Saturday, January 11, 2025
Homeകേരളംകെഎസ്ഇബി പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നു: വൈദ്യുതി മുടങ്ങാതെ അറ്റകുറ്റപ്പണികൾ നടത്തുന്നു

കെഎസ്ഇബി പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നു: വൈദ്യുതി മുടങ്ങാതെ അറ്റകുറ്റപ്പണികൾ നടത്തുന്നു

തിരുവനന്തപുരം: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന വാർത്ത കാണാത്ത ദിവസം ഉണ്ടാകില്ല. ഇന്ന് വൈദ്യുതി മുടങ്ങും എന്ന തലക്കെട്ടിൽ ഓരോ സബ്സെക്ഷനുകളുടെയും ട്രാൻസ്ഫോമർ പരിധികളുടെയും വിശദാംശങ്ങൾ കെഎസ്ഇബി പ്രസിദ്ധീകരിക്കുന്നതും പതിവ് കാഴ്ചയാണ്.

എന്നാൽ ഇനി ലൈനിൽ പണി നടത്താൻ വൈദ്യുതി ഓഫാക്കേണ്ടെങ്കിലോ? അങ്ങനെയൊരു കാലം വരുമോയെന്ന് സംശയമുണ്ടാകുമല്ലേ?, എന്നാൽ ആ കാലം അത്ര വിദൂരമല്ലെന്നാണ് തലസ്ഥാനത്ത് നിന്നുള്ള വാർത്ത പറയുന്നത്. വൈദ്യുതി ഓഫ് ചെയ്യാതെ തന്നെ ലൈനിൽ അറ്റകുറ്റപ്പണിയെടുക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കെഎസ്ഇബി പരീക്ഷിച്ചിരിക്കുകയാണ്.

സ്വകാര്യ കമ്പനി നിർമിച്ച ഉപകരണം ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. ഈ ഉപകരണം ഉപയോഗിച്ച് വൈദ്യുതി ബന്ധം വിഛേദിക്കാതെ തന്നെ ലൈനിലെയും മറ്റും അറ്റകുറ്റപ്പണികൾ നടത്താൻ കഴിയും. ഇന്നലെ നേമത്ത് 11 കെവി ലൈനിലാണ് ഈ വിധത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയത്.

ഭൂമിയുമായുള്ള സമ്പർക്കം ഒഴിവാക്കി, ക്രെയിൻ പോലെയുള്ള ഉപകരണത്തിൽ ജീവനക്കാരെ വൈദ്യുതി ലൈനിലേക്ക് ഉയർത്തിയാണ് പണികൾ നടക്കുക. ജീവനക്കാർ നിൽക്കുന്ന പ്ലാറ്റ്ഫോം വൈദ്യുതി പ്രവഹിക്കാത്ത അവസ്ഥയിലാക്കും. ജീവനക്കാരുടെ ശരീര ഭാഗങ്ങൾ വൈദ്യുതി ലൈനിൽ തൊടാത്തവിധം ഇൻസുലേറ്റഡ് ഗ്ലൗ ഉൾപ്പെടെയുള്ള ആവരണങ്ങൾ ധരിക്കുകയും ചെയ്താണ് അറ്റകുറ്റപ്പണിയിലേക്ക് കടക്കുക.

അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെ എന്തെങ്കിലും കാരണവശാൽ വൈദ്യുതി പ്രവാഹമുണ്ടായാൽ സബ്സ്റ്റേഷനിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യും. കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് പരീക്ഷണം നടത്തിയ ശേഷമാണ് തിരുവനന്തപുരം പാപ്പനംകോട് തൃക്കണ്ണാപുരം റോഡിലെ 11 കെവി ലൈനിൽ പരീക്ഷണം നടത്തിയത്.

33 കെവി ലൈനിൽ വരെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നതാണ് ഈ ഉപകരണം. അതേസമയം വലിയ തുക ചെലവാകുമെന്നതിനാൽ പ്രായോഗികതയിൽ സംശയമുണ്ട്. ഈ യന്ത്രം ഉപയോഗിച്ച് പണികൾ ചെയ്യുമ്പോൾ ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നതാണ് നേട്ടം.

പോസ്റ്റിലെ കേടുവന്ന ഉപകരണങ്ങളുടെ മാറ്റം, അയഞ്ഞുകിടക്കുന്ന വൈദ്യുതി ലൈനിന്‍റെ മുറുക്കൽ, പുതിയ ലൈനുകളുടെ കൂട്ടിച്ചേർക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം വൈദ്യുതി വിതരണം നിർത്തിവയ്ക്കാതെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഉപകരണത്തിന്‍റെ ഒരു യൂണിറ്റിന് 4 – 6 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതിനാൽ എത്ര ഡിവിഷനുകൾക്ക് ഇത് ലഭ്യമാകുമെന്നതിൽ ആശങ്കയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments