Tuesday, December 3, 2024
Homeഅമേരിക്കഇന്ത്യയോട് ഇടഞ്ഞതിന് പിന്നാലെ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പടയൊരുക്കം, രാജി വെയ്ക്കാൻ സമ്മർദ്ദം.

ഇന്ത്യയോട് ഇടഞ്ഞതിന് പിന്നാലെ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പടയൊരുക്കം, രാജി വെയ്ക്കാൻ സമ്മർദ്ദം.

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ പാർട്ടിയിലെ അംഗങ്ങൾ ട്രൂഡോയ്ക്ക് ഒക്ടോബർ 28 വരെ സമയം അനുവദിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 28ന് മുമ്പ് രാജി വെച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ലിബറൽ എംപിമാർ നൽകിയിട്ടുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ ലിബറൽ പാർട്ടിയിൽ നിന്നുള്ള 20-ലധികം എംപിമാർ‍ ഒപ്പുവെച്ചു. ഇവരിൽ മൂന്ന് പേർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്തു. പാർലമെൻ്റിലെ ലിബറൽ അംഗങ്ങളുമായി ട്രൂഡോ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ വീണ്ടും മത്സരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ട്രൂഡോ ഈ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായില്ല.

ട്രൂഡോയുടെ ലിബറൽ പാർട്ടി അടുത്തിടെ ദീർഘകാലമായി കൈവശം വെച്ചിരുന്ന രണ്ട് ജില്ലകളായ ടൊറൻ്റോയിലും മോൺട്രിയലിലും പ്രത്യേക തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടിരുന്നു. ഇത് ട്രൂഡോയുടെ നേതൃത്വത്തെക്കുറിച്ച് പാർട്ടിയിൽ സംശയം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെ പോളിം​​ഗിലുണ്ടാകുന്ന കുറവും ലിബറൽ പാർട്ടിയ്ക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത നഷ്ടപ്പെടുന്നതും അണികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കാനഡയിൽ കഴിഞ്ഞ 100 വർഷത്തിനിടെ ഒരു പ്രധാനമന്ത്രിയും തുടർച്ചയായി നാല് തവണ വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി തുടരുകയാണ്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യാ ​ഗവൺമെൻ്റിന് പങ്കാളിത്തമുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു.

തുടർന്ന് പരസ്പരം ഉദ്യോ​ഗസ്ഥരെ പുറത്താക്കിയാണ് ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായി ചെറുക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments