വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഐസി ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്.
കൽപറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനെയും ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പ്രതികൾ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നൽകിയത്.
എൻഎം വിജയന്റെ മരണക്കുറിപ്പ് പ്രകാരമാണ് ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തത്. മൂന്നു പേരുടെയും പേരുകൾ മരണക്കുറിപ്പിൽ വിജയൻ പരാമർശിച്ചിരുന്നു. അതിനാൽ തന്നെ പ്രേരണക്കുറ്റം അനുസരിച്ചാണ് കേസ് ചുമത്തിയത്.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിക്കുകയായിരുന്നു. വയനാട്ടിലെ കോൺഗ്രസ് അധീനതയിലുള്ള സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിന്റെ ബാധ്യത എൻഎം വിജയനിൽ മാത്രം അവശേഷിപ്പിച്ച് നേതാക്കൾ പണം തട്ടിയതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് മരണക്കുറിപ്പിൽ പറഞ്ഞിരുന്നത്.