Tuesday, December 24, 2024
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ - (67) അകപ്പറമ്പ് കത്തീഡ്രൽ വലിയ പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ – (67) അകപ്പറമ്പ് കത്തീഡ്രൽ വലിയ പള്ളി

ലൗലി ബാബു തെക്കെത്തല

(മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി)

നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളത്തോട് ചേർന്ന് നിൽക്കുന്ന അകപ്പറമ്പ് വലിയപള്ളി എ.ഡി 825ൽ ക്രിസ്തുമതപ്രചാരണാർത്ഥം മലങ്കരയിൽ എത്തിച്ചേർന്ന മോർ സാബോർ മോർ അഫ്രോത്ത് എന്നീ പുണ്യപിതാക്കന്മാരാണ് സ്ഥാപിച്ചത്. ഭാരതത്തിലെ പുരാതനമായ ഈ ദേവാലയം അങ്കമാലി മേഖലയിലെ എല്ലാ ക്രൈസ്തവരുടെയും മാതൃദേവാലയമാണ്.

🌻ദേവാലയ സ്ഥാപന ചരിത്രം

എ.ഡി 822ലെ രണ്ടാം സിറിയൻ കുടിയേറ്റം മലങ്കര സഭാ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്.”സാപ്പർ ഈശോ ” എന്ന പേരുള്ള സിറിയൻ വ്യാപാരിയുടെ നേതൃത്വത്തിൽ ഒരു സംഘം സുറിയാനി ക്രിസ്ത്യാനികൾ കേരളതീരത്തെ കൊല്ലത്ത് വന്നു ചേർന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മെത്രാന്മാരാണ് മോർ സാബോർ മോർ അഫ്രോത്ത് എന്നീ പിതാക്കന്മാർ. കൊല്ലം നഗരത്തിന്റെ പ്രധാന ശില്പികൾ ഇവരായിരുന്നു. കൊല്ലത്തെ വൻ വികസിന സാധ്യതയുള്ള ഒരു തുറമുഖപട്ടണം വേണാട് രാജാവിന്റെ അനുമതിയോടെ ഇവർ പണിതുണ്ടാക്കി. കൊല്ലത്തെ പ്രശസ്ത്തി വർദ്ധിച്ചതിനാൽ വേണാട് രാജാവിന്റെ തലസ്ഥാനം കൊല്ലത്തേക്ക് മാറ്റുകയുണ്ടായി. കൊല്ലവർഷം നാട്ടിൽ നടപ്പിലാക്കിയത് ഈ സിറിയൻ ക്രിസ്ത്യാനികൾ ആയിരുന്നു. കൊല്ലത്തെ വ്യാപാരി എന്ന പേരിൽ സാപ്പർ ഈശോ അറിയപ്പെട്ടിരുന്നു. ഇവർ മുഖാന്തരം ക്രിസ്ത്യാനികൾക്ക് വലിയ പേരും ഉയർച്ചയും ഉണ്ടായി.

ഒമ്പതാം നൂറ്റാണ്ടിൽ കൊല്ലം കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ പിതാക്കന്മാർ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടയിൽ അകപ്പറമ്പിൽ വരുവാൻ ഇടയായി ഈ കാലത്ത് ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണപണ്ഡിതന്മാരുമായി ഇവർ ദീർഘമായ സംവാദതത്തിൽ ഏർപ്പെടുകയും അതിൽ വിജയിച്ച് ലഭിച്ച സ്ഥലത്ത് ഈ പിതാക്കന്മാർ ഒരു ദേവാലയം പടുത്തുയർത്തുകയുണ്ടായി പ്രസ്തുത ദേവാലയമാണ് മോർ ശാബോർ അഫ്രോത്ത് പിതാക്കന്മാരുടെ നാമത്തിലുള്ള അകപ്പറമ്പ് കത്തീഡ്രൽ വലിയ പള്ളി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ യാക്കോബായ, റോമൻ കത്തോലിക്ക വിഭജനം ഉണ്ടായപ്പോൾ ഭൂരിപക്ഷമുള്ള അകപ്പറമ്പ് വലിയപള്ളി യാക്കോബായക്കാർക്കും, അങ്കമാലി വലിയപള്ളി കത്തോലിക്കർക്കും ഉഭയസമ്മതപ്രകാരം പങ്കുവെച്ച് പിരിഞ്ഞു.അങ്കമാലി ചെറിയപള്ളി യാക്കോബായക്കാർക്കും,അകപ്പറമ്പിൽ കത്തോലിക്കർക്ക് പുതിയ പള്ളി പണിയുവാൻ സ്ഥലവും കൊടുക്കുകയുണ്ടായി.മാതൃകയായി പിരിഞ്ഞ ഇരു സഭകളും തികഞ്ഞ സഹവർത്തിത്വത്തോടെ ഇന്നും വർത്തിക്കുന്നു.

