കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിരുനെൽവേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ(30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.