തിരുവനന്തപുരം —ബെവ്കോ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് മന്ത്രിക്ക് ബെവ്കോ എംഡി കത്തയച്ചു. ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് എംഡി കത്തില്‍ വ്യക്തമാക്കി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ബജറ്റിൽ ഗ്യാലനേജ് ഫീസ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്കോക്ക് പിടിച്ചുനിൽക്കാൻ സംസ്ഥാനത്ത് മദ്യവില വീണ്ടും ഉയർത്തേണ്ടിവരും.
വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് ഈ ഇനത്തില്‍ നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് 10 രൂപയായി കൂടും. 300 കോടി രൂപയുടെ നഷ്ടം ഇതുവഴി ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് എം.ഡി യോഗേഷ് ഗുപ്ത എക്സൈസ് മന്ത്രിയെ അറിയിച്ചത്.
മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിൽ പോയിരുന്ന ബെവ്കോ 2022-23 സാമ്പത്തിക വർഷമാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ആ സാമ്പത്തിക വർഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വർഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്ക്കോ നൽകുന്നത്.
സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. മുന്‍പ് ഔട്ട് ലെറ്റുകള്‍ അടയ്ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകൾ ലഭ്യത കുറവ് വന്നപ്പോഴും ബെവ്കോ നഷ്ടത്തിലേക്ക് പോയിരുന്നു. മദ്യവില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ശമ്പളവും പ്രവർത്തന ചെലവുമെല്ലാം ബോവ്കോയില്‍ നടന്നുപോകുന്നത്. നഷ്ടം സംഭവിച്ചാല്‍ ശമ്പള വിതരണത്തെയും ആനുകൂല്യത്തെയും വരെ ബാധിക്കും. മദ്യവില കൂട്ടാതെ ഈ ഘട്ടത്തില്‍ കമ്പനിക്ക് പിടിച്ചു നില്‍ക്കാനാവില്ല. വില ഉയർന്നാലും വിൽപ്പന കുറയാനാണ് സാധ്യത.