ചാലക്കുടി : മസ്‌തകത്തിൽ മുറിവേറ്റ ആനയ്‌ക്ക് ചികിത്സയ്‌ക്കായി മയക്കുവെടി വച്ചപ്പോൾ നിലത്തുവീഴാതെ ചേർത്തുനിർത്തി മറ്റൊരു കാട്ടാന. ഏഴാറ്റുമുഖം ഗണപതിയെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് വെടിശബ്ദം കേട്ടിട്ടുപോലും പതറാതെ ഉറ്റചങ്ങാതിയെ താങ്ങിനിർത്തിയത്. ആനക്കലിയുടെ കാലത്ത് സ്നേഹത്തിന്റെ ഈ ആനക്കൂട്ട് മലയാളികൾ നെഞ്ചേറ്റി.
ബുധനാഴ്‌ച രാവിലെ മസ്‌തകത്തിൽ മുറിവേറ്റ കൊമ്പനൊപ്പം ഗണപതിയുണ്ടായിരുന്നു. വെറ്റിലപ്പാറ ചിക്ലായിയിലാണ് രാവിലെ രണ്ടാനകളെയും ആദ്യം കണ്ടത്. പിന്നെ ചാലക്കുടിപ്പുഴ കടന്ന് കാലടി പ്ലാന്റേഷനിലെത്തി. ഇതിനിടെ ഡോ. അരുൺ സക്കറിയ ആനയ്‌ക്ക് മയക്കുവെടിവച്ചു. മയക്കത്തിലായ കൂട്ടുകാരനെ തള്ളിയും ഉന്തിയും ഉണർത്താൻ പലവട്ടം ഗണപതി ശ്രമിച്ചു. കൊമ്പനെ താങ്ങി കുറേദൂരം നടന്നു. ഇതിനിടെ മയക്കുവെടിയേറ്റ ആന നിലത്തുവീണു. ഈ സമയം ദൗത്യസംഘം റബർ ബുള്ളറ്റുപയോഗിച്ച് ശബ്ദമുണ്ടാക്കി ഗണപതിയെ വിരട്ടിയകറ്റി. കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റുമ്പോഴും ഗണപതി കാട്ടിനുള്ളിലേക്ക് പോയിരുന്നില്ല. വർഷങ്ങളായി അതിരപ്പിള്ളിയിലെ കാട്ടിലും നാട്ടിലുമുള്ള ഗണപതി ഭക്ഷണത്തിനായി കൃഷിയിടങ്ങളിലിറങ്ങുമെങ്കിലും ആളുകളെയും വാഹനങ്ങളെയും ആക്രമിക്കില്ല. നാട്ടുകാരിട്ട പേരാണ് ഗണപതി.
മയക്കുവെടിവച്ച് പിടിച്ച് കൊമ്പനെ ചികിത്സ നൽകി കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റി. പ്രത്യേകം അനിമൽ ആംബുലൻസിലാണ് അഭയാരണ്യത്തിൽ എത്തിച്ചത്. നെറ്റിയിലെ മുറിവിന് 30 സെന്റീമീറ്റർ ആഴമുണ്ട്. ഒന്നരമാസം ചികിത്സ നൽകാനാണ് തീരുമാനം”