾ അറിയിച്ചു. 15 മാസം പിന്നിടുന്ന യുദ്ധത്തിൽ ഗാസയിലെ ജനസംഖ്യ 6% കുറഞ്ഞതായി പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 11,000 പേരെ കാണാതായി. ഒരുലക്ഷത്തിലേറെപ്പേർ ഗാസ വിട്ടുപോയി. 21 ലക്ഷമാണ് ഗാസ ജനസംഖ്യ; ഇതിൽ 47 ശതമാനത്തിലേറെ 18 വയസ്സിൽ താഴെയുള്ളവരാണ്.
അതിനിടെ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 3 കുട്ടികൾ അടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാന മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ച മവാസിയിലെ അഭയാർഥികൂടാരത്തിലെ ബോംബിങ്ങിലാണ് കുട്ടികളും സ്ത്രീകളുമടക്കം 11 പേർ കൊല്ലപ്പെട്ടത്. ഗാസ പൊലീസ് വകുപ്പുമേധാവി മഹ്മൂദ് സലാഹ്, മുതിർന്ന ഉദ്യോഗസ്ഥനായ ഹുസം ഷഹ്‌വാൻ എന്നിവരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സമിതിയിലെ അംഗങ്ങളായ 8 പേർ മധ്യഗാസയിൽ കൊല്ലപ്പെട്ടു. കനത്തമഴയും അതിശൈത്യവും ദുരിതമേറ്റിയ ഗാസയിൽ വീടുനഷ്ടമായ പതിനായിരങ്ങൾ അഭയം തേടിയിരിക്കുന്നതു മവാസിയിലെ താൽക്കാലിക കൂടാരങ്ങളിലാണ്. ഹമാസുകാരെ ലക്ഷ്യമിട്ടായിരുന്നു മവാസിയിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കിൽ അൽ ജസീറ ടിവിക്കു പലസ്തീൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തി. അൽ ജെനിൻ ക്യാംപുകളിൽ പലസ്തീൻ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു ബുധനാഴ്ച വിലക്ക് നിലവിൽ വന്നത്. വെസ്റ്റ്ബാങ്കിൽ പരിമിത ഭരണാധികാരം പലസ്തീൻ അതോറിറ്റിക്കുണ്ട്.
8. കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.
9. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ൽ ലഭിച്ചതിൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമവനിത ജിൽ ബൈഡനാണ് 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രം മോദി നൽകിയത്. നിലവിൽ വൈറ്റ്ഹൗസിലെ ഈസ്റ്റ് വിങ്ങിൽ സൂക്ഷിച്ചിട്ടുള്ള വജ്രം എന്തുചെയ്യുമെന്ന ചോദ്യത്തോട് പ്രഥമവനിതയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല. വിദേശനേതാക്കളിൽനിന്ന് 480 ഡോളറിലേറെ വിലയുള്ള ഉപഹാരം ലഭിച്ചാൽ അക്കാര്യം അറിയിക്കണമെന്നാണു നിയമം. ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൽ, ബ്രൂണയ് സുൽത്താൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തുടങ്ങിയവർ ജോ ബൈഡനും ഉപഹാരം നൽകിയിട്ടുണ്ട്. സിഐഎ ഡയറക്ടർ വില്യം ബേൺസും വിലയേറിയ ഉപഹാരം സ്വീകരിച്ചവരിൽ പെടുന്നു. സിഐഎ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന ഉപഹാരങ്ങൾ നശിപ്പിക്കുകയാണ് പതിവ്. 1.32 ലക്ഷം ഡോളർ വിലവരുന്ന സമ്മാനങ്ങൾ കഴിഞ്ഞവർഷം നശിപ്പിച്ചു. ഇതിലധികവും വാച്ചുകളാണ്.
10. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസി, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനും നിക്ഷേപകനുമായ ജോർജ് സോറോസിനും അവാർഡ് ലഭിക്കും. പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, അറ്റോർണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബർട്ട് ഫ്രാൻസിസ് കെന്നഡി, പാചക വിദഗ്ധൻ ജോസ് ആൻഡ്രസ്, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ. ഫോക്സ് ഉൾപ്പെടെയുള്ളവരും പുരസ്കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ പുരസ്‌കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.
11. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ജാപ്പനീസ് വനിത തൊമിക്കോ ഇതൂക്ക (116) അന്തരിച്ചു. കഴിഞ്ഞ മാസം 29ന് ആണ് മരിച്ചതെങ്കിലും വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്. 1908 മേയ് 23ന് ഓസകയിൽ ജനിച്ച തൊമിക്കോ ഇതൂക്ക, കഴിഞ്ഞവർഷം 117– ാം വയസ്സിൽ സ്പെയിനിലെ മരിയ ബ്രന്യാസ് അന്തരിച്ചതോടെയാണ് ലോകമുത്തശ്ശിയായത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് വോളിബോൾ കളിച്ചിരുന്ന തൊമിക്കോ പിൽക്കാലത്ത് 3,067 മീറ്റർ ഉയരമുള്ള ഒൻതാകെ കൊടുമുടി 2 തവണ കീഴടക്കി. 100–ാം വയസ്സിൽ ആഷിയ തീർഥാടനകേന്ദ്രത്തിലെ കൽപടവുകൾ വടിയുടെ പോലും സഹായമില്ലാതെ കയറി. 20–ാം വയസ്സിൽ വിവാഹിതയായ ടോമിക്കോയുടെ ഭർത്താവും 2 മക്കളും മരിച്ചു. ശേഷിക്കുന്ന 2 മക്കളോടൊപ്പമായിരുന്നു താമസം. ലോകത്തെ ഏറ്റവും പ്രായമേറിയ വനിത എന്ന ബഹുമതി ഇനി ബ്രസീലിലുള്ള ഇനാ കനാബറോ ലുക്കാ എന്ന കന്യാസ്ത്രീക്കാണ്.