🌻മാർ സബോറും മാർ അഫ്രോത്തും

ക്രി.വ. 822-ൽ കേരളത്തിലെത്തിയ ഒരു പേർഷ്യൻ കുടിയേറ്റ സംഘത്തിന്റെ രണ്ടു നേതാക്കളിൽ ഒരാളായരുന്നു മാർ സാബോർ എന്നും അറിയപ്പെടുന്ന സാബൂർ ഈശോ. രണ്ടാമത്തെയാൾ മാർ പ്രോത്ത് അല്ലെങ്കിൽ ആഫ്രോത്ത് ആയിരുന്നു. ഇരട്ട സഹോദരങ്ങളായിരുന്നെന്ന് പറയപ്പെടുന്ന ഇവർ കേരളക്രൈസ്തവരുടെ വംശസ്മൃതിയിൽ പിൽക്കാലത്ത് പ്രാധാന്യത്തോടെ ഇടംനേടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ കന്തീശങ്ങൾ എന്നു വിളിക്കപ്പെട്ട ഇവർക്ക് കേരളത്തിലെ പല ക്രൈസ്തവദേവാലയങ്ങളും സമർപ്പിക്കപ്പെട്ടു. എന്നാൽ 1599-ലെ ഉദയമ്പേരൂർ സൂനഹദോസ്, ഇവരെ നെസ്തോറിയൻ പാഷണ്ഡികളായി ശപിക്കുകയും ഇവരുടെ പേരിൽ അറിയപ്പെട്ടിരുന്ന ദേവാലയങ്ങളെ സർവവിശുദ്ധരുടേയും ദേവാലയങ്ങളായി പുനർ സമർപ്പിക്കുകയും ചെയ്തു.
മാർ സബർ ഈശോ, മാർ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു് കരുതപ്പെടുന്നു.കൊല്ലം തരീസാ പള്ളി, കായംകുളം കാദീശാ പള്ളി തുടങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചത് ഇവരാണ് എന്നു കരുതപ്പെടുന്നു. മാർ സബർ കൊല്ലം കേന്ദ്രമാക്കിയും മാർ അഫ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തനം ആരംഭിച്ചു. സഭയുടെ പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇവരുടെ സഭാ ഭരണം. മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു.അങ്കമാലിയിലെ അകപ്പറമ്പ് എന്ന സ്ഥലത്ത് മാർ സബറിന്റെ ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്. കടമറ്റത്ത് കത്തനാർ മാർ സബോറിൽ നിന്നാൺ വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം .

ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ കേരളത്തിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയി. കാദീശങ്ങൾ അഥവ കന്തീശങ്ങൾ‌ (സുറിയാനിയിൽ പുണ്യവാളന്മാർ ) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി.അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, അഫ്രോത്ത് എന്നീ വിശുദ്ധന്മാരുടെ പേരിലായിരുന്നു.

സബറിന്റെയും അഫ്രോത്തിന്റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകൾ ഇല്ല. അവർ കേരളം മുഴുവനും വിശുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുകയും ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധന്മാർ എന്നറിയപ്പെടുകയും ചെയ്തു. മാർ സാബോർ തെക്കൻ ദേശത്തും(കൊല്ലം ) മാർ അഫ്രോത് ഉദയംപേരൂർ എന്നി സ്ഥലങ്ങളിലും വച്ച് കാലം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു .

🌻അകപറമ്പ് വലിയ പള്ളിയുടെ സവിശേഷതകൾ

അകപറമ്പ് വലിയ പള്ളിയുടെ മദ്ബഹായുടെ പുറം ഭിത്തിയിൽ കൊത്തിവെച്ചിട്ടുള്ള പ്രാചീന ശിക്ഷാനടപടികളുടെ ശില്പങ്ങൾ അനേകം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

മദ്ബഹായുടെ മൂന്ന് ചുവരുകളിലും പ്രകൃതിദത്തമായ പച്ചിലകൂട്ടുകൾ കൊണ്ട് വരച്ച ചുവർ ചിത്രങ്ങൾ കൗതുകമുണർത്തുന്നതാണ്.

ഏദൻതോട്ടം മുതൽ കർത്താവിന്റെ സ്വർഗ്ഗാരോഹണം വരെയും ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണം, മേൽപ്പട്ടക്കാരുടെ കബറടക്കം തുടങ്ങിയ അനിർവചനീയമായ വർണ്ണ പ്രപഞ്ചം കാണുന്നതിനും പഠിക്കുവാനുമായിട്ട് വിശ്വാസികളും ചരിത്ര വിദ്യാർത്ഥികളും ഇവിടെ വരാറുണ്ട്.

ആലങ്ങാട്ട് രാജാവ് പള്ളിക്ക് വഴിപാടായി വച്ച 72 അറിയിപ്പുകാർ എന്ന രീതിയിൽ 72 തിരികൾ ഇട്ട് കത്തിക്കാവുന്നതും മനോഹരവുമായ വിളക്ക് കൊല്ലവർഷം 53ൽ നിർമ്മിച്ചതായിട്ട് രേഖപ്പെടുത്തിയിരിക്കുന്നു.

പള്ളിയുടെ പ്രധാന ത്രോണോസ് മോർ ശാബോർ മോർ അഫ്രോത് പിതാക്കന്മാരുടെയും ദൈവമാതാവിന്റെ നാമത്തിലും ഇതര ത്രോണോസുകൾ മോർ തോമാ ശ്ലീഹായുടെയും മോർ യുഹാനോൻ മാംദാനയുടെയും നാമത്തിലാണ് സ്ഥാപിച്ചത്.

പരിശുദ്ധനായ പൗലോസ് മാർ അത്താനാസിയോസ്, അമ്പാട്ട് ഗീവർഗീസ് മോർ കൂറീലോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ്, വലിയപറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഇടവകപള്ളി കൂടിയാണിത്.

മലങ്കര സന്ദർശിച്ചിട്ടുള്ള എല്ലാ പാത്രിയർക്കീസ് ബാവമാരും ഈ പള്ളി സന്ദർശിച്ചിട്ടുണ്ട്.

🌻തിരുന്നാൾ

പ്രസിദ്ധമായ ഈ ദേവാലയത്തിൽ പതിനായിരങ്ങൾക്ക് ഒത്ത് ചേരുന്ന വലിയ ഉത്സവമാണ് ഇവിടുത്തെ വൃശ്ചികം19 പെരുന്നാൾ. ഇത് തമുക്ക് പെരുന്നാൾ എന്നും അറിയപ്പെടുന്നു പ്രാർത്ഥനഗാനങ്ങളാൽ ദൈവത്തെ സ്തുതിച്ചും തിരുവചനം കേട്ട് മാനസാന്തരപ്പെട്ടും വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് വിശുദ്ധ കുർബാന അനുഭവിച്ചും ശുദ്ധീകരണം പ്രാപിച്ചും കാദീശങ്ങളുടെ നല്ല മാതൃക അനുകരിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള സുവർണാവസരമാണ് 9 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ദിനങ്ങൾ.

🌻സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ

ചരിത്ര പ്രസിദ്ധവും, പുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ മോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിലാണ് ആഘോഷിക്കുന്നത് കർത്താവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെത്തി ജറുസലേമിലെ ദൈവാലയത്തിൽ സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് വർഷം തോറും സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്.

തലേന്നാൾ സന്ധ്യാപ്രാർഥന, തുടർന്ന് പഞ്ചസാര മണ്ട തയ്യാറാക്കുന്നതിന്റെ പ്രധാന ഘട്ടം. പിറ്റേന്ന് പ്രഭാത പ്രാർത്ഥന. സമർപ്പണ ശുശ്രൂഷ,സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം,ആശീർവാദം, നേർച്ച എന്നിവയാണ് പെരുന്നാളിലെ പ്രധാന കർമ പരിപാടികൾ

🌻പഞ്ചാര മണ്ട നേർച്ച

പഞ്ചസാര മണ്ട എന്ന വിശിഷ്ട നേർച്ചയാണ് അകപ്പറമ്പ് പള്ളിയിലെ സ്ലീബാ പെരുന്നാളിന്റെ പ്രത്യേകത. രണ്ടാഴ്ച നീളുന്ന ക്ലേശകരമായ ദൗത്യത്തിലൂടെയാണ് നേർച്ചയ്ക്കാവശ്യമായ മണ്ട തയ്യാറാക്കുന്നത്. പെരുന്നാൾ തലേന്ന് രാത്രി തേങ്ങ, ശർക്കര, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ പ്രത്യേക അനുപാതത്തിലും, താപത്തിലും മിശ്രിതമാക്കി പഞ്ചസാര മണ്ട തയ്യാറാക്കുന്നത് ഉത്സവാന്തരീക്ഷത്തിലാണ്.

പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിൽ സ്ലീബാപെരുന്നാളിനു വിളമ്പുന്ന നേർച്ച വിഭവമാണ് പഞ്ചാരമണ്ട. പേരിൽ പഞ്ചസാര എന്നാണെങ്കിലും ഏറിയ പങ്കും ശർക്കരയാണ് ഇതിലെ പ്രധാന മധുരചേരുവ. അരി, ശർക്കര, പഞ്ചസാര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ചപ്പാത്തിയുടെ വലിപ്പത്തിലും പപ്പടത്തിന്റെ കനത്തിലുമാണ് ഇതുണ്ടാക്കിയെടുക്കുന്നത്.

തയ്യാറാക്കുന്ന വിധം:-
അധികം പശയില്ലാത്ത അരി കുതിർത്തു വറത്തു പൊടിച്ചെടുക്കുന്നു. പിന്നീട് നന്നായി തിളച്ച വെള്ളം ഒഴിച്ച് (ചൂടാറാതെ) കുഴച്ചെടുക്കണം. ഇങ്ങനെ കുഴച്ചെടുക്കുന്ന മാവ് ചെറിയ ഉരുളകളാക്കിയെടുത്ത ശേഷം പലകയിൽ വച്ച് പരത്തിയെടുക്കുന്നു. അടുപ്പിൽ ചട്ടി കമിഴ്ത്തി വെച്ച് (സാധരണ ചട്ടി ഉപയോഗിക്കുന്നതിനു വിപരീതമായി) അതിന്റെ അടിയിൽ തീ കത്തിച്ച് ചട്ടിയുടെ മുകളിൽ അപ്പം മറിച്ചും തിരിച്ചുമിട്ടാണ് വേവിക്കുന്നത്. ഇത്തരത്തിൽ വേവിച്ചെടുക്കുന്ന അപ്പം തണുക്കാതെ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നു.
നേർച്ച നൽകുന്നതിന്റെ തലേദിവസം ഈ മണ്ടയെല്ലാം വലിയ പാത്രങ്ങളിലിട്ട് പൊടിച്ചെടുക്കും. ചുരണ്ടിയ തേങ്ങ കാറ്റത്തു വച്ച് വെള്ളം വലിയിച്ച ശേഷം മണ്ടയിൽ ചേർത്തിളക്കി കുതിരാനായി വെക്കുന്നു. പിന്നീട് ഇതിലേക്കു ഉരുക്കിയ ശർക്കര നൂൽപാകത്തിൽ ചേർത്ത് കുറച്ചു പഞ്ചസാരയും ഏലക്കാ പൊടിച്ചതും ചേർത്തിളക്കി മണ്ട തയ്യാറാക്കുന്നു.

ചരിത്ര പ്രസിദ്ധവും പുണ്യപുരാതനമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളി സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കാൻ ദൈവം വായനക്കാരെ അനുഗ്രഹിക്കട്ടെ.

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments