Thursday, December 26, 2024
Homeകേരളംനിരത്തിലിറങ്ങും 500 പുത്തൻ കെഎസ്‌ആർടിസി ബസ്‌.

നിരത്തിലിറങ്ങും 500 പുത്തൻ കെഎസ്‌ആർടിസി ബസ്‌.

തിരുവനന്തപുരം; കൂടുതൽ റൂട്ടുകൾ, യാത്രാസൗകര്യം എന്നിവ ലക്ഷ്യമിട്ട്‌ കെഎസ്‌ആർടിസി 500 ബസുകൾ വാങ്ങും. അതിൽ 220 എണ്ണം മിനി ബസാണ്‌. ശരാശരി 32 മുതൽ 35 സീറ്റ്‌ ഇതിലുണ്ടാകും.   ടാറ്റ, ഐഷർ എന്നിവയിൽനിന്നാകും ഇവയെടുക്കുകയെന്നാണ്‌ വിവരം. മലയോരങ്ങളിലും ഇടത്തരം നഗരങ്ങളിലും ഓടിക്കാൻ പാകത്തിലുളളത്‌ ഏതെന്ന്‌ വിലയിരുത്താൻ പരീക്ഷണ ഓട്ടം തുടങ്ങി.

പത്തനാപുരത്തായിരുന്നു പരീക്ഷണ ഓട്ടം ആരംഭിച്ചത്‌. അടുത്തദിവസം തിരുവനന്തപുരത്തിന്റെ മലയോരമേഖലയിൽ സർവീസ്‌ നടത്തും. ബിസിനസ്‌ യാത്രക്കാരെ ആകർഷിക്കാനായി ആരംഭിച്ച സൂപ്പർഫാസ്‌റ്റ്‌ പ്രീമിയത്തിന്‌ മികച്ച കലക്‌ഷനാണ്‌ ലഭിക്കുന്നത്‌. തിരുവനന്തപുരം–- എറണാകുളം, തിരുവനന്തപുരം– കോഴിക്കോട്‌, തിരുവനന്തപുരം–- പാലക്കാട്‌ റൂട്ടിൽ 40 ബസ്‌ വാങ്ങിക്കും. ഇതിന്‌ കലാസംവിധായകൻ സാബു സിറിൾ ഡിസൈൻ ഒരുക്കും.

ഫാസ്‌റ്റ്‌ പാസഞ്ചർ/സൂപ്പർഫാസ്‌റ്റ്‌  സർവീസുകൾക്കായാണ്‌ 250 ബസ്‌ വാങ്ങിക്കുന്നത്‌. ടേക്ക്‌ ഓവർ സർവീസുകൾക്ക്‌ ഉൾപ്പെടെ കൂടുതൽ ബസുകൾ ആവശ്യമുണ്ട്‌. അതിനിടെ സൂപ്പർഫാസ്‌റ്റ്‌ ബസുകൾ ലിമിറ്റഡ്‌ സൂപ്പർഫാസ്‌റ്റാക്കി മാറ്റുന്ന നടപടി തുടരുകയാണ്‌.  എല്ലാഡിപ്പോയിലും കയറി സമയം കളയാതിരിക്കാനാണ്‌ നടപടി. എംസി റോഡ്‌ വഴി സർവീസ്‌ നടത്തുന്ന സൂപ്പർഫാസ്‌റ്റ് ലിമിറ്റഡ്‌ ബസിന്റെ മുന്നിലെ ബോർഡിൽ ‘LS1’  ,‘LS2 ’ എന്നിങ്ങനെ പച്ചപ്രതലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ LS1  കിളിമാനൂർ, ‌പന്തളം, ഏറ്റുമാനൂർ, പുതുക്കാട്‌ ഡിപ്പോകളും ‘LS2 ’ വെഞ്ഞാറമ്മൂട്‌, കൂത്താട്ടുകുളം, ചാലക്കുടി ഡിപ്പോകളും ഒഴിവാക്കും.

ദേശീയപാത വഴി പോകുന്ന സൂപ്പർഫാസ്‌റ്റ്‌ ബസുകൾക്ക്‌
മഞ്ഞപ്രതലത്തിൽ ‘LS1’ ,‘LS2’ എന്ന്‌ എഴുതിയിട്ടുണ്ടാകും. ‘ LS1’ ബസ്‌ കണിയാപുരം, ചേർത്തല, എറണാകുളം, ആലുവ, പുതുക്കാട്‌ എന്നീ ഡിപ്പോയിൽ കയറില്ല.‘LS2’ ബസ്‌ ചാത്തന്നൂർ, ഹരിപ്പാട്‌, വൈറ്റില, ആലുവ എന്നീ ഡിപ്പോകൾ ഒഴിവാക്കും. രാത്രികാലങ്ങളിൽ ഈ നിയന്ത്രണം ഉണ്ടാകില്ല.

കെഎസ്‌ആർടിസി ബസുകളിൽ പുതുതായി ആരംഭിക്കുന്ന ലൈവ്‌ ടിക്കറ്റ്‌ ബുക്കിങ്ങിനുള്ള ട്രയൽറൺ ശനിയാഴ്‌ച ആരംഭിച്ചു. എസി സ്ലീപ്പർ കം സീറ്ററിലായിരുന്നു തുടക്കം. ഒരാഴ്‌ചയ്‌ക്കുശേഷം പ്രീമിയം സർവീസുകളിൽ ലൈവ്‌ ടിക്കറ്റ്‌ ബുക്കിങ്‌ സംവിധാനം ആരംഭിക്കും. ബസ്‌യാത്ര തുടങ്ങിയശേഷം, ഒഴിവ്‌ വരുന്ന സീറ്റുകൾ ബുക്ക്‌ ചെയ്യാൻ ഇതിലൂടെ യാത്രക്കാർക്ക്‌ കഴിയും.

ചില്ലറയില്ലെന്നും പണം എടുത്തിട്ടില്ലെന്നുമുള്ള ആശങ്കയില്ലാതെ കെഎസ്‌ആർടിസി ബസിൽ യാത്രചെയ്യാം. തിരുവനന്തപുരം ജില്ലയിലെ അഞ്ച്‌ ഡിപ്പോകളിൽ ആരംഭിച്ച കാഷ്‌ലെസ്‌ സൗകര്യം വ്യാപകമാക്കും. യുപിഐ ആപ്പ്‌ ഉപയോഗിച്ച്‌ ടിക്കറ്റിനുള്ള പണം നൽകാം. മുൻകൂട്ടി ടിക്കറ്റെടുക്കാനും റൂട്ടിൽ എപ്പോഴൊക്കെ ബസുണ്ടെന്നും ബസ്‌ എവിടെ എത്തിയെന്ന്‌ അറിയാനും ചലോ ആപ്പും സജ്ജമാക്കും. ഓർഡനറി മുതൽ പ്രീമിയം സർവീസുകൾവരെ ഇതിലുണ്ടാകും.

രാത്രി ട്രിപ്പ്‌ മുടക്കിയാൽ സ്വകാര്യ ബസുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ട്രിപ്പ്‌ റദ്ദാക്കിയതിന്‌ ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ ബസിന്റെ പെർമിറ്റ്‌ റദ്ദാക്കും. പത്തരമണി വരെ പെർമിറ്റ്‌ നൽകിയിട്ടുണ്ട്‌. യാത്രാക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തവിധം റൊട്ടേഷൻ അടിസ്ഥാനത്തിൽ രാത്രിയിൽ  ബസോടിക്കണമെന്നും മന്ത്രി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments