ദില്ലി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പുരുഷടീം ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം ജയം തേടിയിറങ്ങുകയാണ്. എന്നാല്‍ പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജുസാംസണുമായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരായി എത്തുകയെന്നാണ് പ്രതീക്ഷ. റണ്ണൊഴുകുന്ന പിച്ചാണ് ദില്ലിയിലേത്. പതിവ് പോലെ സഞ്ജുവിന്റെയും സൂര്യകുമാര്‍ യാദവിന്റെയുമൊക്കെ വെടിക്കെട്ട് ബാറ്റിങ് ആണ് ആരാധാകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 29 റണ്‍സുമായി നില്‍ക്കവെ ഇയര്‍ത്തിയടിച്ച് ക്യാച്ച് നല്‍കി പുറത്തായിരുന്നു. തന്ത്രപരമായി ഓരോ ബോളര്‍മാരെയും നേരിടുന്ന താരത്തിന്റെ പക്വത തിരികെ എത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജു ശ്രദ്ധിച്ച് തന്നെയായിരിക്കും ബാറ്റ് വീശുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമനായി ആയിരിക്കും ഈ മത്സരത്തിലും ഇറങ്ങുകയെങ്കില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും ആരാധാകരെ നിരാശപ്പെടുത്താന്‍ സാധ്യതയില്ല.
ബോളിങില്‍ അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും വാഷിംഗണ്‍ സുന്ദറും ടീമിലെത്തുമെന്നുറപ്പ്. ഇന്ത്യ ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് ടി20യില്‍ ബംഗ്ലാദേശിന് ജയിക്കാനായത് ഒറ്റക്കളിയില്‍ മാത്രമായിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.