Monday, November 18, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 14 | ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 14 | ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭയരഹിത വിമർശനം
——————————————–

അലക്സാണ്ടർ ചക്രവർത്തി ഒരു പടയോട്ടം കഴിഞ്ഞ് ഗ്രീസിൽ മടങ്ങിയെത്തി. ജനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ ചുറ്റും കൂടി. ചക്രവർത്തിയുടെ കഴിവുകളെയും യുദ്ധ തന്ത്രങ്ങളെയുമെല്ലാം, പ്രകീർത്തിക്കാനായിരുന്നു ഏവരുടെയും താൽപര്യം. എന്നാൽ, ചിന്തകനായിരുന്ന ഡയോജനീസിനു മാത്രം, ചക്രവർത്തിയുടെ അധികാര മോഹത്തോടും, വെട്ടിപ്പിടുത്തങ്ങളോടും, യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹമതു പരസ്യമായി പറയുകയും ചെയ്തു.

ഡയോജനീസിനെ കാണാൻ, ചക്രവർത്തി തീരുമാനിച്ചു. എല്ലാ രാജകീയ പ്രൗഢികളാടും സന്നാഹങ്ങളോടു കൂടി, അദ്ദേഹം ഡയോജനീസിൻ്റെ മുന്നിലെത്തിച്ചോദിച്ചു: “താങ്കൾക്ക് ഞാനെന്താണു ചെയ്തു തരേണ്ടത്?” ഒരു കൂസലുമില്ലാതെ ഡയോജനീസ് ഉത്തരം പറഞ്ഞു: “താങ്കളുടെ നിഴൽ കാരണം എനിക്കു വെളിച്ചം നഷ്ടപ്പെടുന്നു. മുന്നിൽ നിന്നു കുറച്ചു മാറി നിൽക്കണം”. പിൽക്കാലത്ത് അലക്സാണ്ടർ ചക്രവർത്തി തൻ്റെ ഡയറിയിൽ എഴുതി: “അലക്സാണ്ടല്ലായിരുന്നുവെങ്കിൽ, ഡയോജനീസാകാനായിരുന്നു എനിക്കിഷ്ടം”.

മുഖസ്തുതി കൊണ്ടു മൂടുപടം നിർമ്മിക്കാനാണ് എല്ലാവർക്കുമിഷ്ടം. അടുത്തുകൂടി അഭിനന്ദിക്കുന്നവർക്ക്, അകലെ നിന്ന് അധിക്ഷേപിക്കുന്ന ശീലവും കാണും. എത്ര വലിയ ആത്മവിമർശകനും, പ്രശംസ എന്ന പ്രലോഭനത്തെ അതിജീവിക്കാനുള്ള ശേഷി കുറവായിരിക്കും. ആ ബലഹീനതയിലാണ് പലരും തങ്ങളുടെ അന്നം കണ്ടത്തുന്നതു തന്നെ. സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായമില്ലാത്തവരാണ്, തരംതാണ തല വന്മാരെയും ഭരണാധികാരികളേയും സൃഷ്ടിക്കുന്നതിന് ഉത്തരവാദികൾ.

സ്വയരക്ഷ നോക്കാതെ വിമർശിക്കുന്നവർക്കു ചെവി കൊടുക്കണം. പിന്തിഞ്ഞു നോക്കാനുപകരിക്കുന്ന പ്രേരകശക്തി അവർക്കുണ്ടാകും. നേടാൻ ഒന്നുമില്ലാത്തവർക്ക്, നഷ്ടപ്പെടാനും ഒന്നുമുണ്ടാകില്ല. ഭയരഹിത വിമർശനങ്ങളുടെ നേർരേഖയിലൂടെയായിരിക്കും അവർ സഞ്ചരിച്ചുകൊണ്ടിരിക്കുക. വിമർശനമ്പുദ്ധിയുള്ള ആളുകളുടെ ഉറച്ച നിലപാടുകളും, വീക്ഷണങ്ങളുമാണ്, സമൂഹത്തിൻ്റെ നിലനില്പിനും വളർച്ചക്കും മുഖാന്താരം.

സർവ്വ ശക്തൻ തുണയ്ക്കട്ടെ..
ഏവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments