ടാസ്‌മാനിയ: ദയാവധം കാത്ത് തൊണ്ണൂറോളം തിമിംഗലങ്ങൾ. ഓസ്‌ട്രേലിയയിലെ ടാസ്‌മാനിയൻ കടൽത്തീരത്ത് കൂട്ടത്തോടെ കുടുങ്ങിയ 90 തിമിംഗലങ്ങളെയാണ് ദയാവധത്തിന് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചത്. സമുദ്രത്തിലെ പ്രക്ഷുബ്ധമായ കാലാവസ്ഥ കാരണം അവയെ രക്ഷപ്പെടുത്താൻ സാധിക്കാത്തതിനാലാണ് തീരുമാനമെന്ന് വിദഗ്‌ധ സംഘം അറിയിച്ചു.
ടാസ്മാനിയയുടെ പ്രകൃതിവിഭവ പരിസ്ഥിതി വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച വൈകിട്ടോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള ആർതർ നദിക്ക് സമീപം 150 ലധികം തിമിംഗലങ്ങൾ അകപ്പെട്ടു. അവയിൽ കുറേ എണ്ണം ചത്തൊടുങ്ങിയതായും കണ്ടെത്തി. ശേഷിക്കുന്ന 90 എണ്ണത്തിനെയാണ് ധയാവധത്തിന് വിധേയമാക്കുന്നത്. രക്ഷാപ്രവർത്തകർ ഇവയെ കടലിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും, കാറ്റും കടൽ പ്രക്ഷുബ്ധവും കാരണം അവ കരയിലേക്ക് മടങ്ങുകയായിരുന്നു.
കടൽത്തീരത്തെ തിമിംഗലങ്ങൾക്ക് വളരെ കുറഞ്ഞ സമയം മാത്രമേ അതിജീവിക്കാൻ സാധിക്കുകയുള്ളു. ഏകദേശം ആറ് മണിക്കൂർ മാത്രമേ അവയ്ക്ക് കരയിൽ ജീവൻ ഉണ്ടാവുകയുള്ളു എന്നും സമുദ്ര ശാസ്ത്രജ്ഞർ പറഞ്ഞു.
50 വർഷങ്ങൾക്ക് മുമ്പ് 1974 ജൂണിൽ ദ്വീപിന്റെ വടക്കൻ തീരത്തുള്ള ബ്ലാക്ക് റിവർ ബീച്ചിൽ 160 മുതൽ 170 വരെ തിമിംഗലങ്ങളെ കണ്ടെത്തിയിരുന്നു. അതിൽ എത്രയെണ്ണം അതിജീവിച്ചുവെന്ന് വ്യക്തമല്ല. ടാസ്മാനിയയിൽ തിമിംഗലങ്ങൾ ഒരു സംരക്ഷിത ഇനമാണ്.”