കറാച്ചി : എട്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ട്രോഫി ഏകദിന ക്രിക്കറ്റിന് വീണ്ടും പുതുജീവൻ. ഇന്ന് ആദ്യ മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. കറാച്ചി നാഷണൽ സ്‌റ്റേഡിയത്തിൽ പകൽ രണ്ടരയ്‌ക്കാണ് കളി. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. നാളെ ബംഗ്ലാദേശിനെ നേരിടും.
എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ ടീമുകളാണ്. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ ടീമുകളും ഉൾപ്പെടുന്നു. മാർച്ച് ഒമ്പതിന് നടക്കുന്ന ഫൈനൽ അടക്കം 15 കളിയാണുള്ളത്. 29 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് പാകിസ്ഥാനിൽ ഐസിസി ടൂർണമെന്റ് വരുന്നത്. ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നിവയാണ് വേദികൾ. രാഷ്‌ട്രീയ കാരണങ്ങളാൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്നില്ല.
ചാമ്പ്യൻസ് ട്രോഫിക്ക് ഒരാഴ്‌ചമുമ്പ് നടന്ന ത്രിരാഷ്‌ട്ര പരമ്പരയിൽ പാകിസ്ഥാൻ റണ്ണറപ്പായെങ്കിലും മൂന്നുകളിയിൽ രണ്ടിലും തോറ്റു. മുഹമ്മദ് റിസ്വാൻ ക്യാപ്‌റ്റനായ ടീമിൽ ബാബർ അസമും ഫഖർ സമാനുമാണ് ഓപ്പണിങ് കൂട്ടുകെട്ട്. പേസ്‌നിരയിൽ ഷഹീൻ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഫോമിലല്ല.
ന്യൂസിലൻഡ് 2000ൽ ജേതാക്കളായിരുന്നു. ഓൾറൗണ്ടർമാർക്കൊപ്പം മികച്ച ബാറ്റിങ് നിരയുമുണ്ട്. സ്‌പിന്നർ മിച്ചെൽ സാന്റ്‌നെർ നയിക്കുന്ന ടീമിൽ കെയ്‌ൻ വില്യംസണിന്റെ സാന്നിധ്യവുമുണ്ട്. പേസർ ലോക്കി ഫെർഗൂസണ് പകരം കൈൽ ജാമിസൺ കളിക്കും.
ജേതാക്കൾക്ക് സമ്മാനത്തുക 19.45 കോടി രൂപ. റണ്ണറപ്പിന് 9.72 കോടി. സമ്മാനത്തുകയിൽ 53 ശതമാനം വർധനയാണ്. ആകെ 59.9 കോടി രൂപ സമ്മാനത്തുകയായി നൽകും.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ രണ്ടുതവണ ജേതാക്കളായി. ഒടുവിൽ കിരീടം 2013ലാണ്. 2002ൽ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്തജേതാക്കളായിരുന്നു. ഓസ്‌ട്രേലിയക്കും രണ്ട് കിരീടമുണ്ട്–-2006, 2009. ആദ്യ ചാമ്പ്യൻഷിപ്പിൽ (1998) ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ന്യൂസിലൻഡും (2000), വെസ്‌റ്റിൻഡീസും (2004) കപ്പ് നേടിയിട്ടുണ്ട്. 2017ൽ അവസാന കിരീടം പാകിസ്ഥാനാണ്.