Saturday, December 21, 2024
HomeKeralaകേരളത്തിന്റെ റവന്യു ധനക്കമ്മി കുറഞ്ഞു : സിഎജി റിപ്പോർട്ട്‌.

കേരളത്തിന്റെ റവന്യു ധനക്കമ്മി കുറഞ്ഞു : സിഎജി റിപ്പോർട്ട്‌.

തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ റവന്യു, ധനകമ്മികൾ കുറഞ്ഞതായി സിഎജിയുടെ ഫിനാൻസ്‌ അക്കൗണ്ട്‌സ്‌ ആൻഡ്‌ അപ്രോപ്രിയേഷൻ റിപ്പോർട്ട്‌. 2020– 21ൽ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.27 ശതമാനമായിരുന്ന റവന്യു കമ്മി 2022–23ൽ 0.88 ശതമാനമായാണ്‌ കുറഞ്ഞത്‌. ധനകമ്മി 2.44 ശതമാനമായും കുറഞ്ഞു. മുൻവർഷം 46,046 കോടിയായിരുന്ന ധനകമ്മി 25,555 കോടിയായാണ്‌ കുറഞ്ഞത്‌.

പൊതുകടം ജിഎസ്‌ഡിപിയുടെ 38.65 ശതമാനമായിരുന്നത്‌ 36.8 ശതമാനമായി കുറഞ്ഞു. കോവിഡ്‌ സാഹചര്യത്തിൽ 2020– 21ൽ 39.87 ശതമാനമായി പൊതുകടം ഉയർന്നിരുന്നു. ജിഎസ്‌ടി വരുമാനത്തിൽ സംസ്ഥാനം 22.11 ശതമാനം വർധന നേടി. 2021– 22ൽ 24,169 കോടിയായിരുന്നത്‌ കഴിഞ്ഞവർഷം 29,513 കോടിയായി. 5344 കോടിയുടെ വർധനയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്‌.

നിയമസഭയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയും (പിഎസി) നിരാകരിച്ച നിരീക്ഷണം ആവർത്തിച്ച്‌ സിഎജി റിപ്പോർട്ട്‌. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടം ബജറ്റിനുപുറത്തെ കടമെടുപ്പല്ലെന്ന സർക്കാർവാദം സ്വീകാര്യമല്ലെന്നാണ്‌ സിഎജി നിലപാട്‌. ബജറ്റിന് പുറത്തെ കടംവാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തെന്നും സാമ്പത്തിക സ്രോതസ്സിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സഭയുടെ മേശപ്പുറത്തുവച്ച 2022 മാർച്ചിൽ അവസാനിച്ച വർഷത്തെ റിപ്പോർട്ടിൽ പറയുന്നു.

കിഫ്‌ബി കടമെടുക്കൽ സർക്കാർ ഗ്യാരന്റിയിലായതിനാൽ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബാധ്യതയാകില്ല. 2019ലെ സംസ്ഥാന ധന ഓഡിറ്റ്‌ റിപ്പോർട്ടിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ ഇത്‌ വ്യക്തമാക്കിയതാണ്‌. കിഫ്‌ബി ലാഭകരമായ പദ്ധതികൾക്ക്‌ പണം മുടക്കുകയും തനതുവരുമാനം സ്വരൂപിക്കുകയും ചെയ്യുന്നതാണ്‌. ഇത്‌ ആകസ്‌മിക ബാധ്യത മാത്രമാണ്‌. പെൻഷൻ കമ്പനിയുടെ (കെഎസ്‌എസ്‌പിഎൽ) കടമെടുക്കലിനെയും ബജറ്റിനു പുറത്തുള്ള കടമെടുക്കലായാണ്‌ സിഎജി ചിത്രീകരിക്കുന്നത്‌.

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനുള്ള സംവിധാനമാണിത്‌. സർക്കാരിന്‌ പണഞെരുക്കം അനുഭവപ്പെട്ടാലും 62 ലക്ഷം വരുന്ന ഗുണഭോക്താക്കൾക്ക്‌ ക്ഷേമപെൻഷൻ വിതരണം വൈകാതിരിക്കാനാണ്‌ ഈ കടമെടുക്കുന്നത്‌. ഈ തുകയിൽ ഭൂരിഭാഗവും അതതുവർഷം തിരിച്ചടയ്‌ക്കാറുമുണ്ട്‌. അതിദാരിദ്ര്യം അരശതമാനത്തിനും താഴെയുള്ള സംസ്ഥാനമായി കേരളത്തെ നിലനിർത്തുന്നത്‌ ഇതിലൂടെയാണെന്ന യാഥാർഥ്യമാണ്‌ സിഎജി കാണാതെ പോയതെന്ന ധനമന്ത്രിയുടെ നിരീക്ഷണവും നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്‌.

ബിൽ ഡിസ്‌കൗണ്ടിങ്‌ സംവിധാനത്തിലൂടെ കരാറുകാരുടെ കെട്ടിക്കിടക്കുന്ന ബിൽ തീർപ്പാക്കാൻ ഹ്രസ്വകാല കടമെടുപ്പ്‌ നടത്തിയെന്നും സിഎജി നിരീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള സിഎജിയുടെ ബോധപൂർവമായ ഇടപെടലിന്റെ മറ്റൊരു ഉദാഹരണമായാണ്‌ ഇതിനെ കാണാനാകുക.

2014ൽ യുഡിഎഫ്‌ സർക്കാർ ആരംഭിച്ചതാണ്‌ ബിൽ ഡിസ്‌കൗണ്ടിങ്‌ സംവിധാനം. പണഞെരുക്കം വരുന്ന ഘട്ടങ്ങളിലുള്ള സാമ്പത്തിക ക്രമീകരണമാണിത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്‌പയെ ബജറ്റിനുപുറത്തുള്ള കടമായി സിഎജി ചിത്രീകരിച്ച ശേഷമാണ്‌ ഇത്തരം കടത്തിന്‌ മുൻകൂർ പ്രാബല്യം നൽകി സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്‌.

RELATED ARTICLES

Most Popular

Recent Comments