Saturday, December 7, 2024
Homeഇന്ത്യസര്‍വത്ര ആശയക്കുഴപ്പം; ഇന്നുമുതല്‍ പുതിയ ക്രിമിനൽ നിയമങ്ങൾ.

സര്‍വത്ര ആശയക്കുഴപ്പം; ഇന്നുമുതല്‍ പുതിയ ക്രിമിനൽ നിയമങ്ങൾ.

ന്യൂഡൽഹി; രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനത്തില്‍ വന്‍ അഴിച്ചുപണി നടത്തി , പാർലമെന്റിൽ ചർച്ച പോലും ചെയ്യാതെ ബിജെപി സര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങള്‍ ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍. നീതിന്യായ സംവിധാനങ്ങൾക്കും പൊലീസിനും വേണ്ടത്ര പരിശീലനം നൽകാതെ പുതിയ നിമയങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്ത് സർവത്ര ആശയക്കുഴപ്പം.

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്‌)യും സിആർപിസി ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത(ബിഎൻഎസ്‌എസ്‌)യും തെളിവു നിയമം ഭാരതീയ സാക്ഷ്യ അധിനിയ വുമായി (ബിഎസ്‌എ) മാറുന്നത്‌ രാജ്യത്തെ നിയമ, നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക നിയമവിദഗ്‌ധരടക്കം പങ്കിടുന്നു. കോടതികളിൽ കേസുകൾ വ്യാപകമായി കെട്ടിക്കിടക്കവെയുള്ള പരിഷ്കാരം, നീതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ദുസ്സഹമാക്കും. പുതിയതും പഴയതുമായ നിയമം ഒരേസമയം പ്രവർത്തിക്കുമെന്ന അസ്വാഭാവിക സാഹചര്യമാണ്‌ രാജ്യത്തുള്ളതെന്ന് നിയമവിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ ഒന്നിന്‌ മുമ്പ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകളിൽ പഴയ നിയമം അനുസരിച്ചാണ്‌ നടപടി തുടരുക.

ജൂലൈ ഒന്നിന്‌ മുമ്പ്‌ പൂർത്തിയായ അന്വേഷണങ്ങളിൽ കോടതി ഏത്‌ നിയമം അനുസരിച്ചാണ്‌ കുറ്റം ചുമത്തുകയെന്ന്‌ വ്യക്തമല്ല. കോടതികളിലെ നിലവിലുള്ള അപ്പീലുകളിലടക്കം പഴയനിയമങ്ങൾ പ്രകാരം നടപടി നടക്കുമെന്നിരിക്കേ പുതിയ നിയമം പൂർണ്ണാർഥത്തിൽ നടപ്പാകാൻ പതിറ്റാണ്ടുകളെടുക്കും. ഓരോ വ്യവസ്ഥകളും കോടതികളിൽ ചോദ്യം ചെയ്യപ്പെടാം. പ്രാബല്യത്തിൽവരുംമുമ്പ്‌ മൂന്നുനിയമങ്ങളും”വിദഗ്‌ധ സമിതി രൂപീകരിച്ച്‌  പരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്‌. രണ്ടുനിയമവ്യവസ്ഥകൾ നിയമസംവിധാനങ്ങളുടെ ജോലിഭാരം പതിന്മടങ്ങ്‌ വർധിപ്പിക്കും. നിയമം നടപ്പാക്കുന്നതിനെതിരെ വിവിധ ബാർ അസോസിയേഷനുകൾ പ്രക്ഷോഭത്തിലാണ്‌. ബംഗാൾ ബാർ അസോസിയേഷൻ ജൂലൈ ഒന്ന്‌ കരിദിനമായി പ്രഖ്യാപിച്ചു.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ പൊലീസിന്‌ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല. ഡിജിറ്റൽ സങ്കേതങ്ങളിലടക്കമുള്ള മാറ്റം, പൊതുജനത്തിനുള്ള ബോധവൽക്കരണം തുടങ്ങിയവയും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും തിങ്കളാഴ്‌ച നിയമങ്ങൾ പരിചയപ്പെടുത്തും. കൊളോണിയൽ നിയമങ്ങൾ പരിഷ്‌ക്കരിക്കാനെന്ന പേരിൽ നടപ്പാക്കിയ പുതിയ നിയമങ്ങൾ പൊലീസ്‌ രാജിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും സാഹചര്യമൊരുക്കുന്ന നിലയിലാണ്‌. ഇന്ത്യൻ ശിക്ഷാനിയമം 124 എ വകുപ്പ്‌ പ്രകാരം  രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്നത്‌ നിർത്തിവയ്‌ക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട്‌ നിർദേശിച്ചിരുന്നു.

എന്നാൽ,  പുതിയ നിയമത്തില്‍ രാജ്യദ്രോഹം എന്ന വാക്ക് എടുത്തുകളഞ്ഞു, അതേ കുറ്റം ചുമത്തി കഠിനമായ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ഭൂരിഭാഗം നിയമങ്ങളിലും അവ്യക്തതയുമുണ്ട്‌. ബിഎൻഎസ്‌എസ്‌ വകുപ്പ്‌ 187 പ്രകാരം പൊലീസ്‌ കസ്‌റ്റഡി ഇനി 15 ദിവസത്തിൽ നിന്ന്‌ 90 ദിവസം വരെയാക്കാം.  പൊലീസിന്‌ പരിധികളില്ലാത്ത അധികാരം നൽകുന്ന മൂന്ന്‌ നിയമങ്ങൾ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കുന്നതാണെന്ന്‌ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പി വി ദിനേശ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. പഴയ നിയമങ്ങളെ പുതിയ പേരിൽ മാത്രം അവതരിപ്പിക്കുകയാണ്‌. നിയമങ്ങൾക്ക്‌ മുൻകാലപ്രാബല്യമില്ല. കോടതി നടപടികൾ അതിസങ്കീർണ്ണമാവുകയുംപൊലീസ്‌ രാജ്‌ നടപ്പാവുകയും ചെയ്യും–-അദ്ദേഹം പറഞ്ഞു”

ക്രിമിനൽ നിയമങ്ങൾ ഭാവംമാറി വന്നതിന്റെ ആശങ്കകൾക്കിടയിലും തയ്യാറെടുത്ത്‌ കേരളം. സിവിൽ പൊലീസ്‌ ഓഫീസർവരെ എല്ലാവർക്കും പൊലീസ്‌ അക്കാദമി ഡയറക്ടർ അധ്യക്ഷനായ സമിതി നിയമത്തിൽ പരിശീലനം നൽകി. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള ‘ഐകോപ്‌സ്‌’ സംവിധാനത്തിൽ പുതിയ നിയമത്തിന്‌ അനുസൃതമായി സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കരിച്ചു. ശിക്ഷാ വകുപ്പുകളുടെ നമ്പറുകൾ മാറുന്നതാണ്‌ ആശങ്കയ്‌ക്ക്‌ അടിസ്ഥാനം. കൊലക്കുറ്റത്തിന്‌ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 302–-ാം വകുപ്പായിരുന്നുവെങ്കിൽ ബിഎൻഎസിൽ ഇത്‌ 103–-ാം വകുപ്പാണ്‌. ഇത്തരം മാറ്റങ്ങൾ പൊലീസിനെയും പ്രോസിക്യൂഷനെയും കോടതിയെയും കുറച്ചുകാലത്തേക്ക്‌ വട്ടംചുറ്റിക്കും.

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുംമുമ്പേ പ്രാഥമികാന്വേഷണം നടത്തണമെന്ന നിർദേശം ബിഎൻഎസ്‌ മുന്നോട്ടുവെക്കുന്നു. ഇലക്‌ട്രോണിക്‌ മാർഗത്തിലൂടെ നൽകുന്ന പരാതികൾ മൂന്നു ദിവസത്തികം പരാതിക്കാരൻ ഒപ്പിട്ട്‌ നൽകിയാലേ രജിസ്‌റ്റർ ചെയ്യാവൂവെന്നാണ്‌ ബിഎൻഎസിൽ പറയുന്നത്‌. ബ്യൂറോ ഓഫ്‌ പൊലീസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ പുറത്തിറക്കിയ മാർഗനിർദേശത്തിലാകട്ടെ എത്രയുംവേഗം വേണമെന്നും.  കുറച്ചുവർഷത്തേക്ക്‌ പുതിയ നിയമവും പഴയ നിയമവും അനുസരിച്ചാകും കോടതിയുടെയും പ്രോസിക്യൂഷന്റെയും പ്രവർത്തനം. ഞായറാഴ്‌ച വരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ പൊലീസ്‌ അന്വേഷണത്തിനും പഴയ നിയമമാണ്‌ അടിസ്ഥാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments