Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരായ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അഭയം തേടുന്ന കുടിയേറ്റക്കാരുടെ വർധനവ് പ്രതീക്ഷിച്ച് കാനഡ. യുഎസ് അതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് രാജ്യം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ് അഭയാർഥികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവിന് കാരണം. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ അയൽരാജ്യമായ കാനഡയിൽ അഭയം തേടുമെന്നാണ് വിവരം. കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുകയാണെന്ന് ട്രംപ് പലപ്പോഴും തന്റെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ‘ഞങ്ങൾ അതീവ ജാഗ്രതയിലാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാൻ ഞങ്ങളുടെ എല്ലാ കണ്ണുകളും അതിർത്തിയിലേക്ക് നോക്കുകയാണ്. കാരണം കുടിയേറ്റത്തെ കുറിച്ചുള്ള ട്രംപിന്റെ നിലപാട് കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാം’’ – കനേഡിയൻ മൗണ്ടഡ് പൊലീസ് വക്താവ്, സർജന്റ് ചാൾസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമിൽ, യുഎസ് സംരക്ഷണം നഷ്ടപ്പെട്ട ഹെയ്തിക്കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ കാനഡയിലേക്ക് പലായനം ചെയ്തിരുന്നു. കാനഡയിലേക്ക് മാറുന്നതിനായി ഇമിഗ്രേഷൻ സേവനങ്ങളെപ്പറ്റി അറിയാൻ യുഎസിൽ നിന്നുള്ള ഗൂഗിൾ തിരയലുകൾ തിരഞ്ഞെടുപ്പിനു ശേഷം പതിന്മടങ്ങ് വർധിച്ചു.

2. സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ നടത്തിയ പേജർ സ്ഫോടനത്തിൽ 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പേജർ ആക്രമണത്തിന് താൻ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സെപ്റ്റംബർ 17.18 തീയതികളിൽ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷൻ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവർത്തകർ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്. ഇതേതുടർന്ന് ഹിസ്ബുല്ല ഇസ്രായേലിൽ റോക്കറ്റാക്രമണം നടത്തി. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകളാണ് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല തൊടുത്തത്. 165 ലധികം റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായും ഒരു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുല്ല കർമിയേൽ പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കി.

3. വടക്കൻ ഗാസയിലെ ജബാലിയയിൽ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 33 പലസ്തീൻകാർ കൊല്ലപ്പെട്ടു. 164 പേർക്കു പരുക്കേറ്റു. ഹമാസ് വീണ്ടും സംഘം ചേരുന്നുവെന്നാരോപിച്ച് ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഒരു മാസം പിന്നിട്ടു.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് യെമൻ തലസ്ഥാനമായ സനായിൽ യുഎസ്–ബ്രിട്ടിഷ് സേന ബോംബാക്രമണം നടത്തി.
അതേസമയം വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. വടക്കൻ ഗാസ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനാണു പദ്ധതിയുടെ ഭാഗമാണിത്. ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്. ജബാലിയ, ബെയ്ത്ത് ഹനൂൻ മേഖലകളിൽ 70,000 പലസ്തീൻകാർ ശേഷിക്കുന്നുണ്ടെന്നാണ് യുഎൻ കണക്ക്. ഹനൂനിലെ അഭയകേന്ദ്രമായ സ്കൂളുകൾ വളഞ്ഞ സൈനികടാങ്കുകൾ പലസ്തീൻകാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ഡ്രോണുകൾ വഴിയാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്.
വടക്കൻ ഗാസയിൽ അടിയന്തര ജീവകാരുണ്യത്തിന് 30 ദിവസത്തിനകം അവസരമൊരുക്കണമെന്ന് കഴിഞ്ഞ മാസം 13 ന് യുഎസ് ആവശ്യപ്പെട്ടത് അവഗണിച്ചാണ് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതെന്നും സഹായവിതരണത്തിന് യുഎസ് ആവശ്യപ്പെട്ട ഒരുകാര്യവും ഇസ്രയേൽ ചെയ്തിട്ടില്ലെന്നും ഓക്സ്ഫാം, സേവ് ദ് ചിൽഡ്രൻ, നോർവീജിയൻ റഫ്യൂജി കൗൺസിൽ എന്നിവയടക്കം 8 ജീവകാരുണ്യ സംഘടനകളുടെ റിപ്പോർട്ട് കുറ്റപ്പെടുത്തി. എന്നാൽ, ജബാലിയയിലും ബെയ്ത്ത് ഹാനൂനിലും നൂറുകണക്കിനു ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാൻ അനുവദിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
അതിനിടെ, ഐക്യരാഷ്ട്ര സംഘടനയിലും അനുബന്ധ സമിതികളിലും ഇസ്രയേലിന്റെ പങ്കാളിത്തം മരവിപ്പിക്കണമെന്ന് സൗദിയിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു.

തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡ‍ർമാരെ വധിച്ചെന്ന് ഇസ്രയേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന അറിയിപ്പിൽ പറയുന്നു.

4. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഞായറാഴ്ച പുലർച്ചെ കനത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ഇവയിലേറെയും വെടിവച്ചിട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ മോസ്കോയിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഒരു സ്ത്രീക്കു പരുക്കേറ്റു. മോസ്കോയിലെ 3 രാജ്യാന്തര വിമാനത്താവളങ്ങളിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. 3 മണിക്കൂറോളം ആക്രമണം നീണ്ടു. ആകെ 36 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടെന്ന് റഷ്യ അറിയിച്ചു.
ഇതേസമയം യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നു ഫോണിലൂടെയാണു ട്രംപ് ഇക്കാര്യം പുട്ടിനോട് ആവശ്യപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും സംഭാഷണം. യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെ കുറിച്ച് പുട്ടിനെ ട്രംപ് ഓർമിപ്പിച്ചതായും യുക്രെയ്നിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പുട്ടിനുമായുള്ള ഫോൺ സംഭാഷണത്തിൽ, സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും വിഷയത്തിൽ റഷ്യയുമായി ഭാവി ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത സൂചിപ്പിക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ട്രംപ് ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണു പുട്ടിനുമായുള്ള സംഭാഷണം. അതേസമയം യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന വാർത്ത റഷ്യൻ സർക്കാർ നിഷേധിച്ചു. തികച്ചും തെറ്റായ വിവരമാണ് പുറത്തുവന്നതെന്നും ഒരു ഫോൺ കോളും നടന്നിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

5. ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു. ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞയാഴ്ച, റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിരുന്നു. നിലവിൽ 10 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വൈദ്യുതിയില്ലാത്തത്.

 6. തെക്കൻ ലബനനിൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിനിടെ സെമിത്തേരിക്ക് അടിയിൽ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കം. ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിക്കാനായാണ് സെമിത്തേരിക്ക് താഴെ തുരങ്കം നിർമിച്ചത്. തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യമായ ഐഡിഎഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുരങ്കത്തിൽനിന്ന് ഹിസ്ബുല്ലയുടെ വൻ ആയുധ ശേഖരവും ഐഡിഎഫ് പിടിച്ചെടുത്തു. തുരങ്കത്തിൽ റോക്കറ്റ് സംവിധാനങ്ങൾ, ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, ബുള്ളറ്റുകൾ എന്നിങ്ങനെ വിവിധതരം ആയുധങ്ങളാണ് കണ്ടെത്തിയത്. ഇസ്രയേലിനെതിരായ യുദ്ധത്തിന് വേണ്ടിയാണ് ഹിസ്ബുല്ല ഇത്രയും ആയുധങ്ങൾ ടണലിൽ എത്തിച്ചതെന്നാണ് സൂചന. ആയുധങ്ങൾ നീക്കിയ ശേഷം തുരങ്കം ഐഡിഎഫ് അടച്ചു. ഏകദേശം 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചാണ് തുരങ്കം പൂർണമായും അടച്ചത്.

7. കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ വിശദീകരണം. പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും അവർ അഭ്യർഥിച്ചു. നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംപിലേക്ക് ഖലിസ്ഥാനി സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

8. ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് ഓർബിറ്റൽ. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥാപരിസരത്തിലൂടെ നോവൽ പുരോഗമിക്കുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് എഴുതാനാരംഭിച്ച നോവൽ 2023 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത.

9. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു വേദിയായി വൈറ്റ് ഹൗസ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. “സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” – ബൈഡൻ പറഞ്ഞു. “രാഷ്ട്രീയം കഠിനമാണ്, പല കാര്യങ്ങളിലും ഇത് വളരെ മനോഹരമായ ലോകമല്ല, പക്ഷേ ഇന്ന് ഇതൊരു മനോഹരമായ ലോകമാണ്. സുഗമമായി അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വളരെയധികം അഭിനന്ദിക്കുന്നു. വളരെയധികം അഭിനന്ദിക്കുന്നു” – ട്രംപ് പ്രതികരിച്ചു.

പ്രസിഡന്റ് പദത്തിൽ രണ്ടാം ഊഴത്തിനു മത്സരിച്ച ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2020–ൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡൻ മത്സരരംഗത്ത് എത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ മത്സരത്തിൽ നിന്നു പിന്മാറുകയായിരുന്നു. റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് രണ്ടാം തവണയാണ് യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്നത്. ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേൽക്കും.

10. 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർസിഎൻ. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്.

യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. എല്ലാവരും ചേർന്നുപ്രവർത്തിച്ച് നഴ്സിങ് പ്രഫഷനെ കൂടുതൽ വില മതിക്കുന്നതും ബഹുമാനം അർഹിക്കുന്നതുമാക്കി മാറ്റാനാകും ശ്രമം. അംഗങ്ങൾക്കായി യൂണിയൻ കൂടുതൽ ഒരുമയോടെ കരുത്തുള്ള ശബ്ദമായി മാറുമെന്നും ബിജോയ് വ്യക്തമാക്കി.

11. ദക്ഷിണാഫ്രിക്കയിൽ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു. അനധികൃത ഖനനത്തിനെതിരായ നടപടിയുടെ ഭാഗമായി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഒട്ടേറെ ഖനികളുടെ പ്രവേശനകവാടം സർക്കാർ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ നിന്ന് പുറത്തുവന്ന 20 പേർ ഉൾപ്പെടെ ആയിരത്തിലേറെ തൊഴിലാളികൾ അറസ്റ്റിലായിട്ടുമുണ്ട്. അയൽരാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഇവരിലേറെയും.

12. ഉത്തര കൊറിയയിൽ ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) നിർമിച്ച കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളുടെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് കിം ജോങ്ങിന്റെ തീരുമാനം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം. സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ച് പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനിൽ നിന്നോ ആകാം ഉത്തരകൊറിയയ്‌ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് വിവരം. ഓഗസ്റ്റിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്ധർ പറയുന്നു.

13. ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ട്രംപ് ഭരണത്തിൽ നിർണായക ചുമതല വഹിക്കുക ശമ്പളമില്ലാതെ. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പാണ് ഇരുവർക്കും ട്രംപ് നൽകിയിരിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യാൻ ഇരുവരും ശമ്പളം വാങ്ങുന്നില്ലെന്ന് മസ്ക് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു എക്സ് പോസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ‘‘നിങ്ങളെപ്പോലെയല്ല, ഞങ്ങൾ രണ്ടു പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളം വാങ്ങുന്നില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം.’’– ഇതായിരുന്നു മസ്കിന്റെ മറുപടി. ശമ്പളമില്ലാത്ത മന്ത്രിമാരെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ച ആരംഭിച്ചിട്ടുണ്ട്. ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനക്രമീകരണം എന്നിവയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ലക്ഷ്യങ്ങൾ.

ഇതേസമയം ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ വാണിജ്യ സാധ്യതകൾ കണ്ടെത്താനും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്. ഇസ്രയേലിനു മേൽ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ക്ക്‌ മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കണമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

14. വാക്സീൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കയെ വീണ്ടും ആരോഗ്യത്തിലേക്കെത്തിക്കാൻ ആർഎഫ്കെ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരോഗ്യവിദഗ്ധരിൽനിന്ന് ഉയരുന്നത്. കെന്നഡിക്ക് മു‍ൻ പരിചയമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്നതാണെന്നും അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) കുറ്റപ്പെടുത്തി. വാർത്ത പുറത്തുവന്നതോടെ, വാക്സീൻ നിർമാണ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ സഹോദരപുത്രനാണ് റോബർട്ട്.

15. ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു. മുൻ ചക്രവർത്തി ഹിരോഹിതോയുടെ ഇളയസഹോദരൻ മികാസ രാജകുമാരന്റെ പത്നിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബ് വർഷത്തിൽ വീടു തകർന്നതിനെത്തുടർന്ന് താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന യുറീകൊ, ഭർത്താവിന്റെ ചരിത്രഗവേഷണത്തിനു പിന്നിലെ കരുത്തായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുകയും യുദ്ധങ്ങളെ വെറുക്കുകയും ചെയ്തിരുന്ന മികാസ രാജകുമാരൻ 100–ാം വയസ്സിലാണു മരിച്ചത്. യുറീകൊയുടെ വിയോഗത്തോടെ രാജകുടുംബത്തിൽ 4 പുരുഷൻമാരടക്കം 16 പേർ മാത്രമാണ് അവശേഷിക്കുന്നത്. ജപ്പാനിലെ നിയമപ്രകാരം പുരുഷൻമാർക്കു മാത്രമേ ചക്രവർത്തിയാകാൻ കഴിയൂ.

16. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽ‌കിയതായും അദ്ദേഹം എക്സിൽ കുറിച്ചു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്കു നേരെ ഒക്ടോബർ 19ന് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരാൾ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു.

സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments