Thursday, December 26, 2024
Homeഅമേരിക്കകടലോളം സ്നേഹമുള്ള ഒമാൻ .. ✍അഫ്‌സൽ ബഷീർ തൃക്കോമല

കടലോളം സ്നേഹമുള്ള ഒമാൻ .. ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ഒമാൻ ഭരണാധികാരിയും രാഷ്ട്ര പിതാവുമായ സുൽത്താൻ ഖാബൂസ് ബിൻ സൈദിന്‍റെ ജന്മ ദിനമായ നവംബർ 18 ആണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്.1940 നവംബർ 18ന് സുൽത്താൻ സഈദ് ബിൻ തൈമൂർന്റെയും മസൂൺ അൽ മാഷനി റാണിയുടേയും മകനായി സലാലയിൽ ജനിച്ചു. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും യോഗ്യതകൾ നേടി.

1970 ൽ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിവന്നിരുന്ന ഒരു ആശുപത്രിയും മൂന്ന് സ്കൂളുകളും, വളരെ കുറച്ചു ടാര്‍ റോഡും മാത്രമായിരുന്നു ഒമാനിന്റെ അടിസ്ഥാന സൗകര്യം. 1970 ജുലായ് 23ന് ഒമാന്റെ ഭരണ സാരഥ്യം ഏറ്റെടുത്തുകൊണ്ട് സീബ് അന്താരാഷ്ട്ര വിമാനത്താവളവും സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിക്കൊണ്ട് ഒമാനിലെ ആദ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച അദ്ദേഹം പെട്രോളിയത്തിനു പുറമെ ക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോൺ, ജിപ്സം, സിലിക്കൺ,കോപ്പർ, ഗോൾഡ്, കൊബാൾട്ട്, ഇരുമ്പ് തുടങ്ങി ഒമാൻറെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ആകർഷകമായ വിനോദസഞ്ചാര മേഖലകൾ കണ്ടെത്തി അന്താരാഷ്‌ട്ര തലത്തിൽ അവതരിപ്പിക്കുകയും വിനോദ സഞ്ചാരികളെ ആകര്ഷിക്കത്തക്ക രീതിയിൽ തനതു ശൈലിയിൽ ചരിത്ര സ്മാരകങ്ങൾ പുനഃക്രമീകരിക്കുകയും വിനോദ സഞ്ചാര മേഖലകൾ പരിപോഷിപ്പിക്കുകയും ചെയ്തു. . മാത്രമോ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും പ്രാധാന്യം നൽകി എല്ലാ വിഭാഗം ആളുകളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി .ഒപ്പം ഒമാൻ മുഴുവൻ ബന്ധിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യയിൽ റോഡുകളുംഅതിവേഗ ഹൈവേകളും താരതമ്യേന ഉൾപ്രദേശങ്ങളുള്പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുറന്നു ലോകത്തെ മികച്ച സമാധാനമായി ആർക്കും ജീവിക്കാൻ കഴിയുന്ന രാജ്യമാക്കി മാറ്റി .

ഒമാനിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവുമുൾപ്പടെ രണ്ട് ഹിന്ദു ക്ഷേത്രങ്ങളുണ്ട്. അതിൽ വാസ്തുവിദ്യകളാൽ പണി തീർത്ത ശിവക്ഷേത്രം മധ്യ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. വർഷം മുഴുവനും വറ്റാത്ത വെള്ളമുള്ള കിണറാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്.മനോഹരമായ താഴ്‌വരകളാലും മരുഭൂമി പ്രദേശങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ശ്രീകൃഷ്ണ ക്ഷേത്ര വളപ്പിൽ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ ഗണപതി ക്ഷേത്രം, മാതാജി ക്ഷേത്രം എന്നിവയുൾപ്പെടെ മൂന്ന് ക്ഷേത്രങ്ങളുണ്ട് .തദ്ദേശീയരായ ഹിന്ദു ന്യൂനപക്ഷങ്ങളുള്ള മധ്യ ഏഷ്യയിലെ ഏക രാജ്യമാണ് ഒമാൻ എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. കൂടാതെ ക്രിസ്ത്യൻ, ജൈന മത ദേവാലയങ്ങളും ഒമാനിലുണ്ട് .എന്നത്
കൊണ്ട് തന്നെ മത നിരപേക്ഷതയിൽ ഒമാൻ ലോകത്തെ മാതൃകാ സ്ഥാനങ്ങളിലൊന്നാണ് .

ബ്രിട്ടീഷുകാർ കേരളത്തിൽ നിന്നും നാട് കടത്തിയ മമ്പുറം തങ്ങളുടെ മകൻ ഫസൽ പൂക്കോയ തങ്ങൾ 1874 മുതൽ 1879 വരെ ഒമാനിലെ ദോഫാറിന്റെ ഭരണാധികാരിയായത് ചരിത്രത്തിലെ ഏറ്റവും വലിയ കൗതുകകളിൽ ഒന്നാണ്. പിന്നീട് 1932 മുതൽ 1939 വരെ ഇന്ത്യക്കാരനായ ആർ .എ സ് . മാലിക് ബ്രിട്ടനുവേണ്ടി ഒമാൻ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മാത്രമോ ഇന്ത്യൻ രൂപ ഒമാനിൽ സാമ്പത്തിക വിനിമയത്തിനായി ഉപയോഗിച്ചിരുന്നു . മറ്റു ജി.സി.സി രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങി 20 ഓളം രാജ്യങ്ങള്‍ സാമ്പത്തിക വിനിമയത്തിന് ഇന്ത്യന്‍ രൂപ ഉപയോഗിച്ചിരുന്നതായും ചരിത്രം രേഖപെടുത്തുന്നു . അത് കൊണ്ടാകാം പ്രവാസികളായി ജോലി തേടി ഒമാനിലേക്ക് വരുന്ന ഇന്ത്യൻ ജനതയോട് ഈ നാട് കാണിക്കുന്ന മുന്തിയ പരിഗണന .

1965 ന് ശേഷമാണ് മലയാളികളടക്കമുള്ള വിദേശികൾ വ്യാപകമായി ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയത് .ജിവിതം പച്ചപിടിപ്പിക്കുന്നതിന് വേണ്ടി പ്രവാസ ലോകത്തെത്തിയവരിൽ താരതമ്യേന കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും.എന്നാൽ ഇന്ത്യ അടക്കമുള്ള സ്വന്തം രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള വളർച്ചയിൽ ഇക്കൂട്ടരുടെ സംഭാവന നിസ്തുലമാണ് .വലിയ നിലയിൽ ജോലി നോക്കുന്ന ആളുകൾ കുറവാകാനുള്ള പ്രാധാന കാരണം പ്രൊഫഷണൽ പഠനം പൂർത്തി ആക്കിയവരിലെ പ്രതിഭകൾ എത്തുന്നില്ല എന്നുള്ളത് തന്നെയാണ് . നല്ല നിലയിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന പ്രവാസികളിൽ അധികം പേരും കിട്ടുന്ന പണത്തിന്റെ നല്ലൊരു ശതമാനവും ആഡംബരങ്ങൾക്കുപയോഗിക്കുന്നു എന്നത്‌ ഏറെ ചര്ച്ച ചെയ്യപ്പെടുന്നുണ്ട് .കൂടാതെ പ്രവാസി വിദ്യാർത്ഥികൾക്ക് ഗൾഫ് നാടുകളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി വരുന്ന ഭാരിച്ച ചെലവും .കൈയിൽ മിച്ചം വരുന്നതും ബാങ്ക് ലോണും കൂടി തരപ്പെടുത്തി നാട്ടിൽ അയൽകാരന്റെ വീടിനേക്കാളും വലിയ വീട് വെച്ച് സായൂജ്യം അടയുന്നവർ തിരിച്ചു നാട്ടിൽ എത്തുമ്പോൾ വീടിന്റെ ദൈനം ദിന ചിലവുകൾ നടത്താനായി കൈ നീട്ടേണ്ട അവസ്ഥയിൽ എത്തിയാലും അത്ഭുദപ്പെടേണ്ടതില്ല . ജീവിതത്തിന്റെ സിംഹ ഭാഗവും വിദേശത്തു ജോലി ചെയ്തു മടങ്ങിയിട്ട് വീട് വിറ്റു സെറ്റിൽ ചെയ്യാമെന്ന വാക്ക്‌ പ്രവാസത്തിന്റെ അതി ദയനീയമായി
കാഴ്ചയാണ് .

കൃത്യമായ ബജറ്റു തയാറാക്കി കിട്ടുന്ന വരുമാനത്തിനനുസരിച്ചു ജീവിക്കാൻ ശീലിച്ചാൽ ഏതു വരുമാനകാരനും ഭാവിയിലും സന്തോഷിക്കാൻ വകയുണ്ടാകും. എന്തായാലും വികസിത രാജ്യങ്ങളായ ഗൾഫിലെ ഒമാൻ അടക്കം വിദേശികളായ ആളുകളെ അതിഥികളായി കണ്ട് ജോലിയും അന്നവും തന്ന് നാട്ടിലുള്ള ബന്ധുക്കളെ ഉൾപ്പെടെ തീറ്റി പോറ്റുമ്പോൾ ഈ നാടിൻറെ ദേശീയ ദിനത്തിൽ അവരോടൊപ്പം നമ്മളും പങ്കാളികളാകേണ്ടതുണ്ട് .ഒമാനിലെ വിദേശീയരായവരോട് ഈ നാട്ടിലെ ഭരണകൂടവും ജനങ്ങളും നല്കുന്ന സുരക്ഷിതത്വവും പരിഗണനയും നമ്മുടെ നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളോട് പോലുംനാം കാണിക്കുന്നില്ല എന്നതാണ്‌ സത്യം.

2020 ജനുവരി 10 നു നമ്മെ വിട്ടു പിരിഞ്ഞ ആധുനിക ഒമാന്റെ ശില്പിയും രാഷ്ട്ര പിതാവുമായ നാല്പത്തൊമ്പതു വര്ഷം ഭരണ നിർവഹണം കൃത്യമായി നടപ്പാക്കിയ സുൽത്താൻ ഖാബൂസ് ബിൻസൈദ് വികസന പ്രവർത്തനങ്ങൾ മാത്രമല്ല ഒരു ജനതയുടെ യഥാർത്ഥ നവോത്ഥാനവും നടപ്പിലാക്കിയിട്ടുണ്ട് . അതിന്റെ തുടർച്ചയായി അധികാരമേറ്റ സുൽത്താൻ ഹൈതം ബിൻ സൈദ് വിട്ടുവീഴ്ചയില്ലാതെ യഥാവിധി തുടരുന്നു . ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാഷ്ട്രങ്ങൾ ആ മാതൃക ഏറ്റെടുക്കുകേണ്ടതുണ്ട് .

വ്യക്തിപരമായി കഴിഞ്ഞ പതിനെട്ടു വർഷമായി ഒമാനിൽ തുടരുന്ന എനിക്ക് നിരവധി സ്വദേശി സൗഹൃദങ്ങളുണ്ട് അവരിൽ ചിലരെങ്കിലും സഹോദര തുല്യരുമാണ് .ഇത്രയും ആതിഥ്യ മര്യാദയും വ്യക്തി ബന്ധങ്ങൾ കാത്തു
സൂക്ഷിക്കുകയും പിണക്കങ്ങൾ മനസ്സിൽ വെച്ച് പെരുമാറാത്തവരും മറ്റൊരു സ്ഥലത്തും ഉണ്ടാകില്ല എന്നതാണ് അനുഭവം. പ്രവാസ ജീവിതത്തിനിടയിൽ നിരവധി സാമൂഹിക സാംസ്കാരിക മത വിദ്യാഭ്യാസ, പ്രത്യേകിച്ച് സാഹിത്യ രംഗങ്ങളിൽ ഒക്കെ പ്രവർത്തിക്കാൻ കഴിഞ്ഞതും ഇവിടെ പ്രവാസികളിൽ നിന്നും പ്രവാസി
സംഘടനകളിൽ നിന്നുമൊക്കെ ലഭിക്കുന്ന പിന്തുണയും അതിനൊക്കെ
അപ്പുറം എന്റെ കൂട്ട് സ്ഥാപനങ്ങളുടെയും ഒമാൻ സർക്കാരിൽ ജോലി ചെയ്യുന്ന സഹധർമ്മിണിയുടെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിലൂടെ ലഭിച്ച സാമ്പത്തിക മുന്നേറ്റങ്ങളും ഒമാനിൽ നിന്ന് ലഭിച്ച വലിയ നേട്ടമായി കാണുന്നു .

ഇത്രയധികം മലയാളികളെ ഉൾപ്പടെ ഇന്ത്യൻ സമൂഹത്തിനു അന്നമൂട്ടുന്ന രാജ്യത്തിന്റെ അൻപത്തി നാലാമത് ദേശീയ ദിനത്തിൽ സ്വദേശികളോടൊപ്പം നാം ഓരോരുത്തരും പങ്കു ചേരണം.

ഒമാൻ ദേശീയ ദിനാശംസകൾ …

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments