മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം . ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ് .
ബാല്യത്തിൽ സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലാണ് പിന്നീട് ശ്രദ്ധിച്ചിരുന്നത്. മുതിർന്നപ്പോൾ കേക്കും പലതരം വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം.
യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് , ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ,ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്.
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ ഉണ്ടായിരുന്നു. ആ നാളുകളിൽ ഓരോരുത്തരുടെ അനുഭവങ്ങളുടെ വാർത്തകളുമായി പത്രം നിറയുമ്പോഴും സ്വന്തം കൂട്ടുകാരിയുടെ അനുഭവങ്ങൾക്ക് ഒരു പടി മുൻതൂക്കം.
തായ്ലാൻഡിൽ കുടുംബവുമായി അവധി ആഘോഷിക്കാൻ പോയതായിരുന്നു കൂട്ടുകാരി. ഭർത്താവ് പുലർക്കാലെ കുട്ടികളുമായി മണലിൽ കളിക്കാനും കൊട്ടാരം ഉണ്ടാക്കാനുമായി ബീച്ച് സന്ദർശിച്ചപ്പോഴാണ് കടൽ ഉൾവലിഞ്ഞത്. അന്ന് അതൊരു പുതുമയുള്ള കാഴ്ചയാണ്. എല്ലാവരും കടലിന്റെ അടുത്തേക്ക് ഓടി. എന്തോ അപകടം മണത്ത കൂട്ടുകാരിയുടെ ഭർത്താവ് രണ്ടു കുട്ടികളേയും എടുത്തു കൊണ്ട് റോഡിലേക്ക് ഓടി. ഇദ്ദേഹത്തിന്റെ ഓട്ടം കണ്ടപ്പോൾ മറ്റൊരാളും കൂടെ ഓടി. അവിടെ കണ്ട ഓട്ടോ പോലത്തെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ ഹോട്ടൽ മുറിയിൽ സുഖമായി കിടന്നുറങ്ങിയിരുന്ന കൂട്ടുകാരി ഹോട്ടലിലെ പവ്വർ പോയതനുസരിച്ച് എന്തു പറ്റി എന്നറിയാൻ അന്വേഷിച്ചപ്പോഴാണ്. സുനാമിയെ കുറിച്ചറിയുന്നത്. അപ്പോഴേക്കും പിന്നീട് വന്ന രാക്ഷസ തിരമാലകള്‍ തീരത്തിലുള്ളവരുടെ ജീവൻ കവർന്നെടുത്തിയിരുന്നു. ഒന്നു കരയാൽ പോലും പറ്റാതെ അവരുടെ ഇടയിൽ ഭർത്താവിനെയും കുട്ടികളെയും തപ്പി കൊണ്ടുള്ള ആ നടപ്പ് ,അവിടെ കാണാത്തപ്പോൾ നൈറ്റ് ഡ്രസ്സിൽ തന്നെ പല ആശുപത്രികളിൽ തപ്പി നടക്കൽ … . എല്ലാം അവൾ ഞങ്ങളോട് പറയുമ്പോൾ , അവസാനം ശുഭ വാർത്തയാണ് എന്നു അറിയാമെങ്കിലും ഞങ്ങളെല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു.
അന്ന് വൈകുന്നേരത്തോടെയാണ് അവൾ ഭർത്താവിനെയും കുട്ടികളെയും കണ്ടുമുട്ടിയത്. അത്രയും നേരം അവർ ജീവനോടെ ഉണ്ടോ എന്നറിയാതെയുള്ള അവളുടെ ആ തിരച്ചിലും ട്ടെൻഷനും ഇന്നും എന്റെ മനസ്സിനെ നടുക്കുന്ന സംഭവങ്ങളാണ്. ആ വർഷം ഒരാഴ്ച മുമ്പ് ഞങ്ങൾ കുടുംബമായി ‘ ബാലി ദ്വീപ്’ സന്ദർശിച്ച് മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ സംഭവം
രാവിലെ നല്ല പാതി കുട്ടികളുമായി ബീച്ചിൽ പോകുന്നതും അമ്മമാർ സ്ഥിരം ടൈം ടേബിളിൽ നിന്നു മാറി മൂടി പുതച്ചു കിടന്നുറങ്ങുന്നതും എന്റെ സ്ഥിരം പണിയാണ്. അന്ന് ‘ ബാലി ദ്വീപിൽ’ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
വർഷങ്ങൾക്കുശേഷം വല്ലപ്പോഴും fb യിലെ മെസ്സേജറിൽ ചാറ്റ് ചെയ്യുമ്പോഴും ഞങ്ങൾക്ക് ആദ്യം പറയാനുള്ളത് അല്ലെങ്കിൽ ഓർമ്മപ്പെടുത്താനുള്ളത് ഈ വിശേഷങ്ങളാണ്. വർഷങ്ങൾക്ക് ഇപ്പുറവും നടുക്കത്തോടെ ഓർക്കുന്ന ചില ക്രിസ്തുമസ്സ് ഓർമ്മകൾ .
പല രാജ്യങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്.ഈ ക്രിസ്തുമസ് കാലം മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ കൂട്ടത്തിൽ എനിക്കും.
എല്ലാ വായനക്കാർക്കും സന്തോഷവും ചിരിയും ജീവിതത്തില്‍ നിറയുന്ന നല്ലൊരു ക്രിസ്തുമസ് ദിനാശംസകള്‍…
സ്നേഹത്തോടെ