Wednesday, January 8, 2025
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ - (68) സെന്റ്.മേരീസ് വലിയപള്ളി, തുരുത്തിപ്ലി

പുണ്യ ദേവാലയങ്ങളിലൂടെ – (68) സെന്റ്.മേരീസ് വലിയപള്ളി, തുരുത്തിപ്ലി

ലൗലി ബാബു തെക്കെത്തല

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ദേവാലയമാണ് തുരുത്തിപ്ലി സെന്റ്.മേരിസ് വലിയപള്ളി. ഇത് ലോകമെമ്പാടും അറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ്. രണ്ടാം മണർകാട് എന്നറിയപ്പെടുന്ന സെന്റ് മേരിസ്‌ വലിയ പള്ളി തുരുത്തിപ്ലിയിൽ നാനാ ജാതി മതസ്ഥരായ വിശ്വാസികൾ വന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഇത് പ്രധാനമായും മലങ്കര യാക്കോബായ സുറിയാനി സഭയുടേയും ഓർത്തഡോക്‌സ് സഭയുടേയും ഭാഗമാണ്.

🌻പള്ളി സ്ഥാപന ചരിത്രം

പരിശുദ്ധ അന്ത്യോഖ്യ സിംഹാസന പ്രതിനിധി യുയാക്കിം മോർ കൂറിലോസ് ബാവ കൊല്ലവർഷം 1036 തുലാമാസം 9 താം തീയതി (എ.ഡി 1860 ഒക്ടോബർ 22) ഈ പള്ളിക്ക് കല്ലിട്ട് അനുഗ്രഹിച്ചു. പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കൽകുരിശ് 1890 ലാണ് സ്ഥാപിച്ചത്. ഈ ഇടവക പട്ടക്കാരിൽ ഒരാളായിരുന്ന മുണ്ടയ്ക്കമാലിക്കുടി ബഹു ഗീവർഗീസ് കത്തനാർ വഴിപാടായി പണിതീർത്തു കൊടുത്തിട്ടുള്ളതാണ് കൽകുരിശ്

🌻ദേവാലയ പുനരുദ്ധാരണം

ബൈസൻ്റൈൻ ഡിസൈൻ്റെ മാസ്റ്റർ പീസ് പ്രൊജക്റ്റ് ആയിരുന്നു.
പുരാതനമായ പള്ളിയെ നിലനിർത്തിക്കൊണ്ട് പുനരുദ്ധാരണം നടത്തുകയായിരുന്നു.
കേരളീയ വാസ്തുശിൽപകലയുടെ അന്യം നിന്ന് പോയ അനവധി കലാമുഹൂർത്തങ്ങൾ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. പള്ളിയകത്തെ മൂന്ന് തട്ടോട് കൂടിയ പൂമച്ച് എടുത്ത് പറയേണ്ടതാണ്. പോർച്ച്ഗ്രീസ് ശൈലിയിലുള്ള നാല് മുഖവാരങ്ങളാണ് മറ്റൊരു ആകർഷണം. പുരാതന ദേവാലയത്തിൻ്റെ പ്രധാന മുഖവാരത്തിലെ ആറ് കാലുള്ള നക്ഷത്രത്തിനകത്തുള്ള മാലാഖയുടെ ശിൽപം കേരളത്തിൽ വേറെങ്ങും കാണാൻ സാധിക്കാത്തതാണ്. പ്രധാന മുഖവാരത്തിന് മുകളിൽ പിന്നിൽ വരുന്ന ഗോപുരവും മുഖവാരത്തോട് ചേർന്നുള്ള മണി ഗോപുരവും പ്രധാന ആകർഷണങ്ങളാണ്.

മദ്ബഹായിലെ (അൾത്താര) ബൈസൻ്റൈൻ ശൈലിയിലുള്ള, ആർച്ച് സീലിംഗിലെ ഡിസൈൻ പണികളും, പള്ളിയകത്തെ ആർച്ചുകളും, അതിലുള്ള കൊത്ത് പണികളും, പൂർണതയേറിയ ഏഴ് ത്രോണോസുകളും (ബലിപീഠം) അതിലുള്ള കലാവൈഭവങ്ങളും പുതുമയേറിയതാണ്. നാല് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള ബൈസൻ്റൈൻ കാലഘട്ടത്തിലെ ദൈവാലയങ്ങളിൽ കാണപ്പെടുന്ന കളർ സ്കീമാണ് മദ്ബഹായിലും, പള്ളിയകത്തും നൽകിയിരിക്കുന്നത്.(ഹഗിയ സോഫിയ- ഇസ്താംബൂൾ, സെൻ്റ് മാർക്കസ് -വെനീസ് etc.) അപൂർവ്വങ്ങളായ ഒട്ടനവധി പെയ്ൻ്റിങ്ങുകളും പള്ളിയെ അമൂല്യമായ ഒരു കലാസൃഷ്ടിയാക്കുന്നു.

🌻തിരുന്നാൾ

ഈ ദേവാലയത്തിലെ എട്ട്നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും വളരെ പ്രസിദ്ധമാണ്.പള്ളി വിശുദ്ധ ദൈവമാതാവ് മറിയത്തിന് സമർപ്പിതമാണ്, പ്രത്യേകിച്ച് എട്ടുനോമ്പ് പെരുന്നാളിൽ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 1970 മുതലാണ് ആരംഭിച്ചത്.1982 ൽ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിദീയൻ ബാവ പരി.ദൈവമാതാവിന്റെ സൂനോറോ ദേവാലയത്തിൽ സ്ഥാപിച്ചു, വർഷത്തിൽ ഒരിക്കൽ മാത്രം വിശ്വാസികൾക്ക് വണങ്ങുവാൻ പുറത്തെടുക്കുന്നു

.എല്ലാവർഷവും ഒക്ടോബർ 22 ന് ദേവാലയം തറക്കല്ലിട്ട് പണി ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായി പ്രതിഷ്ഠ പെരുന്നാൾ ആചരിച്ചു വരുന്നു. ആദ്യകാലങ്ങളിൽ ദേശത്തിന്റെ ഉത്സവമായിരുന്നു ഈ പെരുന്നാൾ.

🌻സെന്റ് മേരീസ് വലിയ പള്ളി തുരുത്തിപ്ലിയുടെ സവിശേഷതകൾ

രണ്ടാം മണർക്കാട് എന്നാണ് സെന്റ് മേരീസ് വലിയ പള്ളി തുരുത്തിപ്ലി അറിയപ്പെടുന്നത്.

ഈ പള്ളിയുടെ ചരിത്രം 19-ആം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. എന്നാൽ, പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള സമുദായ തർക്കങ്ങൾ പലവിധ ഭിന്നതകൾക്കും നിയമപോരാട്ടങ്ങൾക്കും കാരണമായി

കേരളീയ വാസ്തുശിൽപ കലയുടെ മകടോദാഹരണങ്ങളായി ഏഴ് വലിയ മുഖപ്പുകളും, ചിത്രക്കഴുക്കോലുകളും, ചിത്രമല്ലുകളും, കുത്ത്കാലുകളും, തുടങ്ങി മരത്തിലും, സിമൻറിലുമായി ഒരിടത്തും ആവർത്തിക്കാത്ത അനേകം കലാവിരുതുകൾ പള്ളിയിൽ കാണാനാകും

1982ൽ ഇഗ്നത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയും 2015ൽ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയും ശ്ലൈഹീക സന്ദർശനം നടത്തി ദേവാലയത്തെ അനുഗ്രഹിച്ചു.

മാർ കൗമയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പള്ളികളിൽ ഒന്നാണിത്

🌻മാർ കൗമ

മാർ കൗമ എ.ഡി 5-ാം നൂറ്റാണ്ടിൽ ശീമ രാജ്യത്ത് മിഫ്രക്ത് എന്ന സ്ഥലത്ത് ജിവിച്ചിരുന്നു. അദ്ദഹത്തിന്റെ മാതാപിതാക്കൾ വളരെ ഭക്തിയായിരുന്നു. അവർ മക്കളില്ലാത്ത ദുഃഖത്തിൽ പല പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നതിന് ഇടയിൽ ഒരു ഈഹിദായകാരൻ അവരെ കണ്ട് ഇങ്ങനെ അറിയിച്ചു. നിങ്ങളുടെ പ്രാർത്ഥന കർത്താവ് കേട്ടു. കർത്താവ് നിങ്ങൾക്ക് രണ്ട് മക്കളെ തരും ഏറെ താമസിക്കാതെ അവൾ ഗർഭണിയായി. ഒരു ആൺ കുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചു. ആണിന് ശെമവൂൻ എന്നും പെണ്ണിന് അഗൂസിയ എന്നും പേരിട്ടു. ഈ ശെമവൂൻ ആണ് പിന്നീട് മാർ കൗമയായി തീർന്നത്. ഈ ഇരട്ട കുട്ടികൾ കൗമാരപ്രായം കഴിഞ്ഞ് വീട് വിട്ട് വനത്തിൽ പോയി സന്യാസിമാരോട് കുടെ ജീവിച്ചു .വൃദ്ധസന്യാസിമാർ മരിച്ചശേഷം അവർ രണ്ട്പേരും സന്യാസാശ്രമം വിട്ട് വീണ്ടും വനത്തിൽ കൂടി യാത്ര ചെയ്തു. യാത്രയ്ക്ക്sയിൽ യേശു എന്ന പേരുള്ള ഒരു സന്യാസിനിയെ കണ്ടു. അവർ മൂവരും കുടി യാത്ര ചെയ്യുമ്പോൾ അവർക്കെരു ദർശനം ഉണ്ടായി വനത്തിനുള്ളിൽ ഗബ്രുനോ എന്ന് പേരുള്ള ഒരു സന്യാസി ഒരു മരത്തിന്റെ മുകളിൽ നിന്ന് തപസ്സു ചെയ്യുന്നണ്ട്. എന്നും അവിടെക്ക് അവർ പോകണംമെന്നായിരുന്നു ദർശനം.അവർ തിരക്കി ചെന്ന് ഗബ്രുനോ എന്ന് പേരുള്ള സന്യാസിയെ കണ്ടു. മൂന്ന് കരയുള്ള മരത്തിൽ കൂടിൽ കെട്ടി അതിൽ നിന്ന് തപസ്സ് ചെയ്യുന്ന ആളായിരുന്നു മോർ ഗബ്രുനോ. 54 വർഷങ്ങൾ അദ്ദേഹം അങ്ങനെ തപസ്സ് ചെയ്തു. വൈദിക ദർശനം മുഖാന്തിരം ശെമവൂൻ(മാർ കൗമ) ആ മരത്തിലെ കുടിലിൽ തപസ്സ് ചെയ്യുകയും ഗബ്രുനോ അവിടെ നിന്ന് പോവുകയും ചെയ്തു. ആ കൂടിലിനുള്ളിൽ ഒരു ചെറിയ ഉറവയും ഉണ്ടായിരുന്നു. ഉറവയിൽ നിന്ന് വെള്ളം കോരികുടിക്കുവാൻ ഒരു കയർ കെട്ടിയ തൊട്ടിയും ഉണ്ടായിരുന്നു.മാർകൗമ സന്യാസിമരോട് അവിടെ നിന്ന് പോകണമെന്നും 50 ദിവസത്തേക്ക് താൻ തനിച്ചിരുന്ന് പ്രാത്ഥിക്കുമെന്നും പറഞ്ഞു. ഭക്ഷണത്തിനായി 50 ദിവസത്തേക്ക് 50 കരുവേലക പഴങ്ങൾ മാത്രം കെടുത്തിട്ട് അവർ പോയി. 50 ദിവസത്തിനകം സന്യാസിനികൾ മടങ്ങി വന്നു.15 പഴങ്ങൾ മാത്രം ഭക്ഷിച്ചതായി കണ്ടു. പിന്നിട് ഉള്ള കാലങ്ങളിൽ മാലാഖമാർ മാർകൗമയ്ക്ക് ഭക്ഷണം കെണ്ടുവന്നു കെടുതിരുന്നു. മൂന്ന് ദിവസത്തേക്ക് ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന മാർ കൗമ ഉർക്കമില്ലാതെ നിന്ന നിൽപിൽ രാപ്പകൽ പ്രാത്ഥിച്ചിരുന്നു. ഒരിക്കൽ മോർ പത്രോസ് പൗലോസ് ശ്ലീഹമാരുടെ കബറിങ്കൽ പോകണമെന്ന് മാർ കൗമയ്ക്ക് ആഗ്രഹം ഉണ്ടായി കൂടെ ഉണ്ടായിരുന്ന സഹോദരിമാർക്കും അങ്ങനെ തോന്നി.നിമിഷവേഗത്തിൽ ആയറിൽകുടി അവർ വഹിക്കപ്പെടുകയും കബറിങ്കൽ എത്തി അവർ ദർശിച്ച് ഉടൻ മങ്ങുകയും ചെയ്തു. ഇതല്ലാതെ വൃക്ഷത്തിൽ കയറിയതിന് ശേഷം വേറെ യാത്രയെന്നും നടത്തിട്ടില്ല. കൗമ എന്ന വാക്കിന് സുറിയാനി വാക്കിന് സുറിയാനിയിൽ നിൽപ് എന്ന അർത്ഥംമാകുന്നു. സദാ നിന്ന് പ്രാത്ഥിക്കുന്നത് കെണ്ട് അദ്ദേഹം മാർ കൗമ എന്നറിയപ്പെട്ടു. പരിശുദ്ധൻമാരിൽ ഏറ്റവും ഉയർന്ന സ്ഥാനംമാണ് അദ്ദേഹത്തിന് ഉള്ളത്. മാർ കൗമയുടെ മരത്തവും മാലാഖമാർ വന്ന് ശുശ്രൂഷ നടത്തുന്നതുമെക്കെ സന്യാസിനിമാർ ദർശനത്തിൽ കണ്ടു. ശരീരം വീണുപോകാതെ പ്രാത്ഥാനനിലയിൽതന്നെ നിന്നിരുന്നു എന്ന് വിശ്വസിക്കുന്നു. മോർ അന്തോനീനിയോസിന്റെ സമകാലീന നായിരുന്നു.എന്ന് സൂചന ചരിത്രത്തിൽ ഉണ്ട്. പരിശുദ്ധ പിതാക്കൻമാർക്ക് ദൈവീക ദർശനം ഉണ്ടായപ്പോൾ അവർ വനത്തിൽ പോയി പരിശുദ്ധന്റെ അസ്ഥികൾകെണ്ടു വന്ന് ദൈവാലയങ്ങളിൽ സ്ഥാപിച്ചു. ഈ പരിശുദ്ധന്റെ തിരുശേഷിപ്പ് സെന്റ് മേരീസ് വലിയ പള്ളി തുരുത്തിപ്ലിയിലും സൂക്ഷിച്ചിരിക്കുന്നു.

തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി കേരളത്തിലെ ഒരു പ്രധാന ക്രൈസ്തവ ദേവാലയമാണ്. പുണ്യ ദേവാലയങ്ങളിലൂടെ തീർത്ഥാടനം നടത്തുന്ന വായനക്കാർക്ക് ഈ ദേവാലയവും സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments