ബെംഗളൂരു നഗരത്തിൽ ബംഗ്ലാദേശ് സ്വദേശിയായ 28 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10 ഓടെ കൽകെരെ തടാകത്തിന് സമീപത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് പലതവണ അടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു.
പോസ്റ്റ്മർട്ടം റിപ്പോർട്ടിൽ നിന്നും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ അപ്പാർട്ട്മെന്റുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്ന യുവതി ആറു വർഷമായി ഭർത്താവിനും 3 കുട്ടികൾക്കും ഒപ്പം ബെംഗളുരുവിൽ താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് യുവതി വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് തടാകത്തിന് സമീപം ആളൊഴിഞ്ഞ ഇടത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.
യുവതിയുടെ ഭർത്താവ് നിയമപ്രകാരമാണ് ഇന്ത്യയിൽ എത്തിയത്. എന്നാൽ യുവതിക്ക് പാസ്പോർട്ട് ഇല്ലായിരുന്നു എന്ന് പൊലീസ് പറയുന്നു. ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.